കൊച്ചി : നടിയെ ആക്രമിച്ച കേസിൽ മെമ്മറി കാർഡ് അനധികൃതമായി പരിശോധന നടത്തിയതുമായി ബന്ധപ്പെട്ട അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്ന് ജഡ്ജ് പിന്മാറി. ജസ്റ്റിസ് ജോബിൻ സെബാസ്റ്റ്യനാണ് പിന്മാറിയത്. അതിജീവിതയുടെ ഹർജി ഇനി മറ്റൊരു ബെഞ്ചായിരിക്കും പരിഗണിക്കുക. നേരത്തേ ഈ ഹർജി ഹൈക്കോടതിയുടെ മുമ്പാകെ വന്നപ്പോൾ ജോബിൻ സെബാസ്റ്റ്യൻ തന്നെയായിരുന്നു പരിഗണിച്ചത്.
മെമ്മറി കാർഡ് നിയമവിരുദ്ധമായി ചിലർ പരിശോധിച്ചിട്ടുണ്ടെന്ന് നേരത്തേ സിംഗിൾ ബെഞ്ച് കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഒരു അന്വേഷണത്തിന് നിർദേശം നൽകുകയും ചെയ്തിരുന്നു. ഈ അന്വേഷണത്തിനു പിന്നാലെ എന്ത് നടപടിയെടുത്തുവെന്ന് കോടതി ചോദിച്ചു. വകുപ്പു തലത്തിലുള്ളതും ക്രിമിനൽ തലത്തിലുമുള്ള നടപടികൾ ആരംഭിച്ചോയെന്നും കോടതി ചോദിച്ചു. ഈ വിഷയത്തിൽ സർക്കാർ അഭിഭാഷകനോട് ഉച്ചയ്ക്ക് മുൻപ് വിശദീകരണം അറിയിക്കണമെന്നും കോടതി ആവശ്യപ്പെട്ടിരുന്നു. അതിനിടയിൽ വീണ്ടും ഈ കേസെടുക്കുകയും, പരിശോധിച്ച ശേഷം ജഡ്ജി പിന്മാറുകയും ചെയ്യുകയായിരുന്നു.
മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങള്‍ ചോര്‍ന്നതില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസമായിരുന്നു അതിജീവിത ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. കോടതി മേല്‍നോട്ടത്തില്‍ പുതിയ അന്വേഷണം വേണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം. ദൃശ്യങ്ങള്‍ ചോര്‍ന്നതുമായി ബന്ധപ്പെട്ട കേസ് അട്ടിമറിക്കാന്‍ ബോധപൂര്‍വ്വമായ ശ്രമങ്ങള്‍ നടന്നിട്ടുണ്ടെന്നും അതിജീവിത ഹർജിയിൽ ആരോപിച്ചിരുന്നു. സുപ്രീം കോടതിയിലെ പ്രമുഖ അഭിഭാഷകയായ വൃന്ദ ഗ്രോവര്‍ ആണ് അതിജീവിതയ്ക്ക് വേണ്ടി പുതിയ ഹര്‍ജി ഫയല്‍ ചെയ്തത്.
സംസ്ഥാനത്ത് മഴ കനക്കുന്നു ; മൺസൂൺ നേരത്തെയെത്തും


മോഡലിംഗിന്റെ മറവിലെ പെൺവാണിഭം ; മുഖ്യസൂത്രധാരൻ പിടിയിൽ ;





