ചെന്നൈ : വിജയ് നായകനാകുന്ന ചിത്രം ‘ജനനായകന്’ നിയമപോരാട്ടങ്ങള്‍ക്കൊടുവില്‍ വിട്ടുവീഴ്ചകളോടെ തിയേറ്ററുകളിലേക്ക്. സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശിച്ച മാറ്റങ്ങള്‍ അംഗീകരിച്ച് ഫെബ്രുവരി 20-ന് ചിത്രം പ്രദര്‍ശനത്തിനെത്തിക്കാന്‍ നിര്‍മ്മാതാക്കളായ കെ.വി.എന്‍. പ്രൊഡക്ഷന്‍സ് തയ്യാറെടുക്കുന്നതായാണ് വിവരം.
സിനിമയ്ക്ക് പ്രദര്‍ശനാനുമതി നല്‍കുന്നത് പുനഃപരിശോധനാ സമിതിക്ക് വിട്ട സെന്‍സര്‍ ബോര്‍ഡ് ചെയര്‍മാന്റെ നടപടിക്കെതിരെ നിര്‍മ്മാതാക്കള്‍ കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍, നിയമനടപടികള്‍ നീണ്ടുപോകുന്നത് സിനിമയുടെ റിലീസിനെ ബാധിക്കുമെന്നതിനാല്‍ സെന്‍സര്‍ ബോര്‍ഡിന്റെ നിര്‍ദേശങ്ങള്‍ പാലിച്ച് മുന്നോട്ട് പോകാനാണ് ഇപ്പോഴത്തെ തീരുമാനം.
തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്‍പ് ചിത്രം തിയേറ്ററുകളില്‍ എത്തിക്കുക എന്നത് തമിഴക വെട്രി കഴകം (TVK) എന്ന രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ച വിജയിയെ സംബന്ധിച്ച് നിര്‍ണ്ണായകമാണ്.
ഫെബ്രുവരി അവസാനത്തോടെ തിരഞ്ഞെടുപ്പ് പ്രഖ്യാപനം ഉണ്ടായേക്കുമെന്നതിനാല്‍, ഫെബ്രുവരി 20-ന് തന്നെ ചിത്രം പുറത്തിറക്കാനാണ് ശ്രമം. വിജയിയുടെ അവസാന സിനിമയാകുമെന്ന് കരുതപ്പെടുന്ന ‘ജനനായകന്’ ഒരു രാഷ്ട്രീയ ത്രില്ലറാണെന്നത് രാഷ്ട്രീയ വൃത്തങ്ങളിലും വലിയ ചര്‍ച്ചയാണ്.
സിനിമയിലെ വിവാദ ഭാഗങ്ങള്‍ വെട്ടിമാറ്റി 20 മിനിറ്റോളം ദൈര്‍ഘ്യം കുറച്ചാണ് വീണ്ടും സമര്‍പ്പിക്കുന്നത് എന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാല്‍ സിനിമയുമായി അടുത്ത വൃത്തങ്ങള്‍ ഇത് പൂര്‍ണ്ണമായും ശരിവെച്ചിട്ടില്ല. സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശിച്ച ഭേഗതികള്‍ വരുത്തി ചിത്രം സെന്‍സറിംഗിന് സമര്‍പ്പിച്ചിരിക്കുകയാണ്.
പൊങ്കല്‍ റിലീസായി നിശ്ചയിച്ചിരുന്നെങ്കിലും സെന്‍സര്‍ ബോര്‍ഡ് അനുമതി നിഷേധിച്ചതോടെ റിലീസ് മുടങ്ങി.സിംഗിള്‍ ബെഞ്ച് യു/എ സര്‍ട്ടിഫിക്കറ്റോടെ അനുമതി നല്‍കിയെങ്കിലും ഡിവിഷന് ബെഞ്ച് അത് സ്റ്റേ ചെയ്തു. സുപ്രീം കോടതിയില്‍ നിന്നും നിര്‍മ്മാതാക്കള്‍ക്ക് ആശ്വാസം ലഭിച്ചിരുന്നില്ല.


ഹിറ്റ് ജോഡികളായ മോഹന്‍ലാലും മീര ജാസ്മിനും 13 വര്‍ഷത്തിന് ശേഷംവീണ്ടും ഒന്നിക്കുന്നു; തരുണ്‍ മൂര്‍ത്തിയുടെ പുതിയ ചിത്രത്തില്‍ ലാലേട്ടന് പോലീസ് ഓഫീസര്‍
വാര്‍ത്താ ചാനലുകളില്‍ റേറ്റിങ് പോരാട്ടം; ഒന്നാമനായി ഏഷ്യാനെറ്റ് ന്യൂസ്, റിപ്പോര്‍ട്ടറിന് പോയിന്റ് നഷ്ടം; 24 ന്യൂസിനും നല്ല കാലമല്ല; ബിഗ് ടിവി വരുമ്പോള്‍ എന്തും സംഭവിക്കാം





