ജില്ലാ പോലീസ് മേധാവിയുടെ കസേരയില്‍ ഇരുന്ന ആ കുഞ്ഞുങ്ങള്‍; എസ് പിയുടെ ഇന്നോവയിലും യാത്ര; ഗോത്ര കുട്ടികളുടെ സിവില്‍ സര്‍വ്വീസ് സ്വപ്നങ്ങള്‍ക്ക് ചിറകുനല്‍കി സ്‌നേഹവിരുന്ന്; നോര്‍ത്ത് ഈസ്റ്റുകാരന്‍ വയനാട്ടിന് നല്‍കുന്നത് പുത്തന്‍ അനുഭവങ്ങള്‍; വെല്‍ഡണ്‍ തപോഷ് ബസുമതാരി ഐ.പി.എസ്

കല്പറ്റ: പോലീസിനെ പേടിയോടെ കണ്ടിരുന്ന ഒരു തലമുറയില്‍ നിന്ന്, ആത്മവിശ്വാസത്തോടെ പോലീസ് മേധാവിയുടെ കസേരയില്‍ അമര്‍ന്നിരിക്കുന്ന ഒരു പുതിയ തലമുറ. ഒരു ജി്ല്ലാ പോലീസ് മേധാവി ജനഹൃദയങ്ങളില്‍ ഇരിപ്പിടമൊരുക്കുകയാണ്. വയനാട് ജനമൈത്രി പോലീസിന്റെ നേതൃത്വത്തില്‍ ഗോത്രവര്‍ഗ്ഗ മേഖലയിലെ കുട്ടികള്‍ക്കായി സംഘടിപ്പിച്ച പഠനയാത്ര തീര്‍ത്തും വിസ്മയമായി. വയനാട് ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരി ഐ.പി.എസിന്റെ മഹത്വം വീണ്ടും വയനാട് നേരിട്ടറിഞ്ഞു.

തിരുനെല്ലി എസ്.എ.യു.പി സ്‌കൂളിലെ 33 വിദ്യാര്‍ത്ഥികളാണ് ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരി ഐ.പി.എസിനെ കാണാനെത്തിയത്. പോലീസ് ബസില്‍ കാര്യാലയ മുറ്റത്തെത്തിയ കുരുന്നുകളെ അദ്ദേഹം നേരിട്ടെത്തി സ്വീകരിച്ചു. ഔദ്യോഗിക കൂടിക്കാഴ്ചയ്ക്ക് അപ്പുറം കുട്ടികളെ അത്ഭുതപ്പെടുത്തിയത് എസ്.പിയുടെ പെരുമാറ്റമായിരുന്നു. ഓരോ കുട്ടിയെയും തന്റെ ഔദ്യോഗിക കസേരയില്‍ ഇരുത്തിയ അദ്ദേഹം, അവര്‍ക്കൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്യുകയും ചെയ്തു. തോളിലെ നക്ഷത്രചിഹ്നങ്ങള്‍ കാട്ടിക്കൊടുത്തും, ഓഫീസിലെ വിശേഷങ്ങള്‍ പങ്കുവെച്ചും അദ്ദേഹം കുട്ടികള്‍ക്കൊപ്പം സമയം ചെലവഴിച്ചു. എസ്.പിയുടെ ഇന്നോവ കാറില്‍ ഒന്ന് കയറണമെന്ന കുട്ടികളുടെ ആഗ്രഹം നിറഞ്ഞ മനസ്സോടെ സാധിച്ചു കൊടുത്തു. സന്തോഷഭരിതരായ കുട്ടികള്‍ എസ്.പിയെ കെട്ടിപ്പിടിച്ചാണ് യാത്ര പറഞ്ഞത്.

വയനാട് ജില്ലാ പോലീസിന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവെച്ച ഈ വീഡിയോ ഇതിനോടകം വൈറലായിക്കഴിഞ്ഞു. ‘ചില കസേരകള്‍ സ്വപ്നങ്ങളിലേക്കുള്ള ഇരിപ്പിടങ്ങളാണ്’ എന്നും, ’12വേ ഫെയില്‍ സിനിമയിലെ രംഗങ്ങള്‍ ഓര്‍മ്മ വരുന്നു’ എന്നുമാണ് വീഡിയോയ്ക്ക് താഴെ വരുന്ന കമന്റുകള്‍. നന്നായി പഠിച്ച് ഉയരങ്ങളിലെത്താന്‍ കുട്ടികളെ ആശംസിച്ചാണ് തപോഷ് ബസുമതാരി അവരെ യാത്രയാക്കിയത്. തിരുനെല്ലി എസ്.എ.യു.പി സ്‌കൂളിലെ 33 ഗോത്ര വിഭാഗം വിദ്യാര്‍ത്ഥികള്‍ക്കാണ് അപൂര്‍വ്വ ഭാഗ്യം ഉണ്ടായത്. കുട്ടികളില്‍ സിവില്‍ സര്‍വീസ് സ്വപ്നങ്ങളും ആത്മവിശ്വാസവും വളര്‍ത്തുക എന്നതായിരുന്നു എസ് പിയുടെ ലക്ഷ്യം.

ചൂരല്‍മല ദൗത്യ ഹീറോയാണ് തപോഷ് ബസുമദാരി. മുണ്ടക്കൈ-ചൂരല്‍മല ദുരന്തത്തില്‍ അകപ്പെട്ടവരെ രക്ഷപ്പെടുത്തുക അതീവ സാഹസമായിരുന്നുവെന്ന് വയനാട് എസ് പി തപോഷ് ബസുമദാരി പ്രതികരിച്ചിരുന്നു. കേരള പൊലീസിന്റെ എസ്ഒജിയാണ് പട്ടാളത്തിന് സമാനമായി രക്ഷാപ്രവര്‍ത്തനം നടത്തിയത്. വീണ്ടും ഉരുള്‍പൊട്ടുമെന്ന മുന്നറിയിപ്പ് വന്നതോടെ അതിസാഹസമായിരുന്നു രക്ഷാപ്രവര്‍ത്തനം. ഇതിന് മുന്നില്‍ നിന്നത് എസ് പിയായിരുന്നു. എസ്ഒജിയാണ് മുണ്ടക്കൈയില്‍ ആദ്യ രക്ഷാ പ്രവര്‍ത്തനം നടത്തിയത്. കേരളാ പൊലീസിന്റെ എസ്ഒജിയെ പട്ടാളം എന്ന് തെറ്റിദ്ധരിക്കപ്പെട്ടു. യൂണിഫോമിലെ സമാനത എസ്ഒജിയെ പട്ടാള മായി തെറ്റിദ്ധരിക്കാന്‍ കാരണമായെന്ന് എസ് പി തപോഷ് ബസുമദാരി പറഞ്ഞിരുന്നു.

വയനാട് ചുമതലയേല്‍ക്കുന്നതിന് മുമ്പ് അദ്ദേഹം സ്‌പെഷ്യല്‍ ഓപ്പറേഷന്‍ ഗ്രൂപ്പ് എസ്.പി.യായി സേവനമനുഷ്ഠിക്കുകയായിരുന്നു. കൂടാതെ വയനാട്ടിലും കണ്ണൂര്‍ ജില്ലയിലെ ഇരിട്ടിയിലും എ.എസ്.പി.യായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. മാവോയിസ്റ്റ് വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെയുള്ള സുരക്ഷാ ദൗത്യങ്ങളില്‍ മികച്ച പരിചയസമ്പത്തുള്ള ഉദ്യോഗസ്ഥനാണ് ഇദ്ദേഹം. വയനാട്ടിലെ ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളിലും ക്രമസമാധാന പാലനത്തിലും കൂടുതല്‍ ഊന്നല്‍ നല്‍കിയ തപോഷ് ബസുമദാരി വയനാടിന് ഏറെ പ്രിയപ്പെട്ടവനായി.

അസമിലെ ബോഡോ വിഭാഗത്തില്‍ നിന്ന് ഐ.പി.എസ് നേടുന്ന വ്യക്തികളില്‍ ഒരാളാണ് അദ്ദേഹം. പരിശീലന കാലയളവിന് ശേഷം കണ്ണൂര്‍ ജില്ലയിലെ ഇരിട്ടിയിലും പിന്നീട് വയനാട് ജില്ലയിലും എ.എസ്.പി.യായി സേവനമനുഷ്ഠിച്ചു. ഈ കാലയളവില്‍ മാവോയിസ്റ്റ് സ്വാധീന മേഖലകളില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ചു. വയനാട് ജില്ലാ പോലീസ് മേധാവിയാകുന്നതിന് തൊട്ടുമുമ്പ് കേരള പോലീസിന്റെ എലൈറ്റ് ഫോഴ്സായ സ്പെഷ്യല്‍ ഓപ്പറേഷന്‍ ഗ്രൂപ്പിന്റെ എസ്.പി.യായിരുന്നു അദ്ദേഹം.

കൗണ്ടര്‍ ഇന്‍സര്‍ജന്‍സി (Counter-insurgency) പ്രവര്‍ത്തനങ്ങളിലും മാവോയിസ്റ്റ് വിരുദ്ധ ഓപ്പറേഷനുകളിലും (Anti-Maoist operations) പ്രത്യേക പരിശീലനവും പ്രായോഗിക പരിചയവുമുള്ള ഉദ്യോഗസ്ഥനാണ്. എ.എസ്.പി.യായി നേരത്തെ വയനാട്ടില്‍ പ്രവര്‍ത്തിച്ചിട്ടുള്ളതിനാല്‍ ജില്ലയുടെ ഭൂപ്രകൃതിയും ആഭ്യന്തര സുരക്ഷാ വെല്ലുവിളികളും അദ്ദേഹത്തിന് നന്നായി അറിയാം. ഉരുള്‍പൊട്ടല്‍ അടക്കമുള്ള പ്രകൃതി ദുരന്തങ്ങളുടെ പശ്ചാത്തലത്തില്‍ ജില്ലയിലെ പോലീസ് സംവിധാനത്തെ കാര്യക്ഷമമായി ഏകോപിപ്പിക്കുന്നതില്‍ വിജയിക്കുകയും ചെയ്തു.

വയനാട് ജില്ലാ പോലീസ് കാര്യാലയത്തിനും (ഡിസ്ട്രിക്ട് പോലീസ് ഓഫീസ്) സുല്‍ത്താന്‍ ബത്തേരി സബ് ഡിവിഷണല്‍ പോലീസ് ഓഫീസിനും അന്താരാഷ്ട്ര നിലവാരത്തിലുള്ള അംഗീകാരമായ ഐ.എസ്.ഒ സര്‍ട്ടിഫിക്കേഷന്‍ അടക്കം ലഭിച്ചത് തപോഷിന്റെ കാലത്താണ്. പൊതുജനങ്ങള്‍ക്ക് മികവാര്‍ന്നതും സമയബന്ധിതവുമായ സേവനങ്ങള്‍ ഉറപ്പാക്കിയതിനും, അടിസ്ഥാന സൗകര്യങ്ങളുടെ ഗുണനിലവാരത്തിനുമാണ് ISO 9001:2015 സര്‍ട്ടിഫിക്കേഷന്‍ ഈ ഓഫീസുകള്‍ക്ക് നല്‍കിയത്. ഓഫീസുകളുടെ പ്രവര്‍ത്തനം സുതാര്യമാക്കിയതിനും, പരാതികള്‍ പരിഹരിക്കുന്നതിലെ കാര്യക്ഷമതയ്ക്കും, പോലീസ് സ്റ്റേഷനുകളിലെയും ഓഫീസുകളിലെയും മികച്ച അടിസ്ഥാന സൗകര്യങ്ങള്‍ക്കുമാണ് ഈ അന്താരാഷ്ട്ര പുരസ്‌കാരം ലഭിച്ചത്.

ഈ നേട്ടം വയനാട് ജില്ലാ പോലീസിന്റെ കൂട്ടായ പ്രവര്‍ത്തനത്തിന്റെയും സമര്‍പ്പണത്തിന്റെയും ഫലമാണെന്ന് ജില്ലാ പോലീസ് മേധാവി പറഞ്ഞിരുന്നു. ഐ.എസ്.ഒ അംഗീകാരം ലഭിച്ചതോടെ വയനാട്ടിലെ ഈ പോലീസ് ഓഫീസുകള്‍ അന്താരാഷ്ട്ര ഗുണനിലവാര മാനദണ്ഡങ്ങള്‍ പാലിക്കുന്ന സ്ഥാപനങ്ങളുടെ പട്ടികയില്‍ ഇടംപിടിക്കുകയും ചെയ്തു.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.