തല്ലിയാലും ചിരിക്കണം! സഖാക്കള്‍ക്ക് ‘ക്ഷമാമന്ത്രം’ ഓതി സിപിഎം; ശബരിമലയും സ്വര്‍ണ്ണക്കൊള്ളയും നേരിടാന്‍ പ്രത്യേക ‘ക്യാപ്സ്യൂളുകള്‍’; പടക്കളത്തില്‍ പതറാതെ സഖാക്കള്‍! ‘ഹാട്രിക് മോഹവുമായി സിപിഎം വീടുകളിലേക്ക്

Cpm house visit
തിരുവനന്തപുരം: സിപിഎം നയം മാറ്റുന്നു. നിയമസഭാ തിരഞ്ഞെടുപ്പില്‍ ഹാട്രിക് വിജയമെന്ന കടമ്പ കടക്കാന്‍ ജനങ്ങളുടെ നെഞ്ചിലെ ശബരിമല കനല്‍ കെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് സിപിഎം ഗൃഹസന്ദര്‍ശനത്തിന് പുതിയ ‘പെരുമാറ്റച്ചട്ടം’ ഒരുക്കിയിരിക്കുന്നത്.
വീടുകളിലെത്തുമ്പോള്‍ വീട്ടുകാര്‍ ചൂടായെന്നു വച്ച് സഖാക്കള്‍ ചൂടാവരുത്. അവര്‍ പറയുന്ന പരാതികള്‍ തൊണ്ടതൊടാതെ വിഴുങ്ങണം. ‘ഇടയ്ക്കു കയറി സംസാരിക്കരുത്’ എന്നാണ് താഴെത്തട്ടിലുള്ള പ്രവര്‍ത്തകര്‍ക്ക് ലഭിച്ച കര്‍ശന താക്കീത്. മുന്‍കാലങ്ങളില്‍ സന്ദര്‍ശനത്തിനിടെ പലയിടത്തും സഖാക്കള്‍ ഉടക്കിട്ടതും തര്‍ക്കിച്ചതും തിരിച്ചടിയായെന്ന ബോധ്യത്തിലാണ് ഈ ‘സൗമ്യ’ വേഷം. ചെറിയ സ്‌ക്വാഡുകളായി വേണം ചെല്ലാന്‍. പോകുന്നവരില്‍ ആ വീട്ടുകാര്‍ക്ക് പരിചയമുള്ള ഒരാളെങ്കിലും നിര്‍ബന്ധമായും ഉണ്ടായിരിക്കണം. അകത്തിരുന്ന് സംസാരിക്കാന്‍ അവസരം ചോദിക്കണമെന്നും നിര്‍ദ്ദേശമുണ്ട്.
സന്ദര്‍ശനത്തിനിടെ വീട്ടുകാര്‍ ‘ബോംബ്’ പോലെ എറിയാന്‍ സാധ്യതയുള്ള ചോദ്യങ്ങള്‍ക്കും പാര്‍ട്ടി മുന്‍കൂട്ടി മറുപടി തയ്യാറാണ്.  ശബരിമലയിലെ സ്വര്‍ണ്ണക്കവര്‍ച്ചയെക്കുറിച്ച് ചോദിച്ചാല്‍, ‘സര്‍ക്കാര്‍ ആരെയും രക്ഷിക്കില്ല’ എന്ന് തറപ്പിച്ചു പറയണം. ഹൈക്കോടതി മേല്‍നോട്ടത്തിലുള്ള അന്വേഷണമാണെന്നും പോലീസ് കൃത്യമായ നടപടി എടുക്കുന്നുണ്ടെന്നും ബോധ്യപ്പെടുത്തണം. എ. പത്മകുമാറിനെതിരെ നടപടിയുണ്ടാകുമോ എന്ന ചോദ്യത്തിന്, ‘ഉചിതമായ സമയത്ത് ഉചിതമായ നടപടി ഉണ്ടാകും’ എന്ന ഡിപ്ലോമാറ്റിക് മറുപടി നല്‍കാനാണ് നിര്‍ദ്ദേശം.
വിശ്വാസികളും വര്‍ഗീയതയും: ആര്‍എസ്എസിനെയും ജമാഅത്തെ ഇസ്ലാമിയെയും വിമര്‍ശിക്കുന്നത് വിശ്വാസികള്‍ക്ക് എതിരല്ലെന്ന് പ്രത്യേകം ഓര്‍മ്മിപ്പിക്കണം. വിശ്വാസികള്‍ക്കൊപ്പം നില്‍ക്കുന്ന സര്‍ക്കാരാണിതെന്ന് വീടിന്റെ ഉമ്മറത്തിരുന്ന് ബോധ്യപ്പെടുത്തണം. പത്ത് വര്‍ഷത്തെ വികസന നേട്ടങ്ങള്‍ വിളമ്പി ജനവികാരം അനുകൂലമാക്കാനാണ് പാര്‍ട്ടി പ്ലാന്‍. കെ-ഫോണും ലൈഫ് മിഷനും മുതല്‍ കേന്ദ്രം ഫണ്ട് വെട്ടിക്കുറയ്ക്കുന്നത് വരെയുള്ള കാര്യങ്ങള്‍ സഖാക്കള്‍ വീടുകളില്‍ വിശദീകരിക്കും. ഒരിടത്തും തര്‍ക്കമില്ല, ഒരിടത്തും പ്രകോപനമില്ല; പുഞ്ചിരിച്ച മുഖത്തോടെ വോട്ടുറപ്പിക്കാനാണ് മുഖ്യമന്ത്രിയും മന്ത്രിമാരും അടങ്ങുന്ന പടയുടെ പുറപ്പാട്.
സൗമ്യരാകണം സഖാക്കള്‍; നിര്‍ദ്ദേശങ്ങള്‍ ഇങ്ങനെ:
വീടുകളില്‍ കയറുമ്പോള്‍ പാലിക്കേണ്ട മര്യാദകളെക്കുറിച്ച് പാര്‍ട്ടി കുറിപ്പില്‍ വ്യക്തമാക്കുന്നു:
ക്ഷമയോടെ കേള്‍ക്കുക: വീട്ടുകാര്‍ സര്‍ക്കാരിനെ വിമര്‍ശിക്കുമ്പോള്‍ ഇടയ്ക്ക് കയറി സംസാരിക്കരുത്. അവര്‍ക്ക് പറയാനുള്ളത് മുഴുവന്‍ കേട്ട ശേഷം മാത്രം ശാന്തമായി മറുപടി നല്‍കണം. ഒരു കാരണവശാലും തര്‍ക്കിക്കരുത്.
ചെറിയ സംഘങ്ങള്‍: വലിയ ആള്‍ക്കൂട്ടമായി പോകാതെ ചെറിയ സ്‌ക്വാഡുകളായി തിരിയണം. സന്ദര്‍ശിക്കുന്ന വീട്ടിലെ ആളുകളുമായി വ്യക്തിപരമായോ കുടുംബപരമായോ പരിചയമുള്ളവര്‍ സ്‌ക്വാഡില്‍ ഉണ്ടെന്ന് ഉറപ്പാക്കണം.
അകത്തിരുന്ന് സംസാരിക്കണം: ഉമ്മറത്ത് നിന്ന് ഔദ്യോഗികമായി സംസാരിക്കാതെ, വീടിനകത്ത് ഇരുന്ന് ഹൃദ്യമായി ആശയവിനിമയം നടത്താന്‍ ശ്രമിക്കണം.
ജനങ്ങളില്‍ നിന്ന് ഉയരാന്‍ സാധ്യതയുള്ള കടുത്ത ചോദ്യങ്ങളെ നേരിടാന്‍ അണികള്‍ക്ക് പാര്‍ട്ടി പ്രത്യേക മറുപടികള്‍ നല്‍കിയിട്ടുണ്ട്:
ശബരിമല സ്വര്‍ണ്ണക്കൊള്ള: സര്‍ക്കാരിന് ഇതില്‍ പങ്കില്ലേ എന്ന ചോദ്യം വന്നാല്‍ – ‘കുറ്റവാളികളെ സംരക്ഷിക്കുന്ന നിലപാട് സര്‍ക്കാരിനില്ല’ എന്ന് വ്യക്തമാക്കണം. അന്വേഷണം ഹൈക്കോടതി മേല്‍നോട്ടത്തിലാണെന്നും അന്വേഷണ സംഘത്തെ തിരഞ്ഞെടുത്തത് കോടതിയാണെന്നും ബോധ്യപ്പെടുത്തണം. ദേവസ്വം ബോര്‍ഡ് പ്രസിഡന്റുമാരെയും തന്ത്രിയെയും വരെ പോലീസ് അറസ്റ്റ് ചെയ്തത് സര്‍ക്കാരിന്റെ നിഷ്പക്ഷതയ്ക്ക് തെളിവാണെന്ന് പറയണം.
എ. പത്മകുമാറിനെതിരെയുള്ള നടപടി: പത്മകുമാറിനെതിരെ എന്തുകൊണ്ട് നടപടിയെടുത്തില്ല എന്ന് ചോദിച്ചാല്‍, ‘ഉചിതമായ സമയത്ത് നടപടിയുണ്ടാകും’ എന്ന് പറഞ്ഞ് തടിയൂരനാണ് നിര്‍ദ്ദേശം.
വിശ്വാസികളോടുള്ള സമീപനം: ആര്‍എസ്എസിനും ജമാഅത്തെ ഇസ്ലാമിക്കുമെതിരായ രാഷ്ട്രീയ വിമര്‍ശനങ്ങള്‍ സാധാരണ വിശ്വാസികള്‍ക്ക് എതിരല്ലെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തണം.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.