പകൽപൂരത്തിന്റെ ഭാഗമായി രാവിലെ ഏഴരയോടെ മണികണ്ഠനാലിൽ നിന്ന് പതിനഞ്ച് ആനകളുടെ അകമ്പടിയോടെയാണ് പാറമേക്കാവ് ഭഗവതിയുടെ എഴുന്നെള്ളിപ്പ് ആരംഭിച്ചത്. എറണാകുളം ശിവകുമാർ ഭഗവതിയുടെ തിടമ്പേറ്റി ഗജവീരൻമാർക്ക് നേതൃത്വം നൽകി. കിഴക്കൂട്ട് അനിയൻ മാരാരുടെ പ്രമാണത്തിൽ അരങ്ങേറിയ ഗംഭീരമായ പാണ്ടിമേളം പത്തുമണിയോടെ ശ്രീമൂലസ്ഥാനത്തെ പന്തലിലെത്തി.
രണ്ടു മണിക്കൂർ നീണ്ടുനിന്ന ആവേശകരമായ മേളത്തിനൊടുവിലാണ് ശ്രീമൂലസ്ഥാനത്ത് കൊട്ടിക്കലാശിച്ചത്. സമാന്തരമായി, നായ്ക്കനാലിൽ നിന്ന് തിരുവമ്പാടി ചന്ദ്രശേഖരന്റെ തിടമ്പിലേറി തിരുവമ്പാടി ഭഗവതിയുടെ എഴുന്നെള്ളിപ്പും പ്രൗഢിയോടെ നടന്നു. ചെറുശേരി കുട്ടൻ മാരാരായിരുന്നു തിരുവമ്പാടി വിഭാഗത്തിന്റെ മേളപ്രമാണി. പത്തുമണിയോടെ തിരുവമ്പാടി വിഭാഗവും ശ്രീമൂലസ്ഥാനത്തെ പന്തലിലെത്തി മേളം കൊഴുപ്പിച്ചതോടെ പൂരനഗരി ആവേശക്കടലായി മാറി.
മേളം ആദ്യം പൂർത്തിയാക്കിയ പാറമേക്കാവ് വിഭാഗം പടിഞ്ഞാറെ നടയിലെത്തി തിരുവമ്പാടി ഭഗവതിയുടെ വരവിനായി കാത്തുനിന്നു. മേളം കലാശിച്ച് പടിഞ്ഞാറേ നടയിലെത്തിയ തിരുവമ്പാടി ഭഗവതി വടക്കുന്നാഥനെ വണങ്ങാനായി ക്ഷേത്രത്തിനകത്തേക്ക് പ്രവേശിച്ചു. അതേസമയം, പാറമേക്കാവ് ഭഗവതി നടുവിലാൽ ഗണപതിയെ വണങ്ങാനായി താഴേക്ക് എഴുന്നെള്ളി.
നിയമസഭാ ചരിത്രത്തിൽ ആദ്യം: സ്പീക്കർ സ്ഥാനത്തേക്ക് ബിജെപിയും; വോട്ടെടുപ്പ് ഇന്ന്, ആദ്യ വോട്ട് മുഖ്യമന്ത്രിയുടേത്
ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ വടക്കുന്നാഥന്റെ പടിഞ്ഞാറേ ഗോപുരനടയിൽ ഇരു ഭഗവതിമാരും മുഖാമുഖം എത്തി. അടുത്ത കൊല്ലം വീണ്ടും കാണാമെന്ന സ്നേഹനിർഭരമായ വാഗ്ദാനത്തോടെ ഇരു വിഭാഗവും ഉപചാരം ചൊല്ലിപ്പിരിഞ്ഞതോടെയാണ് ഇത്തവണത്തെ ആഘോഷങ്ങൾക്ക് തിരശീല വീണത്.


തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനില്‍ എസ്കലേറ്റര്‍ അപകടം: യാത്രക്കാര്‍ താഴേക്ക് മറിഞ്ഞു; രണ്ടുപേര്‍ക്ക് പരിക്ക്





