വട്ടിയൂര്‍ക്കാവിലില്ല! ഡല്‍ഹി യാത്രയും ഉപേക്ഷിച്ചു; നിയമസഭയിലേക്കില്ലെന്ന് ആര്‍. ശ്രീലേഖ; ബി.ജെ.പിയില്‍ ചര്‍ച്ചകള്‍ സജീവം

തിരുവനന്തപുരം: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥി പട്ടികയില്‍ നിന്ന് മുന്‍ ഡി.ജി.പിയും ശാസ്തമംഗലം വാര്‍ഡ് കൗണ്‍സിലറുമായ ആര്‍. ശ്രീലേഖ പുറത്തേക്ക്. താന്‍ നിയമസഭയിലേക്ക് മത്സരിക്കാനില്ലെന്ന് ശ്രീലേഖ തന്നെ വ്യക്തമാക്കിയതോടെ മണ്ഡലം പിടിക്കാന്‍ ബി.ജെ.പി കണ്ടുവെച്ച ‘സെലിബ്രിറ്റി’ കാര്‍ഡ് നഷ്ടമായിരിക്കുകയാണ്. കൗണ്‍സിലര്‍മാരുടെ ഡല്‍ഹി യാത്രയില്‍ നിന്ന് ശ്രീലേഖ വിട്ടുനിന്നതും വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്ന് പിന്മാറിയതും പാര്‍ട്ടിക്കുള്ളില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിതുറന്നു.

തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ചരിത്രവിജയം നേടിയ ബി.ജെ.പി കൗണ്‍സിലര്‍മാര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിരുന്നില്‍ പങ്കെടുക്കാന്‍ കേരള എക്‌സ്പ്രസില്‍ ഡല്‍ഹിയിലേക്ക് തിരിച്ചപ്പോള്‍ ശ്രീലേഖ വിട്ടുനിന്നു. വിമാനത്തില്‍ ഡല്‍ഹിയിലെത്താന്‍ സൗകര്യമൊരുക്കാമെന്ന് പാര്‍ട്ടി അറിയിച്ചിട്ടും അവര്‍ അത് നിരസിക്കുകയായിരുന്നു. ഈ സാഹചര്യത്തിലാണ് വട്ടിയൂര്‍ക്കാവില്‍ അവരെ മത്സരിപ്പിക്കേണ്ടെന്ന തീരുമാനത്തിലേക്ക് നേതൃത്വം എത്തിയത്. ഇതിന് പിന്നാലെ ഫെയ്സ്ബുക്ക് വീഡിയോയിലൂടെ തന്റെ നിലപാട് ശ്രീലേഖ വ്യക്തമാക്കി:

ഒരു വ്യക്തി, ഒരു തിരഞ്ഞെടുപ്പ്: ‘ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്’ എന്ന നയത്തിന്റെ ഭാഗമായി, ഒരിക്കല്‍ തിരഞ്ഞെടുപ്പില്‍ ജയിച്ചാല്‍ അഞ്ചുവര്‍ഷത്തേക്ക് മറ്റൊരു മത്സരത്തിനില്ലെന്ന ആദര്‍ശമാണ് അവര്‍ മുന്നോട്ടുവെക്കുന്നത്. തിരഞ്ഞെടുപ്പ് ഭയങ്കര ചിലവുള്ള കാര്യമാണെന്നും അത് വഹിക്കാനുള്ള കഴിവ് തനിക്കില്ലെന്നും പാര്‍ട്ടിയെക്കൊണ്ട് അത് വഹിപ്പിക്കാന്‍ താല്പര്യമില്ലെന്നും ശ്രീലേഖ പറഞ്ഞു. താന്‍ ഡല്‍ഹി യാത്രയില്‍ നിന്ന് മാറിയത് പ്രതിഷേധത്തിന്റെ ഭാഗമല്ലെന്നും വ്യക്തിപരമായ കാരണങ്ങളാലാണെന്നും ശ്രീലേഖ വിശദീകരിച്ചു. 94 വയസ്സുള്ള അമ്മയുടെ പരിപാലനം, വീട്ടിലെ പാചകം, മറ്റ് ജോലികള്‍ എന്നിവയ്ക്കിടയില്‍ അഞ്ചുദിവസം മാറിനില്‍ക്കാന്‍ പ്രയാസമാണെന്നാണ് അവരുടെ നിലപാട്. എന്നാല്‍ മേയര്‍ സ്ഥാനത്തേക്ക് തന്നെ പരിഗണിക്കാത്തതിലുള്ള നീരസമാണ് ഈ പിന്മാറ്റത്തിന് പിന്നിലെന്ന അഭ്യൂഹം രാഷ്ട്രീയ വൃത്തങ്ങളില്‍ ശക്തമാണ്.

ശാസ്തമംഗലം വാര്‍ഡ് കൗണ്‍സിലര്‍ എന്ന നിലയില്‍ എം.എല്‍.എ വി.കെ. പ്രശാന്തുമായി ശ്രീലേഖ നേരത്തെ കൊമ്പുകോര്‍ത്തത് വട്ടിയൂര്‍ക്കാവിലെ തിരഞ്ഞെടുപ്പ് പോരാട്ടത്തിന് ആവേശം കൂട്ടിയിരുന്നു. വാര്‍ഡ് ഓഫീസിനായി മുറി ഒഴിയണമെന്ന് ആവശ്യപ്പെട്ടുള്ള തര്‍ക്കം ശ്രീലേഖയെ സ്ഥാനാര്‍ത്ഥിയാക്കാനുള്ള ബി.ജെ.പി നീക്കത്തിന്റെ തുടക്കമായിട്ടാണ് വിലയിരുത്തപ്പെട്ടത്. എന്നാല്‍ ഇപ്പോള്‍ ശ്രീലേഖ പിന്മാറിയതോടെ വട്ടിയൂര്‍ക്കാവില്‍ വി.കെ. പ്രശാന്തിനെ നേരിടാന്‍ ശക്തനായ മറ്റൊരു സ്ഥാനാര്‍ത്ഥിയെ ബിജെപി കണ്ടെത്തും. ഡല്‍ഹിയില്‍ നിന്നും സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കുമെന്നും സൂചനയുണ്ട്.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.