നൈറ്റ് ക്ലബ്ബിലെ അടിപിടി; ഇംഗ്ലണ്ട് ക്രിക്കറ്റ് താരം ഹാരി ബ്രൂക്കിന് പണികിട്ടി! ലക്ഷങ്ങള്‍ പിഴയിട്ട് ഇസിബി, ടി20 ലോകകപ്പ് ക്യാപ്റ്റന്‍ സ്ഥാനം തെറിക്കുമോ?

ലണ്ടന്‍ : ഇംഗ്ലണ്ട് ക്രിക്കറ്റ് താരം ഹാരി ബ്രൂക്കിന് നൈറ്റ് ക്ലബ് വിവാദത്തില്‍ കനത്ത തിരിച്ചടി. കരാര്‍ ലംഘനം നടത്തിയതിന് ഇംഗ്ലണ്ട് ആന്‍ഡ് വെയില്‍സ് ക്രിക്കറ്റ് ബോര്‍ഡ് താരത്തിന് 30,000 പൗണ്ട് (ഏകദേശം 33 ലക്ഷം രൂപ) പിഴ ചുമത്തി. എന്നാല്‍ വരാനിരിക്കുന്ന ടി20 ലോകകപ്പില്‍ ക്യാപ്റ്റനായി ബ്രൂക്ക് തന്നെ തുടരുമെന്ന് ഇ.സി.ബി വ്യക്തമാക്കി.

കഴിഞ്ഞ നവംബറില്‍ ന്യൂസീലന്‍ഡ് പര്യടനത്തിനിടെയാണ് സംഭവം നടന്നത്. മൂന്നാം ഏകദിനത്തിന് തലേദിവസം രാത്രി അമിതമായി മദ്യപിച്ച് വെല്ലിങ്ടണിലെ നൈറ്റ് ക്ലബ്ബില്‍ കയറാന്‍ ശ്രമിച്ച ബ്രൂക്കിനെ ബൗണ്‍സര്‍മാര്‍ തടഞ്ഞു. ഇത് വാഗ്വാദത്തിലേക്കും പിന്നീട് കൈയാങ്കളിയിലേക്കും മാറുകയായിരുന്നു.

തന്റെ മോശം പ്രവൃത്തി ടീമിനും വ്യക്തിപരമായ അന്തസ്സിനും കോട്ടമുണ്ടാക്കിയെന്ന് സമ്മതിച്ച ബ്രൂക്ക് നിരുപാധികമായി മാപ്പ് അപേക്ഷിച്ചു. ഇതോടെയാണ് വിലക്ക് പോലുള്ള കടുത്ത ശിക്ഷകളില്‍ നിന്ന് താരം രക്ഷപ്പെട്ടത്. ഈ മാസം 19-ന് ടി20 ലോകകപ്പിനായി ശ്രീലങ്കയിലേക്ക് തിരിക്കുന്ന ഇംഗ്ലണ്ട് ടീമിനെ ബ്രൂക്ക് തന്നെ നയിക്കും.

ആഷസ് പരമ്പരയില്‍ ഇംഗ്ലണ്ടിന്റെ തോല്‍വിയും ബ്രൂക്കിന്റെ ഫോമില്ലായ്മയും വലിയ ചര്‍ച്ചയായിരുന്നു. ആഷസില്‍ 358 റണ്‍സ് നേടിയെങ്കിലും സ്ഥിരതയാര്‍ന്ന പ്രകടനം പുറത്തെടുക്കാന്‍ താരത്തിന് കഴിഞ്ഞിരുന്നില്ല. നൈറ്റ് ക്ലബ് വിവാദം നടന്നതിന് പിന്നാലെ നടന്ന ഏകദിനത്തില്‍ ഇംഗ്ലണ്ട് 0-3 ന് പരമ്പര തോല്‍ക്കുകയും ചെയ്തിരുന്നു.

 

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.