വിഎസ്സിന്റെ പഴയ വിശ്വസ്തന്‍ പാറ്റൂർ രാധാകൃഷ്ണനുമായി അകലം: സിപിഎം – ബിജെപി സഖ്യമോ? തിരുവനന്തപുരം കോർപ്പറേഷനിൽ അട്ടിമറി നീക്കം!

തിരുവനന്തപുരം കോര്‍പ്പറേഷന്‍ ഭരണം ബിജെപിക്ക് വിട്ടു കൊടുക്കാന്‍ സിപിഎം തീരുമാനം. സ്വതന്ത്രരെ മേയറാക്കി ബിജെപിയെ അധികാരത്തില്‍ എത്തിക്കാനുള്ള നീക്കം സിപിഎം നടത്തില്ല. തന്നെ മേയറാക്കിയാല്‍ സിപിഎമ്മിനൊപ്പം നില്‍ക്കാമെന്ന് കണ്ണമൂലയില്‍ നിന്നും ജയിച്ച രാധാകൃഷ്ണന്‍ നിലപാട് എടുത്തിരുന്നു. ഇത് സിപിഎം ചര്‍ച്ച ചെയ്തു. കോണ്‍ഗ്രസും രാധാകൃഷ്ണനെ പിന്തുണയ്ക്കുമെന്ന നിലപാട് എടുക്കുകയും ചെയ്തു. ബിജെപിയെ അധികാരത്തില്‍ നിന്നും അകറ്റാനായിട്ടായിരുന്നു അത്. അങ്ങനെ കോണ്‍ഗ്രസും സിപിഎമ്മും തമ്മിലുണ്ടാക്കുന്ന ധാരണ വന്‍ തിരിച്ചടിയുണ്ടാക്കുമെന്നാണ് സിപിഎം നേതൃത്വത്തിന്റെ കണക്കു കൂട്ടല്‍. ഈ സാഹചര്യത്തില്‍ തിരുവനന്തപുരത്തെ ജനവധി സിപിഎം അംഗീകരിക്കും. 50 പേരുടെ പിന്തുണയുള്ള ബിജെപിയെ ഭരിക്കാന്‍ അനുവദിക്കും.

കോര്‍പറേഷന്‍ പരിധിയിലെ 5 നിയമസഭാ മണ്ഡലങ്ങളിലും തദ്ദേശ തിരഞ്ഞെടുപ്പില്‍ ബിജെപിക്കു നേട്ടമുണ്ട്. വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ ബിജെപിക്കൊപ്പം യുഡിഎഫും മുന്നേറി. നേമത്തും വട്ടിയൂര്‍ക്കാവിലും എല്‍ഡിഎഫിന് വലിയ ക്ഷീണമുണ്ടായി. വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന ചില വാര്‍ഡുകളില്‍ വോട്ട് മറിച്ചെന്ന ആരോപണവുമായി വി.കെ.പ്രശാന്ത് എംഎല്‍എ രംഗത്തെത്തി. എല്‍ഡിഎഫിന് മുന്‍തൂക്കം ലഭിച്ചത് തിരുവനന്തപുരം നിയോജക മണ്ഡലത്തില്‍ മാത്രമാണെന്നു കണക്കുകള്‍ സൂചിപ്പിക്കുന്നു. വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ 11 വാര്‍ഡുകള്‍ ബിജെപി നേടി. യുഡിഎഫിന് 10 വാര്‍ഡുകള്‍ ലഭിച്ചു. 3 വാര്‍ഡുകളില്‍ മാത്രമാണ് എല്‍ഡിഎഫ് വിജയിച്ചത്. മന്ത്രി വി.ശിവന്‍കുട്ടി പ്രതിനിധീകരിക്കുന്ന നേമത്ത് 15 വാര്‍ഡുകള്‍ ബിജെപി ലഭിച്ചപ്പോള്‍ എല്‍ഡിഎഫിന് കിട്ടിയത് 5 എണ്ണം. ഒരിടത്ത് യുഡിഎഫ് വിജയിച്ചു.

കഴക്കൂട്ടം മണ്ഡലത്തിലെ 13 വാര്‍ഡുകള്‍ ബിജെപി നേടിയപ്പോള്‍ എല്‍ഡിഎഫ് 9 ഇടത്ത് വിജയിച്ചു. യുഡിഎഫിന് ഇവിടെ രണ്ടു വാര്‍ഡുകള്‍ മാത്രമാണ് ലഭിച്ചത്. തിരുവനന്തപുരം മണ്ഡലത്തില്‍ എല്‍ഡിഎഫും ബിജെപിയും ഒപ്പത്തിനൊപ്പമാണ്. 8 വീതം വാര്‍ഡുകളാണ് 2 മുന്നണികളും നേടിയത്. 5 ഇടത്ത് യുഡിഎഫ് വിജയിച്ചു. ഈ വോട്ടു നില കൂടി പരിശോധിച്ചാണ് കോര്‍്പ്പറേഷനില്‍ കോണ്‍ഗ്രസുമായി കൈ കോര്‍ക്കേണ്ടെന്ന തീരുമാനം. അത് മറ്റ് വ്യാഖ്യാനങ്ങള്‍ക്ക് വഴിവയ്ക്കും. നിയമസഭാ തിരെഞ്ഞെടുപ്പില്‍ ബിജെപിക്ക് ഗുണമുണ്ടാക്കുകയും ചെയ്തു. അതിനിടെ എന്‍ഡിഎ ഘടക കക്ഷികള്‍ക്ക് നല്‍കിയ വാര്‍ഡുകളില്‍ ബിജെപി വ്യാപകമായി വോട്ട് മറിച്ചെന്നു വി.കെ. പ്രശാന്ത് എംഎല്‍എ ആരോപിച്ചു. മുട്ടടയില്‍ 480 വോട്ടുകള്‍ മാത്രമാണ് ബിഡിജെഎസ് നേടിയത്. കിണവൂരില്‍ ശിവസേന സ്ഥാനാര്‍ഥി 561 വോട്ടും നന്തന്‍കോട് ബിഡിജെഎസ് 479 വോട്ടുമാണ് നേടിയതെന്നും ബാക്കി പാര്‍ട്ടി വോട്ടുകള്‍ യുഡിഎഫിന് മറിച്ചെന്നും പ്രശാന്ത് ആരോപിച്ചു. യുഡിഎഫുമായി സിപിഎം സഖ്യമായാല്‍ ഇതെല്ലാം പിന്നീട് പറയാന്‍ കഴിയാതെ വരും.

തിരുവനന്തപുരം കോര്‍പ്പറേഷനില്‍ കേവല ഭൂരിപക്ഷത്തിന് ഒരു സീറ്റ് അകലെ 50 സീറ്റുകളുമായി ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയായെങ്കിലും ഭരണത്തില്‍ സ്വതന്ത്രരുടെ പിന്തുണയും നിര്‍ണായകമാണ്. രണ്ടു സ്വതന്ത്രരാണ് തിരുവനന്തപുരം കോര്‍പ്പറേഷനില്‍ വിജയിച്ചത്. കണ്ണമൂല വാര്‍ഡില്‍ നിന്ന് പാറ്റൂര്‍ രാധാകൃഷ്ണനും പൗഡ് കടവ് വാര്‍ഡില്‍ നിന്ന് സുധീഷ് കുമാറുമാണ് സ്വതന്ത്രരായി വിജയിച്ചത്. പിന്തുണയ്ക്കുന്ന കാര്യത്തില്‍ ആരുമായും ചര്‍ച്ചയ്ക്ക് തയ്യാറാണെന്നാണ് പാറ്റൂര്‍ രാധാകൃഷ്ണന്‍ വ്യക്തമാക്കി. മറ്റുകാര്യങ്ങളൊന്നും ചര്‍ച്ച ചെയ്തിട്ടില്ല. വാര്‍ഡിലുടനീളം സഞ്ചരിച്ച് ജനങ്ങളെ കണ്ട് അവരുടെ അഭിപ്രായം തേടിയശേഷമായിരിക്കും ആരെ പിന്തുണക്കുമെന്ന കാര്യത്തില്‍ തീരുമാനമെടുക്കുക. സ്വതന്ത്രര്‍ ബിജെപിയാണോ അതോ എല്‍ഡിഎഫിനെയാണോ പിന്തുണക്കുകയെന്ന ചര്‍ച്ച നടക്കുന്നുണ്ടെന്നും രാധാകൃഷ്ണന്‍ പറഞ്ഞു. എന്നാല്‍ രാധാകൃഷ്ണനുമായി ചര്‍ച്ച വേണ്ടെന്നാണ് സിപിഎം തീരുമാനം. വിഎസ് അച്യുതാനന്ദന്റെ അടുത്ത അനുയായി ആയിരുന്ന രാധാകൃഷ്ണനെ മുമ്പ് സിപിഎം പുറത്താക്കിയിരുന്നു.

വാര്‍ഡിലെ ജനങ്ങളുമായി സംസാരിച്ച് പൊതുവില്‍ രൂപപ്പെടുന്ന അഭിപ്രായത്തിനായിരിക്കും മുന്‍ഗണന നല്‍കുക എന്ന് രാധാകൃഷ്ണന്‍ പറയുന്നു. ആരുമായും ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും തന്റെ വ്യക്തിപരമായ തീരുമാനത്തിന് പ്രസക്തിയില്ലെന്നും പാറ്റൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. ഭരണവിരുദ്ധ വികാരം സ്വഭാവികമായും ഉണ്ടായിട്ടുണ്ടാകുമെന്നും കോര്‍പ്പറേഷന്‍ ഭരണത്തിലെ വന്‍ വീഴ്ചകളെല്ലാം ആളുകള്‍ കണ്ടുകൊണ്ടിരിക്കുകയാണെന്നും പാറ്റൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. സിപിഎം ഒരിക്കല്‍ പുറത്താക്കിയ പാറ്റൂര്‍ രാധാകൃഷ്ണനുമായി സഹകരിക്കാന്‍ ഇല്ലെന്നാണ് സിപിഎമ്മിലെ ബഹുഭൂരിപക്ഷത്തിന്റേയും നിലപാട്. വഞ്ചിയൂര്‍ ബാബു കടുത്ത നിലപാടിലാണ്. സിപിഎമ്മിനെ തോല്‍പ്പിക്കാന്‍ രാധാകൃഷ്ണന്‍ ശ്രമിച്ചുവെന്നാണ് ബാബു പറയുന്നത്.

ഏഴു സ്ഥാനാര്‍ത്ഥികള്‍ മത്സരത്തിനുണ്ടായ കണ്ണമൂല വാര്‍ഡിലാണ് 1215 വോട്ടുകള്‍ നേടി പാറ്റൂര്‍ രാധാകൃഷ്ണന്‍ വിജയിച്ചത്. എല്‍ഡിഎഫിന്റെ അഡ്വ. ആര്‍ സതീഷ്‌കുമാറിന് 853 വോട്ടുകളോടെ രണ്ടാമതാണ് എത്താനായത്. രാധാകൃഷ്ണന്‍ തിരുവനന്തപുരം പ്രസ് ക്ലബിലെ മുന്‍ ഭാരവാഹികൂടിയാണ്. പൗഡ് കടവ് വാര്‍ഡില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥി സുധീഷ് കുമാര്‍ ആണ് വിജയിച്ചത്. 2250 വോട്ടുകള്‍ നേടിയാണ് സുധീഷ് കുമാറിന്റെ ജയം. സിപിഎമ്മിന്റെ രാജുവിനെയാണ് പരാജയപ്പെടുത്തിയത്.

തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ബിജെപി 50 സീറ്റുകള്‍ നേടി. എല്‍ഡിഎഫ് 29 സീറ്റുകളും യുഡിഎഫ് 19 സീറ്റുകളുമാണ് നേടിയത്. സ്ഥാനാര്‍ത്ഥിയുടെ മരണത്തെ തുടര്‍ന്ന് മാറ്റിവെച്ച വിഴിഞ്ഞം വാര്‍ഡിലെ തെരഞ്ഞെടുപ്പും നിര്‍ണായകമാകും.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.