രാഹുല്‍ ഈശ്വർ ജയിൽ മോചിതനായി: ഉപാധികളോടെ ജാമ്യം; ‘അറസ്റ്റ് കളവ്’- ആരോപണം

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പരാതി നല്‍കിയ അതിജീവിതയെ സമൂഹമാധ്യമം വഴി അധിക്ഷേപിച്ച കേസില്‍ റിമാന്‍ഡിലായിരുന്ന രാഹുല്‍ ഈശ്വര്‍ 16 ദിവസത്തെ ജയില്‍വാസത്തിന് ശേഷം ജയില്‍ മോചിതനായി. തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് അദ്ദേഹത്തിന് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. വൈകിട്ട് 5.30 ഓടെ ജില്ലാ ജയിലില്‍ നിന്ന് പുറത്തിറങ്ങിയ രാഹുലിന് പുറത്ത് ചിലര്‍ സ്വീകരണമൊരുക്കി.

പല കാര്യങ്ങളും പറയാനുണ്ടെന്നും എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ അതിന് സാധിക്കില്ലെന്നും ജയില്‍ മോചിതനായ രാഹുല്‍ ഈശ്വര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. ഒരിക്കലും കള്ളത്തെ കള്ളം കൊണ്ട് ജയിക്കാന്‍ കഴിയില്ലെന്നും, സത്യം കൊണ്ടേ കള്ളത്തെ ജയിക്കാന്‍ സാധിക്കൂ എന്നും രാഹുല്‍ പറഞ്ഞു. തന്റെ അറസ്റ്റ് നോട്ടീസ് നല്‍കിയ ശേഷമല്ല നടന്നത്. എന്നാല്‍ പ്രോസിക്യൂഷന്‍ കോടതിയില്‍ നോട്ടീസ് നല്‍കിയിട്ടുണ്ട് എന്ന് കള്ളം പറഞ്ഞതായും രാഹുല്‍ ആരോപിച്ചു. ജാമ്യം നിഷേധിക്കാനായാണ് പ്രോസിക്യൂഷന്‍ പോലീസ് റിപ്പോര്‍ട്ട് കിട്ടിയില്ലെന്ന് കോടതിയില്‍ കള്ളം പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.

തെരഞ്ഞെടുപ്പ് കഴിയുന്നത് വരെ തന്നെ അകത്തിടാന്‍ ചില ശ്രമങ്ങള്‍ നടന്നതായി രാഹുല്‍ ഈശ്വര്‍ ആരോപിച്ചു. താന്‍ പുറത്തുനിന്നാല്‍ സര്‍ക്കാരിനെതിരെ സംസാരിച്ചേനെ എന്നും, തനിക്കെതിരെ വന്നത് വ്യാജ പരാതിയാണെന്നും അദ്ദേഹം വ്യക്തമാക്കി. പോലീസിനെതിരെയായിരുന്നില്ല, മറിച്ച് ‘മെന്‍സ് കമ്മീഷന്’ വേണ്ടിയാണ് താന്‍ നിരാഹാരം കിടന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സമാനമായ കുറ്റകൃത്യങ്ങള്‍ പ്രതി മുന്‍പും ചെയ്തിട്ടുണ്ടെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇത്തരം കുറ്റകൃത്യങ്ങളില്‍ ഇനി പെടാന്‍ പാടില്ല എന്ന് കോടതി ആവര്‍ത്തിച്ചു പറഞ്ഞ ശേഷമാണ് ജാമ്യം നല്‍കിയത്. മുന്‍ കേസുകളില്‍ കോടതിയലക്ഷ്യം ഉണ്ടായിട്ടുണ്ടെങ്കില്‍ അത് അതത് കോടതികളില്‍ അറിയിക്കണമെന്നും കോടതി നിര്‍ദ്ദേശം നല്‍കി.

രാഹുലിന്റെ ജാമ്യ ഹര്‍ജി പരിഗണിച്ചപ്പോള്‍ പോലീസ് വീണ്ടും കസ്റ്റഡി ആവശ്യപ്പെട്ടെങ്കിലും, 16 ദിവസം ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിഞ്ഞ പ്രതിയെ എന്തിനാണ് വീണ്ടും കസ്റ്റഡിയില്‍ ആവശ്യപ്പെടുന്നതെന്ന് കോടതി ചോദിച്ചു. പ്രതി കുറ്റകൃത്യം ആവര്‍ത്തിക്കുന്ന ആളാണെന്ന് അന്വേഷണ സംഘം അറിയിച്ചെങ്കിലും അതിന്റെ വിശദാംശങ്ങള്‍ ഹാജരാക്കാന്‍ പോലീസിന് കഴിഞ്ഞിരുന്നില്ല.

കേസില്‍ രാഹുല്‍ ഈശ്വറിന് രണ്ടു തവണ ജാമ്യാപേക്ഷ തള്ളിയതിനു ശേഷമാണ് ഇന്ന് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചത്. അറിഞ്ഞുകൊണ്ട് ഒരു തെറ്റും ചെയ്തിട്ടില്ലെന്നും 16 ദിവസമായി ജയിലില്‍ കിടക്കുകയാണെന്നും രാഹുല്‍ ഈശ്വര്‍ കോടതിയില്‍ ബോധിപ്പിച്ചു. അന്വേഷണ ഉദ്യോഗസ്ഥന്‍ ആവശ്യപ്പെടുമ്പോള്‍ ഹാജരാകണം, മറ്റു കേസുകളില്‍ അകപ്പെടാന്‍ പാടില്ല, സാക്ഷികളെ സ്വാധീനിക്കാന്‍ പാടില്ല എന്നീ ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിട്ടുള്ളത്.

സമൂഹമാധ്യമത്തിലൂടെ അതിജീവിതയെ അധിക്ഷേപിച്ചെന്ന യുവതിയുടെ പരാതിയിലാണ് സൈബര്‍ പോലീസ് കേസെടുത്തത്. രാഹുല്‍ ഈശ്വര്‍, കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യര്‍ എന്നിവരടക്കം 6 പേര്‍ക്കെതിരെയാണ് കേസ്. മഹിളാ കോണ്‍ഗ്രസ് പത്തനംതിട്ട ജില്ലാ സെക്രട്ടറി രഞ്ജിത പുളിക്കനാണ് ഒന്നാം പ്രതി. കേസിലെ മറ്റൊരു പ്രതിയായ സന്ദീപ് വാര്യരുടെ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ കോടതി നാളെ വാദം കേള്‍ക്കും.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.