കൊച്ചി: പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ പുനര്‍ജനി പദ്ധതിയുമായി ബന്ധപ്പെട്ട് സിബിഐ അന്വേഷണം വരും. വിദേശനാണ്യ വിനിമയ ചട്ടലംഘനം നടന്നിട്ടുണ്ടോ എന്നാണ് ഇ.ഡി. കൊച്ചി യൂണിറ്റ് പരിശോധിക്കുന്നത്. പറവൂര്‍ മണ്ഡലത്തിലെ പ്രളയദുരിതാശ്വാസത്തിനായി നടപ്പിലാക്കിയ പുനര്‍ജനി പദ്ധതിക്കായി വിദേശത്തുനിന്ന് നിയമവിരുദ്ധമായി പണം സമാഹരിച്ചെന്ന പരാതിയില്‍ വിജിലന്‍സ് നേരത്തെ എഫ്.ഐ.ആര്. രജിസ്റ്റര്‍ ചെയ്തിരുന്നു. ഈ വിജിലന്‍സ് കേസിന്റെ അടിസ്ഥാനത്തിലാണ് ഇഡി പ്രാഥമിക അന്വേഷണത്തിലേക്ക് കടന്നിരുന്നു. ഈ കേസാണ് സിബിഐയ്ക്ക് വിടുന്നത്.
വിദേശയാത്രകള്‍ക്കിടെ ചട്ടങ്ങള്‍ ലംഘിച്ച് പണം സ്വീകരിച്ചെന്ന ആരോപണത്തില്‍ വിജിലന്‍സ് ശേഖരിച്ച വിവരങ്ങള്‍ ഇ.ഡി. ആവശ്യപ്പെട്ടിരുന്നു. പ്രാഥമിക പരിശോധനയില്‍ പരാതിയില്‍ കഴമ്പുണ്ടെന്ന് കണ്ടാല്‍ കേസെടുത്ത് മുന്നോട്ട് പോകാനായിരുന്നു തീരുമാനം. പക്ഷേ മുമ്പോട്ട് പോയില്ല. ഇതിനിടെയാണ് സിബിഐ എത്തുന്നത്. 2018-ലെ പ്രളയത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്കായി വിദേശത്തുനിന്ന് പണം സമാഹരിച്ചതില്‍ വിദേശനാണ്യ വിനിമയ ചട്ടലംഘനം നടന്നിട്ടുണ്ടോ എന്നാണ് കേന്ദ്ര ഏജന്‍സി പ്രധാനമായും അന്വേഷിക്കുന്നത്. ഇതിനിടെയാണ് വിജിലന്‍സ് റിപ്പോര്‍ട്ട് മുഖ്യമന്ത്രി പിണറായി വിജയന് കിട്ടുന്നത്. ഇതില്‍ സിബിഐ അന്വേഷണ ശുപാര്‍ശയുണ്ട്. ഇത് സര്‍ക്കാര്‍ അംഗീകരിച്ചേക്കും.
വിജിലന്‍സ് ഡയറക്ടറായിരുന്ന യോഗേഷ് ഗുപ്തയാണ് സിബിഐ അന്വേഷണത്തിന് ശുപാര്‍ശ ചെയ്തത്. ഈ റിപ്പോര്‍ട്ടാണ് ഇപ്പോള്‍ സര്‍ക്കാരിന് കിട്ടുന്നത്. ഉടന്‍ ഇക്കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനം എടുക്കും. നേരത്തെ വിജിലന്‍സ് തള്ളിക്കളഞ്ഞതും ഹൈക്കോടതി രണ്ടുതവണ പരിഗണിക്കാതിരുന്നതുമായ പരാതിയാണിപ്പോള്‍ രാഷ്ട്രീയ വിവാദങ്ങള്‍ക്കിടെ വീണ്ടും സജീവമായിരിക്കുന്നത്. ദുബായ്, യുകെ തുടങ്ങിയ രാജ്യങ്ങള്‍ സന്ദര്‍ശിച്ച് വി.ഡി. സതീശന് പണപ്പിരിവ് നടത്തിയെന്നും ഇതില്‍ ക്രമക്കേടുണ്ടെന്നുമാണ് പരാതിക്കാരനായ ജയ്സണ്‍ പാനികുളങ്ങരയുടെ ആരോപണം.
കേസ് നടപടികൾക്ക് പിന്നാലെ ദിലീപ് ശബരിമലയിൽ: പതിനെട്ടാം പടി ഒഴിവാക്കി, തന്ത്രിയുമായി കൂടിക്കാഴ്ച; ‘ഭഭബ’യ്ക്ക് അനുഗ്രഹം തേടി
എന്നാല്‍, താന്‍ നേരിട്ട് പണം പിരിച്ചിട്ടില്ലെന്നും സ്പോണ്‍സര്‍മാരെ കണ്ടെത്തി അവര്‍ വഴി നേരിട്ടാണ് വീടുകള്‍ നിര്‍മ്മിച്ചു നല്‍കിയതെന്നുമാണ് വി.ഡി. സതീശന്റെ വിശദീകരണം. ഇതുവരെ 280 വീടുകള്‍ പദ്ധതിയിലൂടെ നിര്‍മ്മിച്ചു നല്‍കിയിട്ടുണ്ട്. എന്നാല്‍ ക്രമക്കേട് നടന്നുവെന്നാണ് വിജിലന്‍സ് കണ്ടെത്തല്‍. വിദേശ രാജ്യങ്ങളും കൂടി പരിധിയിലുള്ളതിനാലാണ് സിബിഐ അന്വേഷണ ശുപാര്‍ശ.
പൊതുഖജനാവിന് നഷ്ടമുണ്ടാകാത്ത കേസില്‍ വിജിലന്‍സ് അന്വേഷണം നിയമപരമായി നിലനില്‍ക്കുമോ എന്ന സംശയം ഉദ്യോഗസ്ഥര്‍ക്കിടയില്‍ തന്നെയുണ്ടായിരുന്നു. എങ്കിലും, വിജിലന്‍സ് എടുത്ത എഫ്.ഐ.ആറിന്റെ അടിസ്ഥാനത്തില്‍ ഇ.ഡി. കൊച്ചി യൂണിറ്റ് വിവരശേഖരണം തുടങ്ങുകയും ചെയ്തു. വിദേശ ഫണ്ട് കൈകാര്യം ചെയ്തതില്‍ ക്രമക്കേട് ബോധ്യപ്പെട്ടാല്‍ സതീശനെതിരെ ഇ.ഡി. ഔദ്യോഗികമായി കേസെടുക്കും എന്നായിരുന്നു പ്രതീക്ഷ. എന്നാല്‍ ഒന്നും സംഭവിച്ചില്ല. ഈ കേസാണ് തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ സിബിഐയിലേക്ക് എത്തുന്നത്.


വേട്ടക്കാരന് ഇതാ ഓടിയൊളിക്കുന്നു; പീഡനക്കേസില്‍ കുടുങ്ങിയ ഡി.വൈ.എഫ്.ഐ നേതാവ് അലന് മാത്യു മുങ്ങി; തിരയാന്‍ പ്രത്യേക സംഘം; സി.പി.എമ്മിന് പ്രഹരം





