മലേഷ്യയിൽ കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിന് നിരോധനം

ക്വാലാലംപൂര്‍ : രാജ്യത്ത് ചെറിയ കുട്ടികളുടെ സോഷ്യല്‍ മീഡിയ ഉപയോഗത്തിന് നിരോധനം ഏർപ്പെടുത്തി മലേഷ്യേന്‍ സര്‍ക്കാര്‍. 16 വയസിനു താഴെയുള്ള കുട്ടികള്‍ സോഷ്യല്‍ മീഡിയയിൽ അക്കൗണ്ട് തുറക്കുന്നതു തടയാനുള്ള പുതിയ നിയമം തിങ്കളാഴ്ച മുതല്‍ രാജ്യത്തു നിലവിൽ വന്നു. കുട്ടികളുടെ സൈബര്‍ സുരക്ഷ ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ പുതിയ നടപടി സ്വീകരിച്ചിരിക്കുന്നത്. ഇനിമുതൽ പ്രായം സ്ഥീരീകരിച്ച ശേഷമേ സോഷ്യല്‍ മീഡിയയില്‍ അക്കൗണ്ട് തുറക്കാനാകൂ.

പുതിയ നിയമപ്രകാരം ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, ടിക്ടോക്, യൂട്യൂബ് തുടങ്ങിയ പ്രധാന സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിൽ ഉപയോക്താക്കളുടെ പ്രായം സ്ഥിരീകരിക്കുന്ന സംവിധാനങ്ങള്‍ നടപ്പാക്കേണ്ടി വരും. കൂടാതെ, 16 വയസിൽ താഴെയുള്ളവര്‍ക്ക്  അക്കൗണ്ടുകള്‍ നിർമ്മിക്കാൻ അനുമതി നൽകരുതെന്നും നിര്‍ദേശമുണ്ട്. കുറഞ്ഞത് 80 ലക്ഷം ഉപയോക്താക്കളുള്ള പ്ലാറ്റ്ഫോമുകള്‍ക്കാണ് ഈ നിയമം ബാധകമാകുന്നത്. നിയമം പാലിക്കാത്ത കമ്പനികള്‍ക്ക് 10 മില്യണ്‍ റിംഗിറ്റ് (ഇരുപത്തിമൂന്ന് കോടി തൊണ്ണൂറ്റി മൂന്ന് ലക്ഷം ഇന്ത്യന്‍ രൂപ) വരെ പിഴ ചുമത്തും. എന്നാല്‍ കുട്ടികള്‍ വ്യാജ വിവരങ്ങള്‍ ഉപയോഗിച്ച് നിയമത്തെ മറികടക്കാൻ ശ്രമിച്ചാൽ, രക്ഷകർത്താക്കൾക്കെതിരെ നടപടി ഉണ്ടാകില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.

കുട്ടികളെ ഹാനികരമായ ഉള്ളടക്കങ്ങളില്‍ നിന്നും സൈബര്‍ ബുള്ളിയിംഗില്‍ നിന്നും അമിത സോഷ്യല്‍ മീഡിയ ഉപയോഗത്തില്‍ നിന്നും സംരക്ഷിക്കുകയാണ് നടപടിയുടെ പ്രധാന ലക്ഷ്യമെന്ന് മലേഷ്യന്‍ അധികൃതര്‍ അറിയിച്ചു. അതേസമയം, നിര്‍ബന്ധിത പ്രായപരിശോധന സ്വകാര്യതയെ ബാധിക്കുമോ എന്ന ആശങ്ക ചില മനുഷ്യാവകാശ സംഘടനകളും വിദഗ്ധരും ഉയര്‍ത്തുന്നുണ്ട്. ഓസ്ട്രേലിയ, ഇന്തോനേഷ്യ, ബ്രസീല്‍ തുടങ്ങിയ രാജ്യങ്ങളും കുട്ടികളുടെ സോഷ്യല്‍ മീഡിയ ഉപയോഗത്തിന്  നിയന്ത്രണങ്ങള്‍ ഏർപ്പെടുത്താൻ ആലോചിക്കുന്നതിനിടെയാണ് മലേഷ്യയുടെ പുതിയ നീക്കം.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.