തെന്നിന്ത്യൻ സിനിമയിലെ ഇതിഹാസം യാത്രയായി; സംവിധായകൻ ഭാരതിരാജ അന്തരിച്ചു

ചെന്നൈ: തെന്നിന്ത്യൻ സിനിമയിലെ ഇതിഹാസ സംവിധായകൻ ഭാരതിരാജ ചെന്നൈയിൽ അന്തരിച്ചു. 84 വയസായിരുന്നു അദ്ദേഹത്തിന്. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചെന്നൈയിലെ വസതിയിൽ വിശ്രമത്തിലായിരിക്കെയാണ് അദ്ദേഹത്തിന്റെ അന്ത്യം സംഭവിച്ചത്. മകൻ മനോജിന്റെ അപ്രതീക്ഷിത വിയോഗം അദ്ദേഹത്തിന്റെ ആരോഗ്യനിലയെ കൂടുതൽ വഷളാക്കിയിരുന്നു. യഥാർത്ഥ ജീവിത സ്പർശമുള്ള ഗ്രാമീണ ദൃശ്യങ്ങളിലൂടെ തമിഴ് സിനിമയുടെ ഭാവുകത്വം മുഴുവനായി മാറ്റിമറിച്ച ഈ പ്രതിഭ ആറ് തവണ ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. ചലച്ചിത്ര ലോകത്തിന് നൽകിയ സമഗ്ര സംഭാവനകൾ പരിഗണിച്ച് 2004-ൽ രാജ്യം അദ്ദേഹത്തെ പത്മശ്രീ പുരസ്കാരം നൽകി ആദരിച്ചിരുന്നു. കേരളവുമായുള്ള അടുത്ത ബന്ധത്തിന്റെ ഭാഗമായി 2013-ലെ കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് നിർണ്ണയ സമിതിയുടെ ജൂറി ചെയർമാനായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.

തമിഴ് സിനിമയെ സ്റ്റുഡിയോ സെറ്റുകളിൽ നിന്ന് ഔട്ട്ഡോർ ലൊക്കേഷനുകളിലേക്ക് ഇറക്കിനടത്തിയ വിപ്ലവകാരിയായ സംവിധായകനായിരുന്നു ഭാരതിരാജ. 1977-ൽ കമൽഹാസനും ശ്രീദേവിയും രജനീകാന്തും തകർത്തഭിനയിച്ച ’16 വയതിനിലെ’ എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം തന്റെ സംവിധായക അരങ്ങേറ്റം കുറിച്ചത്. തുടർന്ന് കിഴക്കേ പോകുമെയിൽ, സിഗപ്പു റോജകൾ, നിഴൽഗൽ, അലൈകൾ ഓയിവതില്ലൈ, മുതൽ മര്യാദൈ, കിഴക്കു ചീമയിലെ തുടങ്ങി നിരവധി ക്ലാസിക് ചിത്രങ്ങൾ അദ്ദേഹം ചലച്ചിത്ര ലോകത്തിന് സമ്മാനിച്ചു. 2020-ൽ പുറത്തിറങ്ങിയ ‘മീണ്ടും ഒരു മര്യാദൈ’ എന്ന സിനിമയാണ് അദ്ദേഹം അവസാനമായി സംവിധാനം ചെയ്തത്.

സംവിധാനത്തിന് പുറമെ മികച്ചൊരു അഭിനേതാവ് കൂടിയായിരുന്നു അദ്ദേഹം. അടുത്തിടെ തരുൺ മൂർത്തിയുടെ സംവിധാനത്തിൽ മോഹൻലാൽ നായകനായി പുറത്തിറങ്ങിയ ‘തുടരും’ എന്ന ചിത്രത്തിൽ പഴയകാല സ്റ്റണ്ട് മാസ്റ്ററുടെ വേഷത്തിൽ ഭാരതിരാജ ശ്രദ്ധേയമായ പ്രകടനം കാഴ്ചവെച്ചിരുന്നു. ഇന്ത്യൻ സിനിമയിലെ ഒരു സുവർണ്ണ അധ്യായത്തിന് കൂടിയാണ് ഭാരതിരാജയുടെ വിയോഗത്തോടെ വിരാമമാകുന്നത്. ചലച്ചിത്ര സാംസ്കാരിക രംഗത്തെ പ്രമുഖർ അദ്ദേഹത്തിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി. ചന്ദ്രലീലാവതിയാണ് ഭാര്യ. ജനനി രാജ്കുമാർ, അന്തരിച്ച സംവിധായകനായ മനോജ് ഭാരതിരാജ എന്നിവർ മക്കളാണ്.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.