ആളില്ലാതെ കോട്ടയത്തെ എസ്എഫ്ഐ മാര്‍ച്ച് മാറ്റിവെച്ചു; സിപിഎമ്മിന് നാണക്കേട്, തിരഞ്ഞെടുപ്പ് അവലോകനത്തിനിടെ പുതിയ പ്രതിസന്ധി, പാര്‍ട്ടി അന്വേഷണത്തിന് സാധ്യത

കോട്ടയം: കേരള സര്‍വകലാശാലാ യൂണിയന്‍ തെരഞ്ഞെടുപ്പ് സംഘര്‍ഷത്തിന് പിന്നാലെ എസ്എഫ്ഐ പ്രഖ്യാപിച്ച സംസ്ഥാന വ്യാപക പ്രതിഷേധത്തിന്റെ ഭാഗമായി കോട്ടയത്ത് നടത്താനിരുന്ന ജില്ലാ മാര്‍ച്ച് ആളില്ലാത്തതിനെ തുടര്‍ന്ന് മാറ്റിവെച്ചു. രാവിലെ 11 മണിക്ക് കോട്ടയം എസ്പി ഓഫീസിലേക്ക് നടത്താന്‍ നിശ്ചയിച്ചിരുന്ന മാര്‍ച്ചാണ് പ്രവര്‍ത്തകര്‍ എത്താതിരുന്നതിനെ തുടര്‍ന്ന് ഒടുവില്‍ നാടകീയമായി മാറ്റിവെക്കേണ്ടി വന്നത്. ലോക്സഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ പാര്‍ട്ടി കനത്ത ജാഗ്രത പുലര്‍ത്തുന്നതിനിടെ കോട്ടയത്തുണ്ടായ ഈ കൂട്ടത്തോല്‍വി സിപിഎം നേതൃത്വത്തെ കടുത്ത പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. സംഭവത്തെക്കുറിച്ച് പാര്‍ട്ടി തലം അന്വേഷിക്കുമെന്നാണ് സൂചന.
പ്രതിഷേധ മാര്‍ച്ച് കണക്കിലെടുത്ത് പൊലീസ് കോട്ടയം എസ്പി ഓഫീസിന് മുന്നില്‍ വന്‍ സുരക്ഷയൊരുക്കുകയും ശക്തമായ ബാരിക്കേഡുകള്‍ സ്ഥാപിച്ച് ഗതാഗതം നിയന്ത്രിക്കുകയും ചെയ്തിരുന്നു. ഏകദേശം രണ്ടര മണിക്കൂറോളമാണ് ബാരിക്കേഡ് കെട്ടി റോഡ് ബ്ലോക്ക് ചെയ്തത്. എന്നാല്‍ സമരം നിശ്ചയിച്ച സമയം കഴിഞ്ഞിട്ടും വിരലിലെണ്ണക്കാവുന്ന നേതാക്കള്‍ മാത്രമാണ് സ്ഥലത്തെത്തിയത്. തുടര്‍ന്ന് മാര്‍ച്ച് മാറ്റിവെച്ചതായി അറിയിച്ചതോടെ പൊലീസ് സ്ഥാപിച്ച ബാരിക്കേഡുകള്‍ അഴിച്ച് മാറ്റുകയായിരുന്നു. മാര്‍ച്ച് ഉച്ചയ്ക്ക് ശേഷം നടത്തിയേക്കുമെന്ന് എസ്എഫ്ഐ കേന്ദ്രങ്ങള്‍ വിശദീകരിക്കുന്നുണ്ടെങ്കിലും നാണക്കേട് മറയ്ക്കാനുള്ള തന്ത്രമായാണ് രാഷ്ട്രീയ വൃത്തങ്ങള്‍ ഇതിനെ കാണുന്നത്.
കേരള സര്‍വകലാശാല തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ എസ്എഫ്ഐ നടത്തിയ ആഹ്ലാദ പ്രകടനത്തിടെ കെഎസ്യു ആക്രമണം നടത്തിയെന്നും, ഇതില്‍ പൊലീസ് ഏകപക്ഷീയമായ നടപടിയാണ് സ്വീകരിക്കുന്നതെന്നും ആരോപിച്ചായിരുന്നു എസ്എഫ്ഐ ഇന്ന് സംസ്ഥാന വ്യാപകമായി പ്രതിഷേധത്തിന് ആഹ്വാനം ചെയ്തത്. എന്നാല്‍ സംഘടനയ്ക്ക് ശക്തമായ സ്വാധീനമുള്ള കോട്ടയത്ത് പോലും ഒരു മാര്‍ച്ച് നടത്താന്‍ ആവശ്യമായ ആളുകളെ തികയ്ക്കാനായില്ല എന്നത് എസ്എഫ്ഐ ജില്ലാ നേതൃത്വത്തിന്റെ ഗുരുതരമായ വീഴ്ചയായാണ് വിലയിരുത്തപ്പെടുന്നത്.
തിരഞ്ഞെടുപ്പ് അവലോകന യോഗങ്ങളുമായി ബന്ധപ്പെട്ട് സിപിഎം നേതൃത്വം കടുത്ത സമ്മര്‍ദ്ദത്തിലൂടെ കടന്നുപോകുന്ന ഘട്ടത്തിലാണ് ഈ സംഭവം. പാര്‍ട്ടിയുടെ പോഷക സംഘടനയായ എസ്എഫ്ഐയുടെ സമരം ആളില്ലാത്തതിനാല്‍ മാറ്റിവെക്കേണ്ടി വന്നത് പൊതുസമൂഹത്തിന് മുന്നില്‍ വലിയ നാണക്കേടായി മാറിയിരിക്കുകയാണ്. യുവജന-വിദ്യാര്‍ത്ഥി സംഘടനകളുടെ പ്രവര്‍ത്തന ശൈലിയിലും സംഘടനാ ശേഷിയിലും വന്ന വലിയ ഇടിവാണ് ഇത് കാണിക്കുന്നതെന്നാണ് പാര്‍ട്ടിക്കുള്ളിലെ ഒരു വിഭാഗത്തിന്റെ വിമര്‍ശനം. വരും ദിവസങ്ങളില്‍ നടക്കുന്ന പാര്‍ട്ടി അവലോകന യോഗങ്ങളില്‍ ഈ വീഴ്ച വലിയ തര്‍ക്കങ്ങള്‍ക്ക് വഴിവെച്ചേക്കും.
അതേസമയം, തിരുവനന്തപുരത്ത് കേരള സര്‍വകലാശാലാ യൂണിയന്‍, സെനറ്റ് തെരഞ്ഞെടുപ്പുകള്‍ക്ക് പിന്നാലെയുണ്ടായ എസ്എഫ്ഐ-കെഎസ്യു സംഘര്‍ഷത്തില്‍ കന്റോണ്‍മെന്റ് പൊലീസ് സ്വമേധയാ കേസെടുത്തിട്ടുണ്ട്. പത്ത് എസ്എഫ്ഐ ഭാരവാഹികള്‍ക്കെതിരെയാണ് ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസെടുത്തത്. ആഹ്ലാദ പ്രകടനം അവസാനിപ്പിച്ചു നിന്ന കെഎസ്യു പ്രവര്‍ത്തകരെ ആക്രമിച്ചു, 30,000 രൂപയുടെ പൊതുമുതല്‍ നശിപ്പിച്ചു തുടങ്ങിയ കുറ്റങ്ങളാണ് എഫ്ഐആറിലുള്ളത്. സംഭവത്തില്‍ നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റിരുന്നു.
സംഘര്‍ഷവുമായി ബന്ധപ്പെട്ട് കെഎസ്യു പ്രവര്‍ത്തകര്‍ക്കെതിരെയും പൊലീസ് ഉടന്‍ കേസെടുക്കുമെന്നാണ് വിവരമെങ്കിലും, കോട്ടയത്ത് സമരം പാളിയതോടെ അണിയറയില്‍ എസ്എഫ്ഐ നേതൃത്വം വലിയ പ്രതിരോധത്തിലായിരിക്കുകയാണ്.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.