പെരുന്നയും കണിച്ചുകുളങ്ങരയും ഒന്നിക്കുന്നു; ലക്ഷ്യം സതീശനെ തളയ്ക്കല്‍; മുഖ്യമന്ത്രിയെ നിശ്ചയിക്കാന്‍ സുകുമാരന്‍ നായര്‍? സിപിഎമ്മിന് ‘ഭരണത്തുടര്‍ച്ചാ’ മോഹം; യുഡിഎഫില്‍ പുകയുന്ന ആശങ്ക; ബിജെപി കൈയ്യടിക്കും; ഇനി ‘നായടി മുതല്‍ നസ്രാണി വരെ’! ക്രൈസത്വ സഭകള്‍ കൈ കൊടുക്കില്ല

NSS and SNDP against V.D. Satheesan
തിരുവനന്തപുരം: കേരള രാഷ്ട്രീയത്തില്‍ പതിറ്റാണ്ടുകള്‍ക്ക് ശേഷം സമുദായ ധ്രുവീകരണത്തിന്റെ പുതിയ തിരക്കഥകള്‍ ഒരുങ്ങുന്നു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ പരസ്യമായി രംഗത്തെത്തിയ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ നല്‍കുന്ന പൂര്‍ണ്ണ പിന്തുണ യുഡിഎഫിനെ കടുത്ത പ്രതിസന്ധിയിലാക്കുന്നു. ‘നായടി മുതല്‍ നസ്രാണി വരെ’ എന്ന വെള്ളാപ്പള്ളിയുടെ മുദ്രാവാക്യത്തെ സുകുമാരന്‍ നായര്‍ സ്വാഗതം ചെയ്തതോടെ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ വോട്ട് ബാങ്കുകള്‍ ചിതറുമോ എന്ന പേടിയിലാണ് കോണ്‍ഗ്രസ് നേതൃത്വം.
ശബരിമല വിഷയത്തിലെ ‘അയ്യപ്പ സംഗമം’ പോലെ വീണ്ടും ഒരു സാമുദായിക ധ്രുവീകരണം സംഭവിക്കുമ്പോള്‍, വോട്ടുകള്‍ എങ്ങോട്ട് മറിയും എന്നതാണ് വരും ദിവസങ്ങളിലെ പ്രധാന ചോദ്യം. വെള്ളാപ്പള്ളിയും സുകുമാരന്‍ നായരും നേരിട്ട് കാണുന്നതോടെ കേരള രാഷ്ട്രീയത്തില്‍ പുതിയൊരു പവര്‍ സെന്റര്‍ രൂപപ്പെടുമെന്ന് ഉറപ്പായി. എന്നാല്‍ ക്രൈസ്തവ സഭകള്‍ തല്‍കാലം ഇതിന് കൈ കൊടുക്കില്ല. കേരളാ കോണ്‍ഗ്രസുകളെ ഒരുമിപ്പിച്ച് യുഡിഎഫിലെത്തിക്കാന്‍ സഭ ശ്രമിച്ചിരുന്നു. ഇത് പൊളിഞ്ഞു. ഇതിന് പിന്നാലെയാണ് പുതിയ നീക്കം എന്‍ എസ് എസും എസ് എന്‍ ഡി പിയും നടത്തുന്നത്.
യുഡിഎഫ് അധികാരത്തിലെത്തിയാല്‍ ആര് മുഖ്യമന്ത്രിയാകണം എന്ന് തീരുമാനിക്കുന്നതില്‍ നിര്‍ണ്ണായക സ്വാധീനം ഉറപ്പാക്കാനാണ് സുകുമാരന്‍ നായരുടെ നീക്കമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു. വി.ഡി. സതീശന്റെ നിലപാടുകളോട് എന്‍എസ്എസ് നേതൃത്വത്തിന് പണ്ടേ അതൃപ്തിയുണ്ട്. സതീശനെ തഴഞ്ഞ്, സമുദായ നേതാക്കളുമായി നല്ല ബന്ധം പുലര്‍ത്തുന്ന കെ. സുധാകരനെയോ രമേശ് ചെന്നിത്തലയെയോ മുന്‍നിര്‍ത്തി വിലപേശാനാണ് പെരുന്ന ലക്ഷ്യമിടുന്നത്. ഈ സാഹചര്യത്തില്‍ വെള്ളാപ്പള്ളിയുമായി കൈകോര്‍ക്കുന്നത് സതീശന്‍ ക്യാമ്പിന് വലിയ തിരിച്ചടിയാകും. കെസി വേണുഗോപാലിനേയും പിന്തുണയ്കകും.
ഈ പുതിയ സാമുദായിക ഐക്യത്തെ പരസ്യമായി തള്ളിപ്പറയാന്‍ യുഡിഎഫ് മുതിരില്ല. ആരെങ്കിലും ഒരാളെ പിണക്കുന്നത് വോട്ട് ബാങ്കിനെ ബാധിക്കുമെന്ന ബോധ്യമുള്ളതിനാല്‍ ‘കരുതലോടെയുള്ള മൗനം’ പാലിക്കാനാണ് ഹൈക്കമാന്‍ഡ് നിര്‍ദ്ദേശം. വി.ഡി. സതീശന്‍ ഈഴവ വിരുദ്ധനാണെന്ന വെള്ളാപ്പള്ളിയുടെ പ്രചാരണം തദ്ദേശ തിരഞ്ഞെടുപ്പിലുണ്ടായ ഭരണവിരുദ്ധ തരംഗത്തെ ഇല്ലാതാക്കുമെന്ന് സതീശന്‍ ക്യാമ്പ് ഭയപ്പെടുന്നു. ഈ വോട്ടുകള്‍ ബിജെപിയിലേക്കോ മൂന്നാം ചേരിയിലേക്കോ മാറിയാല്‍ അത് യുഡിഎഫിന്റെ വിജയസാധ്യതകളെ അട്ടിമറിക്കും. ഈ കൂട്ടുകെട്ടിനെ ബിജെപി പിന്തുണയ്ക്കും.
എല്‍ഡിഎഫിന് മൂന്നാം തവണയും ഭരണത്തുടര്‍ച്ച നല്‍കുമെന്നാണ് എകെജി സെന്ററിലെ കണക്കുകൂട്ടല്‍. വി.ഡി. സതീശന്‍ മുഖ്യമന്ത്രി പിണറായി വിജയനും വെള്ളാപ്പള്ളിക്കുമെതിരെ ഉന്നയിച്ച ‘കാര്‍ യാത്ര’ വിവാദത്തെ സമുദായ നേതാക്കള്‍ക്കെതിരായ ആക്രമണമായി ചിത്രീകരിക്കാന്‍ സിപിഎമ്മിന് കഴിഞ്ഞു. സതീശനെ തളയ്ക്കുന്നതിലൂടെ കോണ്‍ഗ്രസിന്റെ ഐക്യം തകര്‍ക്കാമെന്നും ഭൂരിപക്ഷ സമുദായങ്ങളെ പാര്‍ട്ടിയോട് അടുപ്പിക്കാമെന്നും സിപിഎം കരുതുന്നു.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.