പോലീസിന് നാണക്കേടായി 47 സെക്കന്‍ഡ് വീഡിയോ; ഡി.ജി.പി ക്യാബിനില്‍ യുവതികള്‍ക്കൊപ്പം ചുംബനരംഗങ്ങളുടെ വീഡിയോ പുറത്ത്; രാമചന്ദ്ര റാവുവുനെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് മുഖ്യമന്ത്രി

കര്‍ണാടക പോലീസിനെയാകെ നാണക്കേടിലാഴ്ത്തി മുതിര്‍ന്ന ഐ.പി.എസ് ഉദ്യോഗസ്ഥന്റെ അശ്ലീല ദൃശ്യങ്ങള്‍ പുറത്തായി. സിവില്‍ റൈറ്റ്സ് എന്‍ഫോഴ്സ്മെന്റ് ഡി.ജി.പിയായ ആര്‍. രാമചന്ദ്ര റാവുവാണ് ഓഫീസ് മുറിയില്‍ യുവതികളുമായി മോശമായി പെരുമാറുന്ന ദൃശ്യങ്ങള്‍ പ്രചരിച്ചതിനെത്തുടര്‍ന്ന് കുടുങ്ങിയത്.

യൂണിഫോമില്‍ തന്റെ ഔദ്യോഗിക ക്യാബിനിലിരിക്കെ വിവിധ സമയങ്ങളില്‍ എത്തിയ യുവതികളെ ചുംബിക്കുന്നതും കെട്ടിപ്പിടിക്കുന്നതുമായ ദൃശ്യങ്ങളാണ് പുറത്തുവന്നത്. പല ദൃശ്യങ്ങള്‍ കൂട്ടിച്ചേര്‍ത്തുള്ള 47 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോയാണ് ഓണ്‍ലൈനില്‍ പ്രചരിക്കുന്നത്. ഓഫീസിനുള്ളില്‍ വെച്ച് തന്നെ ചിത്രീകരിച്ചതാണ് ഈ ദൃശ്യങ്ങള്‍ എന്നതും പോലീസിനെ ഞെട്ടിച്ചിട്ടുണ്ട്.

സംഭവം വിവാദമായതോടെ മുഖ്യമന്ത്രി സിദ്ധരാമയ്യ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടു. ഉന്നത തസ്തികയിലിരിക്കുന്ന ഒരാളില്‍ നിന്ന് ഉണ്ടാകാന്‍ പാടില്ലാത്ത പ്രവൃത്തിയാണിതെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം, തന്നെ കാണാനെത്തിയ രാമചന്ദ്ര റാവുവിനെ കാണാന്‍ ആഭ്യന്തര മന്ത്രി ജി. പരമേശ്വര തയ്യാറായില്ല.വീഡിയോ കെട്ടിച്ചമച്ചതാണെന്നാണ് രാമചന്ദ്ര റാവുവിന്റെ വാദം. ദൃശ്യങ്ങള്‍ കണ്ട് താന്‍ ഞെട്ടിപ്പോയെന്നും തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ പരാതി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. 1993 ബാച്ച് ഐ.പി.എസ് ഉദ്യോഗസ്ഥനായ അദ്ദേഹം ഈ വരുന്ന മേയ് മാസത്തില്‍ വിരമിക്കാനിരിക്കെയാണ് വിവാദത്തില്‍ പെട്ടിരിക്കുന്നത്.ഇതാദ്യമായല്ല രാമചന്ദ്ര റാവു വിവാദങ്ങളില്‍ പെടുന്നത്.

കഴിഞ്ഞ വര്‍ഷം അദ്ദേഹത്തിന്റെ വളര്‍ത്തുമകള്‍ രന്യ റാവു സ്വര്‍ണ്ണക്കടത്ത് കേസില്‍ ഡി.ആര്‍.ഐ പിടിയിലായിരുന്നു.വിമാനത്താവള പരിശോധനയില്‍ മകളെ സഹായിച്ചുവെന്ന ആരോപണത്തെത്തുടര്‍ന്ന് റാവുവിനെ സര്‍ക്കാര്‍ നിര്‍ബന്ധിത അവധിയില്‍ പ്രവേശിപ്പിച്ചിരുന്നു. സര്‍വീസില്‍ തിരിച്ചെത്തി അധികം വൈകാതെയാണ് പുതിയ കേസ്.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.