കൊച്ചി: കേരളത്തിന്റെ അഭിമാനമായ കൊച്ചി വാട്ടര്‍ മെട്രോ ഇനി ഇന്ത്യയുടെ നെറുകയിലേക്ക്. റെയില്‍ മെട്രോയുടെ കാര്യത്തില്‍ ഡല്‍ഹി മെട്രോ റെയില്‍ കോര്പ്പറേഷന് (ഡിഎംആര്‍സി) കൈവരിച്ചതിന് സമാനമായ വളര്‍ച്ച ഇനി കൊച്ചി വാട്ടര്‍ മെട്രോ ലിമിറ്റഡിനും സാധ്യമാകുമെന്ന് ഉറപ്പായി. കൊച്ചി മെട്രോയുടെ എം.ഡി. ലോക്നാഥ് ബെഹ്റയുടെ ദീര്‍ഘവീക്ഷണത്തോടെയുള്ള വൈവിധ്യവല്‍ക്കരണ പദ്ധതികള്‍ വന്‍ വിജയത്തിലേക്ക് നീങ്ങുന്നതിന്റെ സൂചനയാണിത്. രാജ്യത്തെ 18 പ്രധാന നഗരങ്ങളില്‍ വാട്ടര്‍ മെട്രോ വ്യാപിപ്പിക്കാനുള്ള കേന്ദ്ര ഷിപ്പിംഗ് മന്ത്രാലയത്തിന്റെ കരട് മാര്‍ഗരേഖ കൊച്ചിക്ക് വലിയ പ്രതീക്ഷകളാണ് നല്‍കുന്നത്.
ലോക്നാഥ് ബെഹ്റ മെട്രോയുടെ തലപ്പത്തെത്തിയ ശേഷം കൊണ്ടുവന്ന വൈവിധ്യവല്‍ക്കരണമാണ് കൊച്ചി വാട്ടര്‍ മെട്രോയെ ആഗോളതലത്തില്‍ ശ്രദ്ധേയമാക്കിയത്. കേവലം ഒരു ഗതാഗത സംവിധാനമെന്നതിനപ്പുറം സുസ്ഥിരവും ആധുനികവുമായ രീതിയില്‍ ജലഗതാഗതത്തെ ഉടച്ചുവാര്‍ക്കാന്‍ അദ്ദേഹത്തിന് സാധിച്ചു. ഇതിന്റെ ഏറ്റവും പുതിയ തെളിവാണ് മുംബൈയിലെ വാട്ടര്‍ മെട്രോയ്ക്കായുള്ള ഡിപിആര്‍ (വിശദമായ പദ്ധതി രേഖ) തയ്യാറാക്കാനുള്ള കരാര്‍ കൊച്ചി വാട്ടര്‍ മെട്രോ ലിമിറ്റഡ് സ്വന്തമാക്കിയത്. കടുത്ത മത്സരത്തിനൊടുവിലാണ് രാജ്യത്തെ സാമ്പത്തിക തലസ്ഥാനത്തെ മെട്രോ പദ്ധതിയുടെ കണ്‍സള്‍ട്ടന്‍സി കൊച്ചി നേടിയെടുത്തത്.
കേന്ദ്ര ബജറ്റില്‍ പ്രഖ്യാപിച്ച സുസ്ഥിര ഗതാഗത പദ്ധതിയുടെ ഭാഗമായി 9200 കോടി രൂപയാണ് ഷിപ്പിംഗ് മന്ത്രാലയം വാട്ടര്‍ മെട്രോകള്‍ക്കായി ആലോചിക്കുന്നത്. 2036 വരെയുള്ള ഈ പദ്ധതിയില്‍ ബോട്ടുകളുടെ രൂപകല്‍പ്പനയും നിര്‍മ്മാണവും പൂര്‍ണ്ണമായും തദ്ദേശീയമായിരിക്കണം എന്നതാണ് പ്രത്യേകത. ഉള്‍നാടന്‍ ജലഗതാഗത വകുപ്പിന് വേണ്ടി രാജ്യത്തെ 18 നഗരങ്ങളില്‍ കൊച്ചി മെട്രോ ഇതിനോടകം തന്നെ സാധ്യതാ പഠനം പൂര്‍ത്തിയാക്കിയിരുന്നു. ഓരോ പദ്ധതിക്കും 800 മുതല്‍ 1300 കോടി രൂപ വരെയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.
രാജ്യത്ത് ആദ്യമായി വാട്ടര്‍ മെട്രോ വിജയകരമായി നടപ്പാക്കിയ അനുഭവസമ്പത്തുള്ള മറ്റൊരു ഏജന്‍സിയും നിലവില്‍ ഇന്ത്യയിലില്ല. അതുകൊണ്ടുതന്നെ വരാനിരിക്കുന്ന പുതിയ പദ്ധതികളില്‍ കൊച്ചി വാട്ടര്‍ മെട്രോ ലിമിറ്റഡിന് മുഖ്യ ഉപദേശകസ്ഥാനം ലഭിക്കും. ഇത് കേരളത്തിന്റെ സാങ്കേതിക മികവിനുള്ള അംഗീകാരം കൂടിയാണ്. ലോക്നാഥ് ബെഹ്റയുടെ നേതൃത്വത്തില്‍ കൊച്ചി മെട്രോ കൈവരിച്ച ഈ നേട്ടം വരും വര്‍ഷങ്ങളില്‍ ആയിരക്കണക്കിന് കോടി രൂപയുടെ വരുമാനം സംസ്ഥാനത്തേക്ക് എത്തിക്കാന്‍ സഹായിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


പ്രധാനമന്ത്രിയുമായി കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ കൂടിക്കാഴ്ച നടത്തി; നിമിഷപ്രിയയുടെ മോചനത്തിന് കേന്ദ്രത്തിന്റെ ഇടപെടൽ തേടി





