മണിച്ചിത്രത്താഴിലെ ‘ഗംഗയ്ക്ക്’ താങ്ങായി ‘നകുലന്‍’! യഥാര്‍ത്ഥ ജീവിതത്തില്‍ ഗംഗയെന്ന വീട്ടമ്മയ്ക്ക് ഓട്ടോറിക്ഷ സമ്മാനിച്ച് സഹോദര തുല്യനായ സുരേഷ് ഗോപി; ഇതാകണം മന്ത്രി.. ഇങ്ങനെയാകണം മന്ത്രി! പരാതിയുമായി എത്തിയ വീട്ടമ്മയ്ക്ക് ‘ആക്ഷന്‍ ഹീറോ’ സ്‌റ്റൈലില്‍ ഓട്ടോറിക്ഷ സമ്മാനിച്ച് കേന്ദ്രമന്ത്രി

രാജകുമാരി: മലയാള ചലച്ചിത്ര ചരിത്രത്തിലെ സുവര്‍ണ്ണ അധ്യായമായ ‘മണിച്ചിത്രത്താഴ്’ സിനിമയില്‍ ശോഭന തകര്‍ത്താടിയ ‘ഗംഗ’ എന്ന കഥാപാത്രത്തെ നെഞ്ചേറ്റാത്ത മലയാളിയില്ല. ആ ചിത്രത്തില്‍ ഗംഗയുടെ നിഴലായി, കാവലായി നിന്ന ഭര്‍ത്താവ് ‘നകുലന്‍’ എന്ന കഥാപാത്രത്തെയാണ് സുരേഷ് ഗോപി അനശ്വരമാക്കിയത്. പ്രിയപ്പെട്ട ആ സിനിമ റിലീസ് ചെയ്ത് പതിറ്റാണ്ടുകള്‍ പിന്നിടുമ്പോള്‍, ഇതാ വെള്ളിത്തിരയിലെ നകുലന്‍ യഥാര്‍ത്ഥ ജീവിതത്തിലെ ഒരു ‘ഗംഗയ്ക്ക്’ സഹോദരതുല്യനായി താങ്ങാവുന്നു! സ്വയംതൊഴില്‍ കണ്ടെത്താന്‍ വഴിമുട്ടി സങ്കടം ബോധിപ്പിച്ച ഇടുക്കിയിലെ ഗംഗ എന്ന വീട്ടമ്മയ്ക്കാണ് കേന്ദ്രമന്ത്രി സുരേഷ് ഗോപി സ്വന്തം കൈയില്‍ നിന്നും ഓട്ടോറിക്ഷ വാങ്ങി നല്‍കി മാതൃകയായത്.
ഇടുക്കി ബൈസണ്‍വാലി മുട്ടുകാട് അമ്പാട്ട് ഗംഗ ഋഷികേശാണ് കേന്ദ്രമന്ത്രിയുടെ ഈ അടിയന്തര ഇടപെടലിലൂടെ ജീവിതത്തില്‍ പുതിയൊരു പ്രത്യാശയിലേക്ക് ചുവടുവെക്കുന്നത്. സിനിമയിലെ ആക്ഷന്‍ ഹീറോ വേഷങ്ങളിലൂടെ കൈയടി നേടുന്ന താരം യഥാര്‍ത്ഥ ജീവിതത്തിലും ഒരു റിയല്‍ ഹീറോ ആണെന്ന് ഈ സംഭവത്തിലൂടെ വീണ്ടും തെളിയിക്കുകയാണ്.
രണ്ട് പതിറ്റാണ്ടിലധികമായി ഏലത്തോട്ടങ്ങളില്‍ കഠിനമായ കൂലിപ്പണിക്ക് പോയാണ് ഗംഗ തന്റെ കുടുംബം പുലര്‍ത്തുന്നത്. ബസ് ഡ്രൈവറായിരുന്ന ഭര്‍ത്താവ് ഋഷികേശിന് ഗുരുതരമായ ജീവിതശൈലീ രോഗങ്ങള്‍ പിടിപെട്ടതോടെ 13 വര്‍ഷമായി ജോലിക്ക് പോകാന്‍ കഴിയാത്ത അവസ്ഥയിലാണ്. ഭര്‍ത്താവിന്റെ ചികില്‍സയും കുടുംബച്ചെലവുകളും ഒന്നിച്ച് തലയിലേറ്റിയ ഗംഗ, സ്വന്തമായി ഒരു വരുമാനമാര്‍ഗ്ഗം ലക്ഷ്യമിട്ടാണ് 7 വര്‍ഷം മുന്‍പ് ഒരു ദേശസാല്‍കൃത ബാങ്കില്‍ മുദ്ര ലോണിനായി അപേക്ഷ സമര്‍പ്പിച്ചത്. എന്നാല്‍, സാധാരണക്കാരുടെ കണ്ണീരുകാണാത്ത ബാങ്ക് അധികൃതര്‍ അങ്ങനെയൊരു പദ്ധതിയെ ഇല്ലെന്നു പറഞ്ഞ് ഇവരെ കൈയൊഴിയുകയായിരുന്നു.
പ്രതീക്ഷകളെല്ലാം മങ്ങി നിന്ന സാഹചര്യത്തിലാണ് 2025 സെപ്റ്റംബര്‍ 30ന് മൂലമറ്റത്ത് നടന്ന ‘കലുങ്ക് സൗഹൃദ സംഗമത്തെ’ കുറിച്ച് ഗംഗ അറിയുന്നത്. സുരേഷ് ഗോപി എന്ന ജനപ്രതിനിധിയില്‍ പൂര്‍ണ്ണ വിശ്വാസമര്‍പ്പിച്ച്, പ്രതികൂല സാഹചര്യങ്ങളെ വകവെക്കാതെ 130 കിലോമീറ്ററോളം സ്‌കൂട്ടര്‍ സ്വയം ഓടിച്ചാണ് ഗംഗ മൂലമറ്റത്ത് എത്തിയത്. അവിടെ വെച്ച് ഗംഗയുടെ വീട്ടുവിശേഷങ്ങള്‍ ചോദിച്ചറിഞ്ഞ കേന്ദ്രമന്ത്രിയോട്, വര്‍ഷങ്ങള്‍ക്ക് മുന്‍പ് ബാങ്ക് തന്നോട് കാട്ടിയ അനീതിയെക്കുറിച്ച് അവര്‍ തുറന്നുപറഞ്ഞു. പരാതി കേട്ടയുടന്‍ തന്നെ, സിനിമയെ വെല്ലുന്ന ആക്ഷന്‍ ഹീറോ സ്‌റ്റൈലില്‍ സുരേഷ് ഗോപിയുടെ പ്രഖ്യാപനമെത്തി ‘അങ്ങനെയെങ്കില്‍ നിങ്ങള്‍ക്ക് ഞാന്‍ ഒരു ഓട്ടോറിക്ഷ വാങ്ങി നല്‍കാം!’
തന്റെ വാഗ്ദാനങ്ങള്‍ വെറും രാഷ്ട്രീയ പ്രഖ്യാപനങ്ങളല്ലെന്ന് സുരേഷ് ഗോപി ഒരിക്കല്‍ക്കൂടി തെളിയിച്ചു. കഴിഞ്ഞ ദിവസം മന്ത്രിയുടെ പിഎ ഗംഗയെ നേരിട്ട് വിളിച്ച് ഓട്ടോറിക്ഷ കമ്പനിയിലേക്ക് പണം കൈമാറിയ വിവരവും അടിമാലിയിലെ ഷോറൂമില്‍ നിന്ന് വാഹനം എടുക്കാമെന്നും അറിയിക്കുകയായിരുന്നു. ലൈഫ് പദ്ധതിയിലൂടെ ലഭിച്ച ചെറിയ വീടിയന്റെ നിര്‍മ്മാണം പുരോഗമിക്കുന്നതിനിടയിലേക്കാണ് ഗംഗയുടെ ജീവിതത്തിന് പുതിയ വെളിച്ചമേകി കേന്ദ്രമന്ത്രിയുടെ സമ്മാനമായ ഓട്ടോറിക്ഷ മുറ്റത്തെത്തിയത്. പുതിയ വണ്ടി ലഭിച്ച സന്തോഷത്തില്‍ ഗംഗ സുരേഷ് ഗോപിയെ വീഡിയോ കോളില്‍ വിളിച്ച് വിതുമ്പലോടെ നന്ദി അറിയിച്ചു.
അധികാരികള്‍ക്ക് മുന്നില്‍ കൈനീട്ടി മടുത്ത ഒരു സാധാരണക്കാരിക്ക്, അര്‍ഹമായ സമയത്ത് കൃത്യമായ സഹായം എത്തിച്ച സുരേഷ് ഗോപിയുടെ ഈ ജനകീയ ഇടപെടല്‍ സോഷ്യല്‍ മീഡിയയിലടക്കം വന്‍ കൈയടിയാണ് നേടുന്നത്. പുതിയ പ്രതീക്ഷകളോടെ, അടുത്ത ദിവസം മുതല്‍ ഓട്ടോറിക്ഷയുമായി റോഡിലിറങ്ങാന്‍ ഒരുങ്ങുകയാണ് ഗംഗ. ഇതാകണം മന്ത്രി.. ഇങ്ങനെയാകണം മന്ത്രി!
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.