കൊച്ചി: കേരള രാഷ്ട്രീയത്തില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ ഉള്‍പ്പെട്ട വിവാദങ്ങള്‍ കൊഴുക്കുമ്പോള്‍ ഡല്‍ഹിയില്‍ നിന്നും വരുന്നത് രാഹുലിന് ആശ്വാസമേകുന്ന അതിനിര്‍ണ്ണായക വിധി. ഗര്‍ഭച്ഛിദ്രം സംബന്ധിച്ച നിയമക്കുരുക്കുകള്‍ വേട്ടയാടിയില്ലെങ്കില്‍, വിവാഹവാഗ്ദാനം നല്കി പീഡിപ്പിച്ചുവെന്ന കേസുകളില്‍ നിന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ സുരക്ഷിതനായേക്കും.
വിവാഹിതയായ ഒരു സ്ത്രീക്ക് നിയമപരമായി വിവാഹബന്ധം നിലനില്‍ക്കെ മറ്റൊരു വിവാഹവാഗ്ദാനം വിശ്വസിച്ചു എന്നത് യുക്തിക്ക് നിരക്കാത്തതാണെന്നും, അത്തരം സാഹചര്യങ്ങളില്‍ പീഡനക്കേസ് നിലനില്‍ക്കില്ലെന്നുമാണ് സുപ്രീംകോടതിയുടെ സുപ്രധാന വിധി. ഉഭയസമ്മതപ്രകാരമുള്ള ബന്ധങ്ങള്‍ വഷളാകുമ്പോള്‍ അതിന് ക്രിമിനല്‍ സ്വഭാവം നല്കി നിയമസംവിധാനത്തെ ദുരുപയോഗം ചെയ്യുന്ന പ്രവണതയ്ക്കെതിരെയാണ് കോടതി ആഞ്ഞടിച്ചത്.
2026 ഫെബ്രുവരി 5-ന് ജസ്റ്റിസുമാരായ ബി.വി. നാഗരത്ന, ഉജ്ജല്‍ ഭുയാന്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ഈ വിധി പുറപ്പെടുവിച്ചത്. ഛത്തീസ്ഗഢിലെ ബിലാസ്പൂരില്‍ നിന്നുള്ള ഒരു കേസ് റദ്ദാക്കിക്കൊണ്ടായിരുന്നു കോടതിയുടെ ഈ നിരീക്ഷണം. പരാതിക്കാരിയും പ്രതിയും അഭിഭാഷകരായ കേസില്‍, 33 വയസ്സുള്ള വിവാഹിതയായ സ്ത്രീ ഭര്‍ത്താവുമായി വിവാഹമോചന കേസ് നടക്കുമ്പോഴാണ് മറ്റൊരു ബന്ധത്തില്‍ ഏര്‍പ്പെടുന്നത്.
നിയമപരമായി വിവാഹബന്ധം വേര്‍പെടുത്താത്ത ഒരാള്‍ക്ക് മറ്റൊരു വിവാഹവാഗ്ദാനം നല്‍കുന്നത് നിയമപരമായി നിലനില്‍ക്കില്ലെന്നും, അത്തരമൊരു വാഗ്ദാനം വിശ്വസിച്ചു എന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്നും കോടതി വ്യക്തമാക്കി. നിയമത്തെക്കുറിച്ച് ധാരണയുള്ള ഒരാള്‍ ഇത്തരമൊരു വാഗ്ദാനത്തില്‍ വഞ്ചിതയായി എന്ന് വിശ്വസിക്കാന്‍ പ്രയാസമാണെന്നും കോടതി പറഞ്ഞു.
തകരുന്ന പ്രണയബന്ധങ്ങളെ ബലാത്സംഗം എന്ന് വിളിച്ച് ക്രിമിനല്‍ കേസുകളാക്കി മാറ്റുന്നത് ആശങ്കാജനകമായ പ്രവണതയാണെന്ന് കോടതി ഓര്‍മ്മിപ്പിച്ചു. വ്യക്തിപരമായ വൈരാഗ്യം തീര്‍ക്കാന്‍ ഭരണകൂടത്തെയും നിയമസംവിധാനത്തെയും വലിച്ചിഴയ്ക്കരുത്. ഐ.പി.സി സെക്ഷന്‍ 376(2)(ി) പ്രകാരമുള്ള കേസുകള്‍ കൈകാര്യം ചെയ്യുമ്പോള്‍ കോടതികള്‍ അതീവ ജാഗ്രത പാലിക്കണം.
യഥാര്‍ത്ഥ പീഡനക്കേസുകളും ഉഭയസമ്മതപ്രകാരമുള്ള ബന്ധം തകരുമ്പോള്‍ ഉണ്ടാകുന്ന പരാതികളും തമ്മില്‍ കൃത്യമായ വേര്‍തിരിവ് വേണമെന്നും വിധിയില്‍ പറയുന്നു. കേരളത്തിലെ രാഹുല്‍ മാങ്കൂട്ടത്തില്‍ കേസിലടക്കം ഈ വിധി വലിയ സ്വാധീനം ചെലുത്തും. വിവാഹബന്ധം നിലനില്‍ക്കെ നല്കുന്ന പരാതികളിലെ നിയമസാധുത കോടതി ഇല്ലാതാക്കിയതോടെ പല പ്രമുഖരും ഉള്‍പ്പെട്ട പീഡനക്കേസുകള്‍ ഇനി ആവിയായേക്കും.


കേരള ഹൈക്കോടതിക്ക് ആദ്യ അഡീഷണൽ സോളിസിറ്റർ ജനറൽ; അഡ്വ. പി. ശ്രീകുമാർ നിയമിതനായി
വെള്ളാപ്പള്ളിക്ക് പിണറായി പ്രേമം; ത്ദ്ദേശത്തിലെ കോണ്‍ഗ്രസ് നേട്ടം കണ്ട തുഷാറിന് ആഗ്രഹം അടൂര്‍ പ്രകാശിന്റെ യുഡിഎഫ് വഴി; ബിജെപിയ്ക്കൊപ്പവും നേതാക്കള്‍; ബി.ഡി.ജെ.എസ് പിളര്‍പ്പിലേക്ക്? മൂന്ന് തട്ടില്‍ നില്ക്കുന്ന പാര്‍ട്ടിയെ വലയിലാക്കാന്‍ മുന്നണികള്‍ സജീവം





