സമാധാന ശ്രമങ്ങള്‍ക്കിടെ യുക്രൈനില്‍ ട്രെയിനിന് നേരെ റഷ്യയുടെ ഡ്രോണ്‍ ആക്രമണം! യാത്രക്കാര്‍ക്കിടയിലേക്ക് ഡ്രോണ്‍ പതിച്ചു; അഞ്ചിലധികം പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍

കീവ് : യുക്രൈനിലെ ഖാര്‍കീവില്‍ 200-ലേറെ യാത്രക്കാരുമായി പോയ പാസഞ്ചര്‍ ട്രെയിനിന് നേരെ റഷ്യയുടെ ഭീകരമായ ഡ്രോണ്‍ ആക്രമണം. ഖാര്‍കീവിലെ യാസികോവിന് സമീപം നടന്ന ഈ ആക്രമണത്തില്‍ അഞ്ചുപേര്‍ കൊല്ലപ്പെട്ടതായാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

റഷ്യന്‍ ഡ്രോണ്‍ പതിച്ചതിനെത്തുടര്‍ന്ന് ട്രെയിനിലെ കോച്ചുകളില്‍ ഒന്ന് പൂര്‍ണ്ണമായും കത്തിയമര്‍ന്നു. അഗ്‌നിരക്ഷാസേനയെത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. 200-ലധികം യാത്രക്കാര്‍ ട്രെയിനിലുണ്ടായിരുന്നതിനാല്‍ മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്.

സംഭവസ്ഥലത്തുനിന്ന് കണ്ടെടുത്ത അഞ്ചു മൃതദേഹങ്ങള്‍ പൂര്‍ണ്ണമായും കത്തിക്കരിഞ്ഞ നിലയിലായിരുന്നു. ഇവരെ തിരിച്ചറിയുന്നതിനായി ഡിഎന്‍എ (DNA) പരിശോധന നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു. പരിക്കേറ്റ മറ്റ് യാത്രക്കാരെ സമീപത്തെ ആശുപത്രികളിലേക്ക് മാറ്റിയിട്ടുണ്ട്.

റഷ്യന്‍ ആക്രമണത്തെ യുക്രൈന്‍ പ്രസിഡന്റ് വൊളോദിമിര്‍ സെലെന്‍സ്‌കി അതിശക്തമായി അപലപിച്ചു. സാധാരണക്കാരെ ലക്ഷ്യം വെച്ചുള്ള ഈ നീക്കം വ്യക്തമായ ഒരു ഭീകരാക്രമണമാണെന്ന് അദ്ദേഹം പറഞ്ഞു. ഇത്തരം ക്രൂരതകള്‍ക്ക് റഷ്യ അന്താരാഷ്ട്ര സമൂഹത്തിന് മുന്നില്‍ മറുപടി പറയേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.