കൊല്‍ക്കത്ത: അര്‍ജന്റീനന്‍ ഫുട്ബോള്‍ ഇതിഹാസം ലയണല്‍ മെസ്സി പങ്കെടുത്ത പരിപാടിയിലെ വന്‍ ക്രമസമാധാന തകര്‍ച്ചയുമായി ബന്ധപ്പെട്ട് പശ്ചിമ ബംഗാള്‍ മുന്‍ കായിക മന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ അരൂപ് ബിശ്വാസിനെ പോലീസ് ചോദ്യം ചെയ്യും. ആരോഗ്യപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി നേരത്തെ നല്കിയ സമന്‍സ് അവഗണിച്ച അരൂപ് ബിശ്വാസിനോട് നാളെ (ജൂണ്‍ 8) അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരാകാന്‍ ബിധാനഗര്‍ ദക്ഷിണ് പോലീസ് കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തില്‍ നടന്ന ‘ജി.ഒ.എ.ടി ഇന്ത്യ ടൂര്‍ 2025’ എന്ന പരിപാടിയുടെ സംഘാടകനായ ശതാദ്രു ദത്ത നല്കിയ എഫ്.ഐ.ആറിന്റെ അടിസ്ഥാനത്തിലാണ് മുന്‍ മന്ത്രിക്കെതിരെ പോലീസ് നടപടി. ടിക്കറ്റ് കരിഞ്ചന്തയില്‍ വിറ്റഴിക്കല്‍, പണം തട്ടിയെടുക്കല്‍, ക്രിമിനല്‍ ഭീഷണിപ്പെടുത്തല്‍, വഞ്ചന എന്നിവയാണ് അരൂപ് ബിശ്വാസിനെതിരെ ചുമത്തിയിരിക്കുന്ന കുറ്റങ്ങള്‍.
2025 ഡിസംബര്‍ 13-നാണ് കായിക ലോകത്തെയാകെ നാണിപ്പിച്ച സംഭവം അരങ്ങേറിയത്. ടിക്കറ്റോ പാസോ ഇല്ലാത്ത വന്‍ ജനക്കൂട്ടം സ്റ്റേഡിയത്തിലേക്ക് അതിക്രമിച്ചു കയറിയതോടെ സുരക്ഷാ സംവിധാനങ്ങള്‍ പൂര്‍ണ്ണമായി തകരുകയും നിയന്ത്രണാതീതമായ തിരക്ക് അനുഭവപ്പെടുകയും ചെയ്തു. ഭീമമായ തുക നല്കി ടിക്കറ്റെടുത്ത കാണികള്‍ക്ക് തിരക്ക് കാരണം മെസ്സിയെ കാണാനോ പരിപാടി ആസ്വദിക്കാനോ കഴിഞ്ഞില്ല.
മേഖലയില്‍ കടുത്ത സംഘര്‍ഷാവസ്ഥ രൂപപ്പെട്ടതോടെ ലയണല്‍ മെസ്സി ഗ്രൗണ്ടില്‍ നിന്നും പെട്ടെന്ന് തന്നെ മടങ്ങിപ്പോകുകയായിരുന്നു. ഇതില്‍ പ്രകോപിതരായ കാണികള്‍ സ്റ്റേഡിയത്തിന്റെ വിവിധ ഭാഗങ്ങള്‍ തല്ലിത്തകര്‍ത്തു. കനത്ത സുരക്ഷാ വീഴ്ചയും ആസൂത്രണത്തിലെ പിഴവും വലിയ രാഷ്ട്രീയ കൊടുങ്കാറ്റിനാണ് അന്ന് പശ്ചിമ ബംഗാളില്‍ വഴിതുറന്നത്.
കേസുമായി ബന്ധപ്പെട്ട് പരിപാടിയുടെ സംഘാടകനായ ശതാദ്രു ദത്തയെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. 37 ദിവസത്തെ ജയില്‍വാസത്തിന് ശേഷം ജാമ്യത്തിലിറങ്ങിയ ദത്ത, പരിപാടിയുടെ തകര്‍ച്ചയ്ക്കും സംഘാടകര്‍ക്കുണ്ടായ കോടിക്കണക്കിന് രൂപയുടെ സാമ്പത്തിക നഷ്ടത്തിനും കാരണം അന്നത്തെ കായിക മന്ത്രിയായിരുന്ന അരൂപ് ബിശ്വാസാണെന്ന് പരസ്യമായി കുറ്റപ്പെടുത്തി രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് മുന്‍ മന്ത്രിക്കെതിരെ പോലീസ് അന്വേഷണം ശക്തമാക്കിയത്.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


ജനത്തിന് മേൽ കനത്ത പ്രഹരം ; പാചക വാതക വിലയിൽ വീണ്ടും വർധന





