തിരുവനന്തപുരം: മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട നിയമപോരാട്ടങ്ങള്‍ക്കൊടുവില്‍ വിവാദമായ തൊണ്ടിമുതല്‍ കേസില്‍ മുന്‍മന്ത്രിയും തിരുവനന്തപുരം എംഎല്‍എയുമായ ആന്റണി രാജു കുറ്റക്കാരനാണെന്ന് നെടുമങ്ങാട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി വിധിച്ചു. മയക്കുമരുന്ന് കേസിലെ പ്രതിയെ രക്ഷിക്കാന്‍ കോടതിയിലെ തൊണ്ടിമുതലില്‍ കൃത്രിമം നടത്തിയെന്ന കേസില്‍ ആന്റണി രാജുവിനെതിരെ ഗൂഢാലോചനയും തെളിവ് നശിപ്പിക്കലും ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ തെളിഞ്ഞതായി കോടതി വ്യക്തമാക്കി. കേസില്‍ കോടതി ജീവനക്കാരനായിരുന്ന ഒന്നാം പ്രതി ജോസും കുറ്റക്കാരനാണ്.
1990-ല്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ ഹെറോയിനുമായി പിടിയിലായ ഓസ്ട്രേലിയന്‍ പൗരന് ആന്‍ഡ്രൂ സാല്‍വദോര്‍ സര്‍വലിയെ രക്ഷിക്കാന്‍, അന്ന് അഭിഭാഷകനായിരുന്ന ആന്റണി രാജു കോടതിയിലെ തൊണ്ടിമുതലായ അടിവസ്ത്രത്തില്‍ കൃത്രിമം കാണിച്ചെന്നാണ് കേസ്. പ്രതിക്ക് പാകമാകാത്ത വിധം അടിവസ്ത്രം വെട്ടിത്തയ്ച്ച് ചെറുതാക്കി കോടതിയെ തെറ്റിദ്ധരിപ്പിക്കുകയും അതുവഴി പ്രതിയെ മോചിപ്പിക്കുകയും ചെയ്തു. പിന്നീട് മറ്റൊരു കേസില്‍ പെട്ട വിദേശി തന്നെ ഈ രഹസ്യം വെളിപ്പെടുത്തിയതോടെയാണ് ആന്റണി രാജു കുടുങ്ങിയത്. കുറ്റപത്രം റദ്ദാക്കാന്‍ ആന്റണി രാജു സുപ്രീം കോടതി വരെ പോയെങ്കിലും അനുകൂല വിധി ലഭിച്ചില്ല. കേസ് അതീവ ഗൗരവകരമാണെന്ന സുപ്രീം കോടതി നിരീക്ഷണം വിചാരണ വേഗത്തിലാക്കാന്‍ കാരണമായി.
നിലവില്‍ എംഎല്‍എയായ ആന്റണി രാജുവിന് ഈ വിധി വലിയ രാഷ്ട്രീയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും. ജനപ്രാതിനിധ്യ നിയമപ്രകാരം രണ്ട് വര്‍ഷമോ അതിലധികമോ തടവ് ശിക്ഷ ലഭിച്ചാല്‍ ആ നിമിഷം മുതല്‍ അദ്ദേഹത്തിന് എംഎല്‍എ സ്ഥാനം നഷ്ടമാകും. ഐപിസി 468 ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രകാരം ഏഴ് വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണിത്. ശിക്ഷാവിധി മേല്‍ക്കോടതി സ്റ്റേ ചെയ്തില്ലെങ്കില്‍ ആന്റണി രാജുവിന് നിയമസഭയില്‍ നിന്ന് പുറത്തുപോകേണ്ടി വരും. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന വേളയില്‍ സര്‍ക്കാരിനും ഇടതുമുന്നണിക്കും ഈ വിധി വലിയ രാഷ്ട്രീയ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. നീതിന്യായ വ്യവസ്ഥയെ തന്നെ അട്ടിമറിക്കാന്‍ ശ്രമിച്ചു എന്ന ആരോപണം വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷം പ്രധാന ആയുധമാക്കും.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


പശ്ചിമേഷ്യയില്‍ 3 ഇന്ത്യന്‍ നാവികര്‍ കൊല്ലപ്പെട്ടു; ഇറാനെ ചുട്ടെരിക്കുമെന്ന് ട്രംപ്; പത്തിവിടര്‍ത്തി ലാരിജാനി; ഹോര്‍മുസ് കടലിടുക്കില്‍ 700 ഇന്ത്യന്‍ സൈനികര്‍; ആശങ്ക തുടരുന്നു




