അജിത് കുമാറിനെതിരെ നടപടി വൈകുന്നത് എന്തുകൊണ്ട്? ഫോട്ടോഗ്രാഫറുടെ മൊഴി നിര്‍ണ്ണായകം; കുരുക്കില്‍ പിണറായിയുടെ വിശ്വസ്തര്‍

തിരുവനന്തപുരം: നവകേരള യാത്രയ്ക്കിടെ കെഎസ് യു, യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗണ്‍മാനും സുരക്ഷാ സംഘവും ക്രൂരമായി തല്ലിച്ചതച്ച കേസില്‍ അട്ടിമറി ശ്രമങ്ങള്‍ ഒന്നൊന്നായി പുറത്തുവരികയാണ്. പ്രതികളെ രക്ഷിക്കാന്‍ എഡിജിപി എം.ആര്‍. അജിത് കുമാറിന്റെ ഓഫീസില്‍ വെച്ച് വ്യാജ റഫര്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയെന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ (എസ്.ഐ.ടി) കണ്ടെത്തല്‍ ആഭ്യന്തര വകുപ്പിനെ നാണംകെടുത്തുന്നതാണ്. എന്നാല്‍, ഇത്രയും ഗുരുതരമായ കുറ്റകൃത്യം തെളിഞ്ഞിട്ടും എഡിജിപിക്കെതിരെ നടപടിയെടുക്കാന്‍ സര്‍ക്കാര്‍ മടിക്കുന്നത് എന്തുകൊണ്ടെന്ന ചോദ്യം ശക്തമാകുന്നു.
കേസിലെ ആരോപണവിധേയരായ സുരക്ഷാ ഉദ്യോഗസ്ഥരും അവര്‍ക്ക് രക്ഷാകവചമൊരുക്കിയ എഡിജിപിയും മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ഏറ്റവും അടുത്ത വിശ്വസ്തരാണ് എന്നതാണ് ഈ അനാസ്ഥയ്ക്ക് പിന്നിലെ പ്രധാന കാരണം. പിണറായി വിജയന്‍ ഭരണത്തിലിരുന്നപ്പോള്‍ പ്രതിപക്ഷ പ്രതിഷേധങ്ങളെ അടിച്ചമര്‍ത്താന്‍ മുന്‍പന്തിയില്‍ നിന്നവരാണ് ഇവര്‍. പിണറായിയുടെ വിശ്വസ്തര്‍ക്കെതിരെ നടപടിയെടുത്താല്‍ അത് പാര്‍ട്ടിക്ക് വലിയ രാഷ്ട്രീയ തിരിച്ചടിയാകുമെന്ന ഭയമാണ് ഉന്നത ഉദ്യോഗസ്ഥനെ തൊടാന്‍ മടിക്കുന്നതിന് പിന്നില്‍.
കേസ് നിലനില്‍ക്കില്ലെന്ന് കാണിച്ച് ആദ്യ അന്വേഷണസംഘം കോടതിയില്‍ സമര്‍പ്പിച്ച റഫര്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയത് എഡിജിപി എം.ആര്‍. അജിത് കുമാറിന്റെ ഓഫീസില്‍ വെച്ചാണെന്നാണ് എസ്.ഐ.ടി സെഷന്‍സ് കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. വസ്തുതകള്‍ക്ക് വിരുദ്ധമായ കാര്യങ്ങള്‍ കുത്തിനിറച്ചും, കേസ് ഡയറി അട്ടിമറിച്ചും പ്രതികളെ വെള്ളപൂശാന്‍ എഡിജിപിയുടെ ഓഫീസില്‍ ഉന്നതതല ഗൂഢാലോചന നടന്നുവെന്ന് ഇപ്പോള്‍ പകല്‍പോലെ വ്യക്തമായിരിക്കുകയാണ്.
കേസില്‍ എഡിജിപിയെയും സംഘത്തെയും പൂര്‍ണ്ണമായും പ്രതിക്കൂട്ടിലാക്കുന്നത് സ്വന്തം വകുപ്പിലെ ഫോട്ടോഗ്രാഫറുടെ മൊഴിയാണ്. സംഭവസ്ഥലത്ത് പൊലീസ് ഫോട്ടോഗ്രാഫര്‍ പകര്‍ത്തിയ വീഡിയോയില്‍ മര്‍ദ്ദന ദൃശ്യങ്ങളില്ലെന്നും അതിനാല്‍ കേസ് നിലനില്‍ക്കില്ലെന്നുമായിരുന്നു എഡിജിപിയുടെ ഓഫീസില്‍ ചമച്ച റിപ്പോര്‍ട്ട്. എന്നാല്‍, മര്‍ദ്ദനം നടക്കുമ്പോള്‍ താന്‍ അവിടെ ഉണ്ടായിരുന്നില്ലെന്നും, മര്‍ദ്ദനം കഴിഞ്ഞ് ആളുകള്‍ പോയ ശേഷമാണ് എത്തിയതെന്നും ഫോട്ടോഗ്രാഫര്‍ മൊഴി നല്‍കിയതോടെ എഡിജിപിയുടെ കള്ളക്കളി പൊളിഞ്ഞു.
പൊലീസ് ഫോട്ടോഗ്രാഫര്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ മര്‍ദ്ദനത്തിന് ശേഷമുള്ളതാണെന്ന് കേസ് ഡയറിയില്‍ വ്യക്തമായി രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ എഡിജിപിയുടെ ഓഫീസില്‍ വെച്ച് കേസ് ഡയറി തിരുത്തി, സംഭവത്തിന്റെ ദൃശ്യങ്ങള്‍ ഫോട്ടോഗ്രാഫറുടെ കൈവശം ഉണ്ടെന്ന് വരുത്തിത്തീര്‍ക്കുകയായിരുന്നു. കോടതിയെയും നിയമവ്യവസ്ഥയെയും കബളിപ്പിച്ച് പിണറായിയുടെ വിശ്വസ്തരായ ഗുണ്ടകളെ രക്ഷിക്കാന്‍ മനഃപൂര്‍വ്വം തെറ്റായ ആഖ്യാനം ചമയ്ക്കുകയായിരുന്നു എന്ന് എസ്.ഐ.ടി തുറന്നടിക്കുന്നു.
ആദ്യ അന്വേഷണ ഉദ്യോഗസ്ഥനും എഡിജിപിയുടെ ഓഫീസിലെ ജീവനക്കാരും എസ്.ഐ.ടിക്ക് നല്‍കിയ മൊഴികള്‍ എഡിജിപി അജിത് കുമാറിനെ നേരിട്ട് പ്രതിക്കൂട്ടിലാക്കുന്നതാണ്. റഫര്‍ റിപ്പോര്‍ട്ട് എഴുതിയത് എഡിജിപിയുടെ ഓഫീസില്‍ വെച്ചാണെന്ന് ഇവര്‍ സമ്മതിച്ചു കഴിഞ്ഞു. ഒരു കേസ് അട്ടിമറിക്കാന്‍ സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന ക്രമസമാധാന ചുമതലയുള്ള ഉദ്യോഗസ്ഥന്‍ തന്നെ നേരിട്ട് ഇടപെട്ടു എന്ന് തെളിഞ്ഞിട്ടും നടപടി വൈകുന്നത് ജനാധിപത്യത്തിന് അപമാനമാണ്.
വ്യാജരേഖ ചമയ്ക്കല്‍, തെളിവ് നശിപ്പിക്കല്‍, ഔദ്യോഗിക പദവി ദുരുപയോഗം ചെയ്യല്‍ തുടങ്ങിയ കടുത്ത കുറ്റങ്ങളാണ് എഡിജിപിക്കെതിരെ ഉയര്‍ന്നുവരുന്നത്. കോടതി നാളെ പ്രതികളുടെ മുന്‍കൂയൗശഹ േജാമ്യാപേക്ഷയില്‍ വിധി പറയുമ്പോള്‍ എസ്.ഐ.ടിയുടെ ഈ റിപ്പോര്‍ട്ട് നിര്‍ണ്ണായകമാകും. പ്രതികളുടെ ജാമ്യം തള്ളിയാല്‍, അവരെ സംരക്ഷിക്കാന്‍ വ്യാജരേഖ ഉണ്ടാക്കിയ എഡിജിപി അജിത് കുമാറിനെതിരെയും ക്രിമിനല്‍ കേസെടുത്ത് അന്വേഷണം നടത്തേണ്ടി വരും.
പിണറായി വിജയന്റെ ഭരണകാലത്ത് ആഭ്യന്തര വകുപ്പ് പൂര്‍ണ്ണമായും ചില ഉദ്യോഗസ്ഥ പ്രഭുക്കളുടെ കയ്യിലായിരുന്നു എന്ന ആരോപണം ശരിവെയ്ക്കുന്നതാണ് പുതിയ സംഭവവികാസങ്ങള്‍. പാര്‍ട്ടിക്കും മുഖ്യമന്ത്രിക്കും വേണ്ടപ്പെട്ടവര്‍ക്ക് എന്തും ചെയ്യാമെന്ന അവസ്ഥയുണ്ടായിരുന്നു. ഇപ്പോള്‍ പുതിയ ഭരണക്രമത്തിലും ഈ വിശ്വസ്തര്‍ക്കെതിരെ നടപടിയെടുക്കാന്‍ സര്‍ക്കാര്‍ മടിക്കുന്നത് ആഭ്യന്തര വകുപ്പിലെ അദൃശ്യമായ സ്വാധീനശക്തികള്‍ ഇപ്പോഴും സജീവമാണെന്നതിന്റെ തെളിവാണ്.
നവകേരള യാത്രയ്ക്കിടെ സാധാരണക്കാരായ ജനങ്ങള്‍ക്കും പ്രതിഷേധിച്ച യുവജന നേതാക്കള്‍ക്കും നേരെ മുഖ്യമന്ത്രിയുടെ ഗണ്‍മാനും സംഘവും അഴിച്ചുവിട്ടത് സമാനതകളില്ലാത്ത ഗുണ്ടായിസമായിരുന്നു. അതിനെ ‘രക്ഷാപ്രവര്‍ത്തനം’ എന്ന് വിളിച്ച് ന്യായീകരിച്ച മുന്‍ മുഖ്യമന്ത്രിയുടെ നിലപാടാണ് ഉദ്യോഗസ്ഥര്‍ക്ക് നിയമം കൈയിലെടുക്കാന്‍ ധൈര്യം നല്‍കിയത്. ആ സുരക്ഷാ ഗുണ്ടകളെ രക്ഷിക്കാന്‍ ഐപിഎസ് ഓഫീസര്‍ തന്നെ കള്ളക്കളി നടത്തിയെന്നത് പൊലീസിന്റെ വിശ്വാസ്യത പൂര്‍ണ്ണമായി തകര്‍ത്തു.
എഡിജിപി എം.ആര്‍. അജിത് കുമാറിനെയും പിണറായിയുടെ വിശ്വസ്തരായ സുരക്ഷാ ജീവനക്കാരെയും ഇനിയും സംരക്ഷിക്കാനാണ് സര്‍ക്കാര്‍ ഭാവമെങ്കില്‍ വലിയ രാഷ്ട്രീയ വില നല്‍കേണ്ടി വരും. കോടതിയുടെ കടുത്ത പരാമര്‍ശങ്ങള്‍ ഉണ്ടാകുന്നതിന് മുന്‍പ് തന്നെ എഡിജിപിയെ സ്ഥാനത്തുനിന്ന് നീക്കി നിഷ്പക്ഷമായ അന്വേഷണം പ്രഖ്യാപിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. അല്ലാത്തപക്ഷം, ഈ അഴിമതിയും അട്ടിമറിയും സര്‍ക്കാരിന്റെ നിലനില്‍പ്പിനെത്തന്നെ ബാധിക്കുന്ന വന്‍ വിവാദമായി മാറും.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.