തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ സ്വന്തം തട്ടകമായ പറവൂരില്‍ വീഴ്ത്താന്‍ സി.പി.എം അണിയറയില്‍ ഒരുക്കുന്നത് വന്‍ നീക്കങ്ങള്‍. മുഖ്യമന്ത്രി പിണറായി വിജയനെ നിരന്തരം കടന്നാക്രമിക്കുന്ന സതീശനെ ഇത്തവണ സഭയ്ക്ക് പുറത്തിരുത്തുക എന്നത് സി.പി.എമ്മിന്റെ അഭിമാന പ്രശ്നമാണ്. കഴിഞ്ഞ തവണ പിണറായിയുടെ കടുത്ത വിമര്‍ശകരായിരുന്ന അനില്‍ അക്കരയെയും വി.ടി. ബല്‍റാമിനെയും തോല്‍പ്പിച്ച അതേ തന്ത്രം സതീശന്റെ കാര്യത്തിലും ആവര്‍ത്തിക്കാനാണ് നീക്കം.
പറവൂരിലെ നിര്‍ണ്ണായകമായ ഈഴവ-നായര്‍ വോട്ടുകളെ സ്വാധീനിക്കാന്‍ എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായരും എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും കൈകോര്‍ക്കുന്നത് പിണറായി വിജയന്റെ അജണ്ടയ്ക്ക് കരുത്തേകുന്നു. സതീശന്റെ ‘സോഷ്യല്‍ എന്‍ജിനീയറിങ്’ പാളിയെന്ന് രഹസ്യമായി വിശ്വസിക്കുന്ന സമുദായ നേതാക്കള്‍, മുഖ്യമന്ത്രിയുമായി ഇപ്പോള്‍ പുലര്‍ത്തുന്ന അടുപ്പം പറവൂരിലെ വോട്ടുപെട്ടിയില്‍ പ്രതിഫലിക്കുമെന്നാണ് ഇടതുപക്ഷത്തിന്റെ കണക്കുകൂട്ടല്‍. രമേശ് ചെന്നിത്തലയടക്കമുള്ള മറ്റ് കോണ്‍ഗ്രസ് നേതാക്കളെ പ്രശംസിച്ച് സതീശനെ മാത്രം ഒറ്റപ്പെടുത്തുന്ന രീതിയാണ് സമുദായ നേതാക്കള്‍ സ്വീകരിക്കുന്നത്.
നിലവില്‍ സി.പി.ഐ മത്സരിക്കുന്ന പറവൂര്‍ മണ്ഡലം ഇത്തവണ സി.പി.എം ഏറ്റെടുക്കാന്‍ നീക്കം സജീവമാണ്. സതീശനെപ്പോലൊരു കരുത്തനെ നേരിടാന്‍ സി.പി.ഐയുടെ സംഘടനാ സംവിധാനം പോരെന്ന വിലയിരുത്തലിലാണ് ഇത്. സി.പി.ഐ വിട്ടുനല്കിയില്ലെങ്കില് മണ്ഡലത്തില്‍ സ്വീകാര്യനായ ഒരു ‘പൊതു സ്വതന്ത്രനെ’ നിര്‍ത്തി സതീശനെ പൂട്ടാനാണ് ആലോചന. 2001 മുതല്‍ സതീശനെ മാത്രം തുണയ്ക്കുന്ന പറവൂരിന്റെ മനസ്സ് മാറ്റാന്‍ സര്‍ക്കാരിന്റെ വികസന നേട്ടങ്ങള്‍ക്കൊപ്പം സാമുദായിക ധ്രുവീകരണവും ആയുധമാക്കും.
യു.ഡി.എഫ് അധികാരത്തില്‍ വന്നാല്‍ സതീശന് മുഖ്യമന്ത്രിയാകുന്നത് തടയാന്‍ പാര്‍ട്ടിയിലെ തന്നെ ഒരു വിഭാഗം ശ്രമിക്കുന്നുണ്ടെന്ന സൂചനകള്‍ സമുദായ നേതാക്കള്‍ക്ക് ഊര്‍ജ്ജം നല്കുന്നു. സതീശനെതിരെ സമുദായ നേതാക്കള്‍ ആഞ്ഞടിക്കുമ്പോഴും കോണ്‍ഗ്രസിലെ പ്രമുഖര്‍ മൗനം പാലിക്കുന്നത് ഇതിന്റെ സൂചനയാണെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നു.
ശബരിമല വിഷയത്തില്‍ സര്‍ക്കാരിനോട് അകന്നുനിന്നിരുന്ന എന്‍.എസ്.എസ് ഇപ്പോള്‍ പിണറായി വിജയനോട് മൃദുസമീപനം സ്വീകരിക്കുന്നത് ശ്രദ്ധേയമാണ്. സര്‍ക്കാര്‍ തെറ്റുതിരുത്തിയെന്നും മുഖ്യമന്ത്രി മാന്യമായി പെരുമാറിയെന്നും സുകുമാരന്‍ നായര്‍ പറയുന്നത് പറവൂരിലെ നായര്‍ വോട്ടുകളെ ഇടതുപക്ഷത്തേക്ക് ചായക്കാന്‍ സഹായിക്കും.
ബി.ജെ.പിയെ കടന്നാക്രമിക്കുന്നതിലൂടെ ഹൈന്ദവ വോട്ടുകള്‍ ഭിന്നിച്ചു പോകാതെ സി.പി.എമ്മിലേക്ക് എത്തിക്കാനാണ് എന്‍.എസ്.എസ്-എസ്.എന്‍.ഡി.പി ഐക്യം ശ്രമിക്കുന്നത്.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


ദേവപ്രശ്നം നടത്തിയത് സ്വര്‍ണ്ണക്കടത്തിന് മറയായോ? അന്വേഷണം അട്ടിമറിയിലേക്ക്; ജ്യോത്സ്യരും പ്രതിപ്പട്ടികയിലേക്ക്? ശബരിമലയിലെ അന്വേഷണം കോമഡിയായേക്കും!




