പെപ്‌സിസികോയുടെ തലപ്പത്തേക്ക് സവിത ബാലചന്ദ്രന്‍ ; ഇന്ദ്ര നൂയിക്ക് ശേഷം വിസ്മയം സൃഷ്ടിക്കാന്‍ മറ്റൊരു ഇന്ത്യന്‍ വനിത, ആഗോള കോര്‍പ്പറേറ്റ് ഭീമന്‍ പെപ്‌സികോയുടെ വിപണന തന്ത്രങ്ങള്‍ മെനയുന്നത് ഇനി തമിഴ്‌നാട്ടുകാരി

ആഗോള ഭീമനായ പെപ്സികോയുടെ ഇന്ത്യ, ദക്ഷിണേഷ്യ വിഭാഗങ്ങളുടെ പുതിയ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസറായി ഇന്ത്യന്‍ പ്രൊഫഷണല്‍ സവിത ബാലചന്ദ്രന്‍ ചുമതലയേറ്റു. തമിഴ്നാട് സ്വദേശിനിയായ സവിതയുടെ നിയമനം കോര്‍പ്പറേറ്റ് ലോകം വലിയ ആവേശത്തോടെയാണ് നോക്കിക്കാണുന്നത്.ടാറ്റ ഗ്രൂപ്പിലെ ദീര്‍ഘകാല അനുഭവസമ്പത്തിന്റെ പിന്‍ബലവുമായാണ് പെപ്സികോയുടെ പുതിയ സാമ്പത്തിക തന്ത്രങ്ങള്‍ മെനയാന്‍ സവിത എത്തുന്നത്.

ഒരു സാധാരണ തമിഴ് കുടുംബത്തില്‍ ജനിച്ചു വളര്‍ന്ന സാമ്പത്തിക ശാസ്ത്രത്തിലും മാനേജ്മെന്റിലും കഴിവ് തെളിയിച്ച വ്യക്തിത്വമാണ്. കേവലം ഒരു ധനകാര്യ വിദഗ്ധ എന്നതിലുപരി മികച്ചൊരു സ്ട്രാറ്റജിസ്റ്റ് കൂടിയാണ്. തന്റെ പുതിയ നിയോഗത്തെപ്പറ്റി സവിത ലിങ്ക്ഡ ്ഇന്‍ വഴി പ്രതികരിച്ചത്, ‘പ്രൊഫഷണല്‍ ജീവിതത്തിലെ ഏറ്റവും ആവേശകരമായ ഒരു പുതിയ അധ്യായം’ എന്നാണ്.

സവിത ബാലചന്ദ്രന്‍ എന്ന പ്രൊഫഷണലിനെ രൂപപ്പെടുത്തിയെടുത്തത് ഇന്ത്യയുടെ അഭിമാനമായ ടാറ്റ ഗ്രൂപ്പാണ്. ഏകദേശം 23 വര്‍ഷത്തോളം അവര്‍ ടാറ്റയുടെ വിവിധ കമ്പനികളില്‍ സേവനമനുഷ്ഠിച്ചു. ടാറ്റാമോട്ടേ്‌സില്‍ ഒരു ജൂനിയര്‍ തസ്തികയില്‍ നിന്ന് കരിയര്‍ ആരംഭിച്ച സവിത പിന്നീട് സ്വന്തം കഴിവില്‍ മുതിര്‍ന്ന നേതൃത്വത്തിലേക്ക് വളര്‍ന്നു. ടാറ്റ മോട്ടോഴ്സിന്റെ സാമ്പത്തിക കാര്യങ്ങളിലും കമ്പനിയുടെ വിവിധ വികസന പദ്ധതികള്‍ക്ക് സാമ്പത്തിക രൂപരേഖ തയ്യാറാക്കുന്നതിലും അവര്‍ മുഖ്യപങ്ക് വഹിച്ചു.

പെപ്സികോയില്‍ എത്തുന്നതിന് മുമ്പ് അഞ്ച് വര്‍ഷത്തിലേറെ ടാറ്റ ടെക്നോളജീസിന്റെ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസറായിരുന്നു സവിത. ടാറ്റ ടെക്നോളജീസിന്റെ ഐ.പി.ഒ ഉള്‍പ്പെടെയുള്ള നിര്‍ണ്ണായക ഘട്ടങ്ങളില്‍ സവിതയുടെ തീരുമാനങ്ങള്‍ കമ്പനിക്ക് മുതല്‍ക്കൂട്ടായി.

പെപ്സികോ ഇന്ത്യ, ദക്ഷിണേഷ്യ വിഭാഗങ്ങളുടെ വൈസ് പ്രസിഡന്റും സി.എഫ്.ഒയുമായിരുന്ന കൗശിക് മിത്രയുടെ പിന്‍ഗാമിയായാണ് സവിതയുടെ നിയമനം. 24 വര്‍ഷത്തിലേറെ പെപ്സികോയില്‍ സേവനമനുഷ്ഠിച്ച ശേഷമാണ് മിത്ര പടിയിറങ്ങുന്നത്. പെപ്സികോയെ ദക്ഷിണേഷ്യന്‍ മേഖലയില്‍ ഒരു സുശക്തമായ സാമ്പത്തിക ശക്തിയായി നിലനിര്‍ത്തുന്നതില്‍ മിത്ര വഹിച്ച പങ്ക് വളരെ വലുതാണ്. അദ്ദേഹത്തിന്റെ പിന്‍ഗാമിയായാണ് സവിതയെ പെപ്‌സികോ നിയമിച്ചിരിക്കുന്നത്. ടാറ്റ മോട്ടോഴ്‌സിലെ പ്രവൃത്തി പരിചയം സവിതയ്ക്ക് മുതല്‍ക്കൂട്ടാകും.

ഇന്ത്യയും ദക്ഷിണേഷ്യയും പെപ്സികോയുടെ ആഗോള വിപണിയില്‍ അതിവേഗം വളരുന്ന മേഖലകളാണ്. ഇവിടങ്ങളിലെ മാര്‍ക്കറ്റിംഗ് തന്ത്രങ്ങളില്‍ സവിതയ്ക്ക് മുഖ്യപങ്കുണ്ടാകും. കമ്പനിയുടെ ഓഹരി മൂല്യം വര്‍ദ്ധിപ്പിക്കുന്നതിനും നിക്ഷേപകര്‍ക്ക് മികച്ച ലാഭം ഉറപ്പാക്കുന്നതിനുമുള്ള പദ്ധതികള്‍ നടപ്പിലാക്കേണ്ടി വരും. നേരത്തെ ഇന്ദ്ര നൂയിയെപ്പോലുള്ളവര്‍ പെപ്സികോയുടെ സി.ഇ.ഒ പദവിയില്‍ ഇരുന്ന് വിപ്ലവകരമായ മാറ്റങ്ങള്‍ കൊണ്ടുവന്നിരുന്നു. സവിതയും പദവിയില്‍ വിജയിക്കുമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ കണക്കുകൂട്ടുന്നത്.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.