തൊണ്ടിമുതൽ കേസിൽ ആന്റണി രാജുവിന് ശിക്ഷ; മയക്കുമരുന്ന് കേസിൽ സർക്കാർ അപ്പീൽ നൽകുമോ

Antony Raju sentenced in Thondimala case; Will the government appeal in the drug case
തിരുവനന്തപുരം: തൊണ്ടിവസ്തു മാറ്റിയ കേസിൽ പ്രതികളെ ശിക്ഷിച്ചിട്ടും വിദേശപൗരൻ പ്രതിയായ മയക്കുമരുന്ന് കേസിൽ അപ്പീൽ ഹർജി സമർപ്പിക്കുന്നതിനെക്കുറിച്ച് ആലോചിക്കാതെ സംസ്ഥാന സർക്കാർ. ഹൈക്കോടതി പ്രതിയെ കുറ്റവിമുക്തനാക്കിയ ഈ കേസിൽ ഇനി സുപ്രീം കോടതിയിലാണ് അപ്പീൽ ഫയൽ ചെയ്യേണ്ടത്.
തിരുവനന്തപുരം നഗരത്തിലെ വലിയതുറ പോലീസ് സ്റ്റേഷനിൽ 1990ൽ ക്രൈം നമ്പർ 60 ആയി രജിസ്റ്റർ ചെയ്ത മയക്കുമരുന്ന് കേസിൽ പ്രതിയായ ഓസ്ട്രേലിയൻ പൗരൻ ആൻഡ്രൂ സാൽവഡോർ സർവേലിക്ക് വിചാരണ കോടതിയായ തിരുവനന്തപുരം സെഷൻസ് കോടതി 10 വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചിരുന്നു. മയക്കുമരുന്ന് നിരോധന നിയമം 21 (ബി )പ്രകാരം അന്നത്തെ പൂന്തുറ സർക്കിൾ ഇൻസ്പെക്ടർ കെ കെ. ജയ മോഹൻ കുറ്റപത്രം സമർപ്പിച്ച കേസിലായിരുന്നു ഈ വിധി.
ഈ വിധിക്കെതിരെ ഹൈക്കോടതിയിൽ പ്രതിഭാഗം നൽകിയ അപ്പീലിലാണ് ആൻഡ്രൂ കുറ്റവിമുക്ത നാക്കപ്പെട്ടത്. മയക്കുമരുന്ന് കടത്താൻ ഉപയോഗിച്ചു എന്നുപറഞ്ഞ് പോലീസ് കോടതിയിൽ തൊണ്ടി വസ്തുവായി ഹാജരാക്കിയ ജട്ടി പ്രതിക്ക് ധരിക്കാൻ പാകത്തിലുള്ളതല്ലെന്ന ഒരു കണ്ടെത്തലിൽ ആയിരുന്നു ഹൈക്കോടതി വിധിയുണ്ടായത്.
“കടും നീല നിറത്തിലുള്ളതും ബനിയൻ തുണിയിൽ തുന്നിയതുമായ മുഷിഞ്ഞ ജട്ടി” ആയിരുന്നു തൊണ്ടിവസ്തു. തൊണ്ടി നമ്പർ 241/ 1990 ആയി തിരുവനന്തപുരം ജുഡീഷ്യൽ സെക്കൻഡ് ക്ലാസ് മജിസ്ട്രേറ്റ് കോടതി-2ൽ  സൂക്ഷിച്ചിരുന്ന ഈ ജട്ടി ഹൈക്കോടതിയിലെ പരിശോധനാ വേളയിൽ പ്രതിയ്ക്ക് ധരിക്കാൻ കഴിയാത്തത്ര ചെറുതാണെന്ന് കണ്ടെത്തുകയായിരുന്നു.
കുറ്റവിമുക്തനായ പ്രതി ഇന്ത്യ വിട്ട് സ്വന്തം രാജ്യമായ ആസ്‌ട്രേലിയയിലേക്ക്  പോയെങ്കിലും ഒരു കൊലക്കേസിൽ മാതൃരാജ്യത്ത് ജയിലിലായ അയാളിൽ നിന്നും കിട്ടിയ ചില വിവരങ്ങൾ ജട്ടി ചെറുതായതിനെ കുറിച്ചുള്ള അന്വേഷണത്തിന് കാരണമായി. അങ്ങനെയാണ് കോടതിയിൽ സൂക്ഷിച്ചിരുന്ന ജട്ടിയിൽ കൃത്രിമം നടന്നതായി സംശയം ഉയർന്നത്.
 കോടതിയുടെ പരാതി പ്രകാരം വഞ്ചിയൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്തു നടത്തിയ അന്വേഷണത്തിലാണ് ‘ചെറുതായ ജട്ടി’യുടെ പിന്നാമ്പുറ കഥകളുടെ ചുരുളഴിഞ്ഞത്.
വലിയതുറ പോലീസ് സ്റ്റേഷന്റെ ഫയലിംഗ് കോടതിയായ തിരുവനന്തപുരം ജുഡീഷ്യൽ സെക്കൻഡ് ക്ലാസ് മജിസ്ട്രേറ്റ് കോടതി-2 ൽ  തൊണ്ടിവസ്തുവായി സൂക്ഷിച്ചിരുന്ന പ്രതിയായ വിദേശിയുടെ ജട്ടി അദ്ദേഹത്തിന്റെ അഭിഭാഷകയായ സെലിൻ വിൽ ഫ്രഡിന്റെ ജൂനിയർ അഭി ഭാഷകനായ ആന്റണി രാജു കോടതിയിലെ തൊണ്ടി ക്‌ളർക്കായിരുന്ന ജോസിൽ നിന്നും കൈപ്പറ്റുകയും പുറത്തുകൊണ്ടുപോയി വെട്ടി ചെറുതാക്കി തയ്ച്ചശേഷം തിരികെ കൊണ്ട് വയ്ക്കുകയുമായിരുന്നു.
1990 ആഗസ്റ്റ്  9 ന്  ആന്റണി രാജു കൈപ്പറ്റിയ ഈ തൊണ്ടിവസ്തു നാല് മാസങ്ങൾക്ക് ശേഷം ഡിസംബർ 5നാണ് തിരികെ കൊണ്ടെത്തിച്ചത്.
കേസിൽ ജയിലിൽ ആയിരുന്ന ആൻഡ്രൂവിന്റെ സ്വകാര്യ വസ്തുക്കൾ മഹസർ എഴുതി പോലീസ് കോടതിയിൽ സമർപ്പിച്ചിരുന്നു. 50 വസ്തുക്കളാണ് ഇങ്ങനെ ഉണ്ടായിരുന്നത്. ഇവ തിരികെ നൽകണമെന്ന് ആവശ്യപ്പെട്ട് സെലിൻ വിൽഫ്രണ്ട് കോടതിയിൽ ഹർജി നൽകുകയും ഇവ തിരികെ നൽകാൻ കോടതി ഉത്തരവ് നൽകുകയും ചെയ്തു. ഈ ഉത്തരവിന്റെ മറവിലാണ് ആന്റണി രാജു തൊണ്ടിമുതൽ സൂക്ഷിക്കാൻ ചുമതലപ്പെട്ട കോടതി ജീവനക്കാരനായ ജോസിന്റെ സഹായത്തോടെ തൊണ്ടി വസ്തുവായ അടിവസ്ത്രം അടിച്ചുമാറ്റിയത്.
വഞ്ചിയൂർ പോലീസ് രജിസ്റ്റർചെയ്ത കേസിൽ മൂന്നു പതിറ്റാണ്ട് നീണ്ട നിയമ യുദ്ധത്തിനുശേഷം കഴിഞ്ഞ മൂന്നാം തീയതി കോടതി വിധി പറഞ്ഞു. ഒന്നാം പ്രതി ജോസും രണ്ടാംപ്രതി ആന്റണി രാജുവും മൂന്ന് വർഷം തടവിന് ശിക്ഷിക്കപ്പെട്ടു.
 1990ൽ ജൂനിയർ അഭിഭാഷകനായിരുന്ന ആന്റണി രാജു പിന്നീട് കേരള കോൺഗ്രസ് (ജോസഫ്) വിഭാഗത്തിന്റെ ബാനറിൽ ഇടതുമുന്നണി പിന്തുണയിൽ എം എൽ എ ആയി. കേരള കോൺഗ്രസ് (ജോസഫ് ) വിഭാഗം എൽ ഡി എഫ് വിട്ടു യു ഡി എഫ് ലേക്ക് പോയതോടെ ജനാധിപത്യ കേരള കോൺഗ്രസ് എന്ന പേരിൽ പുതിയ രാഷ്ട്രീയപാർട്ടി ഉണ്ടാക്കി  എൽ ഡി എഫിൽ ഘ ടകകക്ഷിയായി തുടർന്ന
ആന്റണി രാജു വീണ്ടും ഒരു പ്രാവശ്യം കൂടി  നിയമസഭാംഗമായി. രണ്ടര വർഷക്കാലം മന്ത്രിയാവുകയും ചെയ്തു.
എംഎൽഎ ആയിരിക്കയാണ് ആന്റണി രാജു ശിക്ഷിക്കപ്പെടുന്നത്. ഈ കേസിന് കൂടുതൽ വാർത്താപ്രാധാന്യം ലഭിച്ചതിന്റെ കാരണവും ഇത് തന്നെയാണ്.
ഹൈക്കോടതി കേസിലെ പ്രതിയെ കുറ്റവിമുക്തനാക്കാൻ കാരണമായി കണ്ടെത്തിയ’ചെറിയ ജെട്ടി ‘യഥാർത്ഥത്തിൽ ‘വലുതായിരുന്നു’ എന്ന് ജോസും ആന്റണി രാജുവും ശിക്ഷിക്കപ്പെട്ടതോടെ തെളിഞ്ഞുകഴിഞ്ഞു. അതുകൊണ്ടുതന്നെ 31 വർഷം മുൻപ് ഓസ്ട്രേലിയൻ പൗരൻ കുറ്റവിമുക്ത നാക്കപ്പെട്ടതിനെതിരെ   സുപ്രീം കോടതിയെ സമീപിക്കാൻ സർക്കാരിന് ഇപ്പോഴും കഴിയും.
അപ്പീൽ സമർപ്പിക്കാൻ ഉണ്ടായ കാലതാമസം കൃത്യമായി വിശദീകരിക്കാനും കോടതിയെ ബോധ്യപ്പെടുത്താനും പുതിയ കേസിലെ വിധിയും കേസിന്റെ നാൾവഴികളും ധാരാളം മതിയാകും.
തൊണ്ടി മാറ്റിയ കേസിൽ ശിക്ഷിക്കപ്പെട്ടത് ഭരണമുന്നണിയിലെ ഒരു പ്രധാന നേതാവായതിനാൽ ആ കേസ് വീണ്ടും നിയമത്തിന്റെ മുന്നിൽ കൊണ്ടുവരാൻ സർക്കാർ തയ്യാറാകുമോ എന്നാണ് ഇനി കണ്ടറിയേണ്ടത്.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.