അച്ഛനും മകളും അച്ഛനും കൗണ്‍സിലറായി…. അമ്മയുടെ ഉന്നത പദവിയില്‍! പാര്‍ട്ടിക്ക് വേണ്ടി അടിയും കൊണ്ട് വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തനങ്ങള്‍ക്കിടയിലും രണ്ട് അനുജന്മാരേയും അതേ വഴിയില്‍ നയിച്ച ചേട്ടന്‍; സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പദവി മോഹിച്ചാലും അതിന് അര്‍ഹതയുള്ള വിവി വിനോദ്; വഞ്ചിയൂര്‍ ബാബുവിന്റെ ‘അര്‍ഹത’യില്ലാ പോസ്റ്റില്‍ ഞെട്ടി സഖാക്കളും

തിരുവനന്തപുരം: അച്ഛന് ശേഷം മകള്‍ കൗണ്‍സിലറായ നാടാണ് കേരളം. മകള്‍ മാറിയപ്പോള്‍ അച്ഛനും. ഈ വീട്ടിലെ അമ്മയ്ക്കും ഉണ്ട് സ്‌റ്റേറ്റ് കാര്‍. അര്‍ഹതയില്‍ നേടിയെടുത്തതാണ് ഇതെല്ലാം. ഇതിനിടെയാണ് വഞ്ചിയൂരില്‍ രക്തസാക്ഷി വിഷ്ണുവിന്റെ ഫണ്ട് തട്ടിപ്പ് വിവാദം ഉണ്ടാകുന്നത്. രക്തസാക്ഷി ഫണ്ട് തട്ടിയ വിവാദം രണ്ടു വര്‍ഷം മുമ്പ് ഉണ്ടായി. അന്ന് വഞ്ചിയൂര്‍ മേഖലയില്‍ ചുമതലയുണ്ടായ രവീന്ദ്രന്‍ നായര്‍ക്കെതിരെ നടപടികളും വന്നു. പക്ഷേ ഇപ്പോള്‍ ഇതേ വ്യക്തി സിഐടിയുവിന്റെ ജില്ലാ സെക്രട്ടറിയായി. ഇതോടെയാണ് വിവി വിനോദ് എന്ന വിനോദ് ആരോപണവുമായി എത്തിയത്. ഇതിനെ പരിഹസിച്ചാണ് വഞ്ചിയൂര്‍ ബാബു പോസ്റ്റിട്ടത്.

സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ആകാന്‍ നല്ല ശ്രമംനടത്തി. അതിന് വേണ്ടി പാര്‍ട്ടി നേതാവ് കൂടിയായ വിദ്യാഭ്യാസ മന്ത്രിയെ സമീപിച്ചു. അര്‍ഹതയില്ലാത്തവനെ സഹായിക്കാന്‍ കഴിയില്ലായെന്ന ഉറച്ച നിലപാട് സ്വീകരിച്ച ശ്രീ. വി.ശിവന്‍കുട്ടിയ്‌ക്കെതിരെ കുറച്ചു നാളായി അമര്‍ഷവുമായി നടക്കുകയായിരുന്നു വിനോദ്-ഇതാണ് വഞ്ചിയൂര്‍ ബാബുവിന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റ്. പിന്നെ എന്തിനാണ് മൂന്ന് കൊല്ലം മുമ്പ് രവീന്ദ്രന്‍ നായര്‍ക്കെതിരെ സിപിഎം നടപടി എടുത്തതെന്ന് ആര്‍ക്കും മനസ്സിലാകുന്നുമില്ല. പാളയം ഏര്യാ സെക്രട്ടറി സ്ഥാനം രാജിവച്ച് മേയറാകാന്‍ വഞ്ചിയൂരില്‍ കൗണ്‍സിലറായി മത്സരിച്ച നേതാവാണ് വഞ്ചിയൂര്‍ ബാബു. ബാബുവിന്റെ മകളായിരുന്നു അതിന് മുമ്പ് കൗണ്‍സിലര്‍. അതിന് മുമ്പ് വഞ്ചിയൂര്‍ ബാബുവും. പല അര്‍ഹതപ്പെട്ടവരും വഞ്ചിയൂരിലുണ്ട്. അതൊന്നും കാണാതെ മൂന്ന് തവണ കൗണ്‍സിലര്‍ സ്ഥാനം വഞ്ചിയൂര്‍ ബാബുവിന്റെ കുടുംബത്തിനു കിട്ടി. വഞ്ചിയൂര്‍ ബാബുവിന്റെ ഭാര്യ പി എസ് ശ്രീലകയും സര്‍ക്കാര്‍ പദവിയിലുണ്ട്. ഈ ബാബുവാണ് വിനോദിനെ പരിഹസിക്കുന്നത്.

അര്‍ഹതയില്ലാത്തവനെ സഹായിക്കാന്‍ കഴിയില്ലായെന്ന ഉറച്ച നിലപാട് സ്വീകരിച്ച ശ്രീ. വി.ശിവന്‍കുട്ടിയ്‌ക്കെതിരെ കുറച്ചു നാളായി അമര്‍ഷവുമായി നടക്കുകയായിരുന്നു വിനോദ്- ബാബുവിന്റെ ഈ പരാമര്‍ശത്തെ സഖാക്കള്‍ പോലും കോമഡിയായാണ് കാണുന്നത്. എസ് എഫ് ഐ എന്ന പ്രസ്ഥാനത്തെ വളര്‍ത്തി വലുതാക്കാന്‍ ഒരു പാട് അടിയും ഇടിയും കൊണ്ട വ്യക്തിയാണ് വിനോദ്. സംഘടനാ പ്രവര്‍ത്തനത്തിനായി എംജി കോളേജില്‍ എത്തിയ വിനോദിനെ പഠനകാലത്ത് എതിര്‍ വിദ്യാര്‍ത്ഥി സംഘടന നോട്ടമിട്ടതും എല്ലാവര്‍ക്കും അറിയാം. കരാട്ടെയുമായി മുമ്പോട്ട് പോയ വിനോദിനെ തേടി അന്താരാഷ്ട്ര അംഗീകാരങ്ങള്‍ അടക്കം തേടിയെത്തി. ഇതിനൊപ്പമാണ് അനജുന്മാരായ വിവി വിമലിനേയും വിവി വിഷ്ണുവിനേയും വിപ്ലവ വഴിയില്‍ നയിച്ചത്. എല്ലാം കൊണ്ടു സിപിഎം കുടുംബം. ഇപ്പോഴും വിമല്‍ സിപിഎം ഏ്‌ര്യാ കമ്മറ്റി അംഗമാണ്. വിഷ്ണുവിനെ ക്രൂരമായി കൊന്നു. അങ്ങനെ ആ കുടുംബത്തിന് നഷ്ടമായത് ഒരു ജീവനാണ്. ആ കുടുംബത്തിലെ അംഗമാണ് വിനോദ്. അങ്ങനെ സിപിഎമ്മിന് വേണ്ടി വലിയ നഷ്ടം സഹിച്ചവരെ അര്‍ഹതയില്ലാത്തവനായി വിലയിരുത്തുന്നുവെന്നതാണ് കോമഡി.

സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അധ്യക്ഷ പദവി ആഗ്രഹിച്ചാല്‍ പോലും എല്ലാ അര്‍ഹതയുമുള്ള വ്യക്തിയാണ് വിനോദ്. കരാട്ടെ താരമെന്ന നിലയില്‍ ഇന്ത്യയെ അടക്കം പ്രതിനിധീകരിച്ചു. ഇന്ത്യന്‍ കോച്ചുമായി. അങ്ങനെ അര്‍ഹതയുള്ള വ്യക്തിയെ വഞ്ചിയൂര്‍ ബാബു പരിഹസിക്കുന്നത് സഖാക്കളേയും ഞെട്ടിപ്പിക്കുകയാണ്. പാസ്പോര്‍ട്ട് ഓഫീസിന് മുന്നില്‍ വെട്ടേറ്റുവീഴുമ്പോള്‍ വിഷ്ണു വെറുമൊരു പേരായിരുന്നില്ല, തിരുവനന്തപുരം സിപിഎമ്മിന്റെ എരിഞ്ഞമരാത്ത കനലായിരുന്നു. എന്നാല്‍ വര്‍ഷങ്ങള്‍ക്കിപ്പുറം ആ രക്തസാക്ഷിയുടെ ചേട്ടന്‍ പാര്‍ട്ടിക്ക് മുന്നില്‍ കണ്ണീരോടെ നില്‍ക്കുമ്പോള്‍, പ്രതിരോധിക്കാന്‍ പുതിയ തിരക്കഥയൊരുക്കുകയാണ് സിപിഎം നേതൃത്വം. രക്തസാക്ഷി ഫണ്ട് തട്ടിപ്പ് ആരോപിച്ച വിഷ്ണുവിന്റെ സഹോദരന്‍ വി.വി. വിനോദിനെ ബിജെപി ബന്ധം ആരോപിച്ച് ഒറ്റപ്പെടുത്താനും, മറ്റൊരു സഹോദരനെ മുന്നില്‍ നിര്‍ത്തി കുടുംബം പാര്‍ട്ടിക്കൊപ്പമാണെന്ന് വരുത്താനുമാണ് അണിയറ നീക്കം. രക്തസാക്ഷി ഫണ്ടിലെ തിരിമറിക്കെതിരെ ശബ്ദമുയര്‍ത്തിയ വിഷ്ണുവിന്റെ സഹോദരന്‍ വി.വി. വിനോദിനെതിരെ കൃത്യമായ രാഷ്ട്രീയ പ്രചാരണമാണ് സിപിഎം സൈബര്‍ ഇടങ്ങളില്‍ തുടങ്ങിയിരിക്കുന്നത്. വിനോദ് ബിജെപി നേതാവ് വി.വി. രാജേഷുമായി നില്‍ക്കുന്ന ചിത്രങ്ങള്‍ വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്നു. വിനോദിന്റെ ആരോപണങ്ങള്‍ക്ക് പിന്നില്‍ ബിജെപി ബന്ധമാണെന്നും, പാര്‍ട്ടി വിരുദ്ധ വികാരമല്ലെന്നും വരുത്തിത്തീര്‍ക്കുകയാണ് ലക്ഷ്യം. വിനോദിന് മാത്രമാണ് പ്രശ്നമെന്നും, അത് രാഷ്ട്രീയ പ്രേരിതമാണെന്നും അണികളെ ബോധ്യപ്പെടുത്താന്‍ ഇതിലൂടെ സാധിക്കുമെന്ന് നേതൃത്വം കണക്കുകൂട്ടുന്നു.

വിഷ്ണുവിന്റെ കുടുംബം ഒന്നാകെ പാര്‍ട്ടിയെ തള്ളിപ്പറഞ്ഞു എന്ന വാര്‍ത്ത പരക്കാതിരിക്കാന്‍ സിപിഎം കണ്ടുപിടിച്ച മാര്‍ഗമാണ് വിഷ്ണുവിന്റെ മറ്റൊരു സഹോദരനായ വി.വി. വിമല്‍. വഞ്ചിയൂര്‍ ഏര്യാ കമ്മിറ്റി അംഗമായ വിമലിനെ മുന്നില്‍ നിര്‍ത്തി, കുടുംബം ഇപ്പോഴും സിപിഎമ്മിനൊപ്പമാണെന്ന് സ്ഥാപിക്കാനാണ് ശ്രമം. ‘വിഷ്ണുവിന്റെ ഒരു ചേട്ടന്‍ പോയാല്‍ മറ്റേ ചേട്ടന്‍ പാര്‍ട്ടിക്കൊപ്പമുണ്ട്’ എന്ന സന്ദേശം നല്‍കി, വിനോദിന്റെ ആരോപണങ്ങളുടെ മുനയൊടിക്കാനാണ് നീക്കം. ഇതാണ് ബാബുവിന്റെ പോസ്റ്റിലുമുള്ളത്.

വഞ്ചിയൂര്‍ ബാബുവിന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റ് 

2008 ഏപ്രില്‍ 1 നാണ്
സ:വിഷ്ണു രക്തസാക്ഷിയാകുന്നത്. RSS ക്രിമിനലുകളാണ് വിഷ്ണുവിനെ കൊലപ്പെടുത്തിയത്.
ബാലസംഘം, SFI പ്രവര്‍ത്തനത്തിലൂടെ വന്ന്, DYFI യുടെ പ്രവര്‍ത്തനരംഗത്ത് സജീവമായിരിക്കുമ്പോഴാണ്, സഖാവ് വിഷ്ണു കൊല്ലപ്പെടുന്നത്. പട്ടാപകല്‍ കൈതമുക്ക് പാസ്‌പ്പോര്‍ട്ട് ആഫീന് മുന്നിലിട്ട് RSS സംഘം വെട്ടികൊലപ്പെടുത്തുകയായിരുന്നു. കൊലയാളികള്‍ മുഖം മറച്ച്, ഹെല്‍മറ്റ് ധരിച്ച് ബൈക്കുകളിലെത്തി ഭീകരാന്തരീക്ഷം
സൃഷ്ടിച്ച് ജനങ്ങളെയാകെ ഓടിച്ചിട്ടാണ് വിഷ്ണുവിനെ വെട്ടി വീഴ്ത്തിയത്.
ഒന്നോ രണ്ടോ പേര്‍ക്ക് നേരിട്ട് കീഴ്‌പ്പെടുത്താന്‍
കഴിയാത്ത ഒരാളാണ് വിഷ്ണു. അതറിഞ്ഞു കൊണ്ടാണ് കൂടുതല്‍ അക്രമികള്‍ ഒരുമിച്ചുവന്നത്. എല്ലാവരുടെ കയ്യിലും മാരകായുധങ്ങള്‍ കരുതിയിരുന്നു. പെട്ടന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ആ നാടുമുഴുവന്‍ ദുഃഖത്തിലാണ്ടു. പകരംവയ്ക്കാന്‍ കഴിയാത്ത ആളായിരുന്നു വിഷ്ണു. എല്ലാവര്‍ക്കും പ്രിയപ്പെട്ടവന്‍.
വിഷ്ണുവിന്റെ പ്രവര്‍ത്തന ഫലമായി പ്രദേശത്തെ ചെറുപ്പക്കാരല്ലാം DYFI യില്‍ അണിചേര്‍ന്നു. Rssല്‍ ഉണ്ടായിരുന്ന ചെറുപ്പക്കാര്‍ നിരവധിപേര്‍ DYFI യില്‍ ചേരുന്നസ്ഥിതിയുണ്ടായി.
ഇതില്‍ വിറളി പൂണ്ട RSS , വിഷ്ണുവിനെ വകവരുത്തിയാലെ രക്ഷയുള്ളൂ എന്ന് മനസ്സിലാക്കിയാണ് വിഷ്ണുവിനെ കൊലപ്പെടുത്തിയത്.
ഇതിനെത്തുടര്‍ന്ന്, പ്രധാന പ്രതിയില്‍ ഒരാളും കൊല്ലപ്പെട്ടു. CPI (M) ലെ നിരപരാധികളായ കുറെ പേരെ പോലീസ് പ്രതിചേര്‍ത്ത് കേസെടുത്ത് ജയിലിലടച്ചു.
രക്തസാക്ഷി വിഷ്ണുവിന്റെ കുടുംബത്തിനെ സഹായിക്കാനും കേസ് നടത്തിപ്പിനുമായി ഫണ്ട് ശേഖരിക്കാന്‍ പാര്‍ട്ടി ഏര്യാ കമ്മിറ്റി തീരുമാനിച്ചു . അതനുസരിച്ച് കുടുംബസഹായ ഫണ്ട് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കുടുംബത്തെ ഏല്‍പ്പിച്ചു.
കേസ് നടത്തിപ്പിന്റെ ഫണ്ട് പാര്‍ട്ടി LC സെക്രട്ടറി ആയിരുന്ന രവീന്ദ്രന്‍നായരുടെ ചുമതലയില്‍
ബാങ്കില്‍ നിക്ഷേപിച്ചു. കേസ് നടത്തിപ്പിനും അതുമായി ബന്ധപ്പെട്ട ആവശ്യങ്ങള്‍ക്കുമായി പണം ചെലവഴിച്ചു
വിഷ്ണുവിന്റെ കൊലപാതകത്തെ തുടര്‍ന്നുണ്ടായ RSS കാരന്റെ മരണം.. പിന്നെ പോലീസിന്റെ ഭീകരവാഴ്ച… കിട്ടിയവരെയെല്ലാം പ്രതി ചേര്‍ക്കുകയും ക്രൂരമായ മര്‍ദ്ദനവും… വല്ലാത്തൊരൊന്ത രീക്ഷമായിരുന്നു ആ പ്രദേശത്ത് കുറെക്കാലം. ഇതെല്ലാം നേരില്‍ അനുഭവിക്കുകയും ജനങ്ങളുടെ ഭീതി ഒഴിവാക്കാന്‍ വിവിധ പ്രശ്‌നങ്ങളില്‍ ഇടപെടുകയും ചെയ്ത നിരവധി പാര്‍ട്ടി സഖാക്കളില്‍ ഒരാള്‍ എന്ന നിലയില്‍ കൂടിയാണ് ഞാനിത് പറയുന്നത്.
പ്രസ്തുത പ്രശ്‌നങ്ങള്‍ വിവാദമാക്കി, പാര്‍ട്ടിയെ ശത്രുക്കളുടെ മുമ്പില്‍ തേജോവധം ചെയ്തു കാണിച്ചാല്‍ എന്തോ നേടാമെന്ന ഉറപ്പിന്മേലാണ് ഈ പുകിലെന്ന് സാധാരണ ആര്‍ക്കും മനസ്സിലാകുന്നതാണ്. ബാക്കി കാത്തിരുന്നു കാണാം.
സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ആകാന്‍ നല്ല ശ്രമംനടത്തി. അതിന് വേണ്ടി
പാര്‍ട്ടി നേതാവ് കൂടിയായ വിദ്യാഭ്യാസ മന്ത്രിയെ
സമീപിച്ചു. അര്‍ഹതയില്ലാത്തവനെ സഹായിക്കാന്‍
കഴിയില്ലായെന്ന ഉറച്ച നിലപാട് സ്വീകരിച്ച ശ്രീ.
വി.ശിവന്‍കുട്ടിയ്‌ക്കെതിരെ കുറച്ചു നാളായി അമര്‍ഷവുമായി നടക്കുകയായിരുന്നു വിനോദ്.
ഇക്കാര്യമറിഞ്ഞ BJPകാര്‍ വിവി വിനോദിനെ വിലയ്‌ക്കെടുത്തു. അതാണിപ്പോള്‍ കാണുന്നത്. ശത്രുക്കള്‍ക്കുപോലും ഒരു കുറ്റവും കണ്ടു പിടിക്കാന്‍ കഴിയാതിരുന്ന മന്ത്രിക്കെതിരെ ആരോപണമുന്നയിച്ച് അപമാനിക്കാന്‍ കഴിയുമോന്ന് നോക്കിയാണ് വിനോദിനെ അവര്‍ നല്ല വില പറഞ്ഞ് എടുത്തിരിക്കുന്നത്. ഈ കോടാലിക്കൈ വിചാരിച്ചാല്‍ അദ്ദേഹത്തിനെ പോറല്‍ പോലും ഏല്‍പ്പിക്കാന്‍ കഴിയില്ല.
ഇത്തരം ആളുകള്‍ പാര്‍ട്ടിയെ നന്നാക്കാന്‍ എന്ന വ്യാജേന വര്‍ഗ ശത്രുക്കളുമായി ചേര്‍ന്ന് പാര്‍ട്ടിയെ തകര്‍ക്കാന്‍ നോക്കുകയാണ്. പാര്‍ട്ടി സഖാവിന്റെ രക്തസാക്ഷിത്വം വിറ്റ് ജീവിക്കുന്നവരൊക്കെ മാധ്യമങ്ങളുടെ കൂടി സഹായത്തോടെ പാര്‍ട്ടിയെ കുറ്റപ്പെടുത്തുന്നത് ജനം അവജ്ഞയോടെ തള്ളിക്കളയും.
ഏറെ പ്രധാനപ്പെട്ടതും വഞ്ചനാപരവുമായ കാര്യം, തന്റെ സഹോദരനെ കൊലപ്പെടുത്തിയ ആര്‍ എസ് എസിനോട് ചേര്‍ന്ന് നില്‍ക്കുകയാണ് വിനോദ് എന്നതാണ്. പാര്‍ടി അംഗവും സ്വന്തം സഹോദരനും കൂടിയായ വിഷ്ണുവിനെ നിര്‍ധാഷണ്യം കൊലപ്പെടുത്തിയ കൊലയാളികളെ കെട്ടിപ്പിടിക്കാനും സന്ധി ചെയ്യാനും കഴിഞ്ഞു എന്നത് വിഷ്ണുവിനെ സ്‌നേഹക്കുന്നവരെ അത്ഭുതപ്പെടുത്തുകയാണ്.ഇയാളുടെ ആത്മവഞ്ചനയ്ക്കും കുടുംബത്തോട് തന്നെ കാണിക്കുന്ന ദ്രോഹത്തിനും ഇതുതന്നെയാണ് തെളിവ്.വിഷ്ണുവിന് വേണ്ടി ജീവന്‍ പണയം
വച്ച് നില്‍ക്കുന്ന കുറെ സഖാക്കള്‍ ഇപ്പോഴും
കൈതമുക്കിലുണ്ട്. അവര്‍ക്കെന്തെങ്കിലും
അപകടം സംഭവിച്ചാല്‍ വിനോദ് ശത്രുക്കളുമായി ചേര്‍ന്ന് ആര്‍ത്തുല്ലസിക്കുമായിരിക്കും.
വിനോദിന്റെ തടി കണ്ടിട്ടല്ല ശത്രുക്കള്‍
കൂടെച്ചേര്‍ത്തത് എന്ന് ധരിക്കണ്ട.
#pinarayivijayan_cm
#sivankuttyminister
#sivankutty
#pinarayigovernment

വഞ്ചിയൂരിലെ ആ ‘മൂന്ന് നക്ഷത്രങ്ങള്‍’

പഴയ കളക്ടറേറ്റിന് മുന്നിലെ സാധാരണ വീട്ടില്‍ നിന്ന് എസ്.എം.വി സ്‌കൂളിലേക്ക് നടന്നുകയറിയ മൂന്ന് സഹോദരങ്ങള്‍ ഒരുകാലത്ത് വഞ്ചിയൂരിലെ എസ്എഫ്ഐയുടെ ആവേശമായിരുന്നു. മൂത്തവന്‍ വിനോദും, രണ്ടാമന്‍ വിമലും സ്‌കൂള്‍ ചെയര്‍മാന്മാരായപ്പോള്‍, ഇളയവന്‍ വിഷ്ണു തോല്‍വിയിലും തളരാതെ മുദ്രാവാക്യം വിളിച്ചു. ഒടുവില്‍, 2008 ഏപ്രില്‍ ഒന്നിന് എതിരാളികളുടെ കത്തിമുനയില്‍ വിഷ്ണുവിന്റെ ജീവന്‍ പൊലിഞ്ഞപ്പോള്‍ അത് തിരുവനന്തപുരത്തെ ചെമ്പടയ്ക്ക് വലിയൊരു ആഘാതമായി. ആ വിഷ്ണുവിന്റെ കുടുംബമാണ് ഇന്ന് നീതിക്കായി തെരുവിലിറങ്ങേണ്ടി വന്നിരിക്കുന്നത് എന്നത് പാര്‍ട്ടിക്കുള്ളിലെ അമര്‍ഷത്തിന് കാരണമായിട്ടുണ്ട്.

വിഷ്ണുവിന്റെ കുടുംബത്തെ സഹായിക്കാന്‍ പിരിച്ച 10 ലക്ഷം രൂപയില്‍ പാതിയും അന്ന് ലോക്കല്‍ സെക്രട്ടറിയായിരുന്ന ടി. രവീന്ദ്രന്‍ തട്ടിയെടുത്തു എന്നാണ് വിനോദിന്റെ വെളിപ്പെടുത്തല്‍. ‘അമ്മയുടെ അക്കൗണ്ടില്‍ 5 ലക്ഷം ഇട്ടു. ബാക്കി പാര്‍ട്ടി ഹോള്‍ഡ് ചെയ്തുവെന്നാണ് പറഞ്ഞത്. എന്നാല്‍ ആ പണം രവീന്ദ്രന്‍ എടുത്തു. ഇതിന്റെ പേരില്‍ തരംതാഴ്ത്തപ്പെട്ടയാളെ ഇപ്പോള്‍ സിഐടിയു ജില്ലാ സെക്രട്ടറിയാക്കിയത് മന്ത്രി വി. ശിവന്‍കുട്ടിയുടെ ഇടപെടലിലൂടെയാണ്. കള്ളന്മാര്‍ക്ക് സ്ഥാനമാനങ്ങള്‍ നല്‍കുന്നത് ഉള്‍ക്കൊള്ളാനാവില്ല,’ – വിനോദ് പറയുന്നു.

പയ്യോളിയിലെ സഖാവ് കുഞ്ഞികൃഷ്ണനെ സിപിഎമ്മില്‍ നിന്ന് അകറ്റിയത് ധനരാജ് രക്തസാക്ഷി ഫണ്ട് തട്ടിപ്പായിരുന്നെങ്കില്‍, തലസ്ഥാനത്ത് വിഷ്ണുവിന്റെ കുടുംബത്തെ നോവിപ്പിക്കുന്നത് ഈ 5 ലക്ഷത്തിന്റെ കണക്കില്ലാത്ത കളികളാണ്. ടി.പി ചന്ദ്രശേഖരന് സംഭവിച്ചത് കുഞ്ഞികൃഷ്ണന് സംഭവിക്കാതിരിക്കട്ടെ എന്ന ആശങ്ക സോഷ്യല്‍ മീഡിയയില്‍ ഉയരുമ്പോഴും, രക്തസാക്ഷിയുടെ സഹോദരനെ ‘സംഘി’ മുദ്രകുത്തി നിശബ്ദനാക്കാനുള്ള തിരക്കഥ തിരുവനന്തപുരത്ത് അരങ്ങേറുകയാണ്. എന്നാല്‍ ആരോപണമെല്ലാം സിപിഎം നിഷേധിക്കുകയാണ്.

https://www.facebook.com/pbabu.cpm/posts/pfbid0w3vtwt9UBP4HrEbmbQxF46hTkEqtGPppfcwdHzvCZwi21W6o2AEewWh94gJRUSDQl

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.