‘ആ വിസ്മയം കാണാന്‍ ഇനി വിരലിലെണ്ണാവുന്ന ദിവസങ്ങള്‍ മാത്രം! ‘ എല്‍.ഡി.എഫും എന്‍.ഡി.എയും ശിഥിലമാകും; കൂടുതല്‍ കക്ഷികള്‍ യു.ഡി.എഫിലേക്ക് വരും; ഖജനാവിലെ പണമെടുത്ത് ക്വിസ് മത്സരം നടത്തി കുട്ടികളെക്കൊണ്ട് പിണറായി എന്ന് പറയിപ്പിക്കുന്നു; സര്‍ക്കാരിനെതിരെ വിഡി സതീശന്‍

തിരുവനന്തപുരം : തിരഞ്ഞെടുപ്പിന് മുന്നോടിയായി കേരള രാഷ്ട്രീയത്തില്‍ വലിയ അഴിച്ചുപണികള്‍ ഉണ്ടാകുമെന്ന സൂചനയുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. എല്‍.ഡി.എഫില്‍ നിന്നും എന്‍.ഡി.എയില്‍ നിന്നും പ്രധാന കക്ഷികള്‍ യു.ഡി.എഫിലേക്ക് വരുമെന്നും വിരലിലെണ്ണാവുന്ന ദിവസങ്ങള്‍ക്കുള്ളില്‍ ആ ‘വിസ്മയം’ എല്ലാവരും കാണുമെന്നും അദ്ദേഹം തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.

കേരള കോണ്‍ഗ്രസ് (എം) ഉള്‍പ്പെടെയുള്ള പാര്‍ട്ടികളുടെ വിശ്വാസ്യതയെ താന്‍ ചോദ്യം ചെയ്യുന്നില്ലെന്നും എന്നാല്‍ വരും ദിവസങ്ങളില്‍ രാഷ്ട്രീയ വിസ്മയങ്ങള്‍ സംഭവിക്കുമെന്നും അദ്ദേഹം പറഞ്ഞു. നിഷ്പക്ഷരായ ആളുകളും മറ്റു മുന്നണികളിലെ ഘടകകക്ഷികളും യു.ഡി.എഫ് പ്ലാറ്റ്ഫോമിലേക്ക് വരാന്‍ തയ്യാറെടുക്കുകയാണെന്ന് അദ്ദേഹം വെളിപ്പെടുത്തി.

സര്‍ക്കാര്‍ ചെലവില്‍ പി.ആര്‍.ഡി നടത്തുന്ന ക്വിസ് മത്സരത്തെ സതീശന്‍ രൂക്ഷമായി പരിഹസിച്ചു. എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം ‘പിണറായി വിജയന്‍’ എന്ന് കുട്ടികളെക്കൊണ്ട് പറയിപ്പിക്കുന്നത് നാണംകെട്ട പരിപാടിയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് നടത്തുന്ന ഇത്തരം പി.ആര്‍ സ്റ്റണ്ടുകള്‍ കേരളത്തിന് തന്നെ അപമാനമാണെന്നും അദ്ദേഹം പറഞ്ഞു.

സി.പി.എം വോളന്റിയര്‍മാര്‍ സര്‍ക്കാര്‍ ചെലവില്‍ വീടുകള്‍ സന്ദര്‍ശിക്കുന്നത് തിരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന്റെ ഭാഗമാണ്. ഇതിനായി ഖജനാവില്‍ നിന്ന് പണമെടുക്കുന്നത് അംഗീകരിക്കില്ല. ഇതിന് കൂട്ടുനില്‍ക്കുന്ന ഉദ്യോഗസ്ഥരില്‍ നിന്ന് പണം തിരിച്ചടപ്പിക്കാന്‍ ഏതറ്റം വരെയും നിയമപോരാട്ടം നടത്തുമെന്നും പ്രതിപക്ഷ നേതാവ് മുന്നറിയിപ്പ് നല്‍കി.

 

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.