തിരുവനന്തപുരം: ശബരിമലയിലെ കോടികളുടെ സ്വര്‍ണ്ണക്കൊള്ളയും വിഗ്രഹത്തിന് മുന്നിലെ ദ്വാരപാലക ശില്‍പ്പം കടത്തിയതുമുള്‍പ്പെടെയുള്ള വന്‍ അഴിമതികള്‍ പുറത്തുകൊണ്ടുവന്ന തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് വിജിലന്‍സ് എസ്.പി. വി. സുനില്‍കുമാറിനെ മാറ്റാനുള്ള നീക്കങ്ങള്‍ സജീവമാകുമ്പോള്‍, അഴിമതിക്കെതിരെയുള്ള പോരാട്ടത്തില്‍ നിര്‍ണ്ണായക വഴിത്തിരിവാകുന്നത് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ. ജയകുമാറിന്റെ നിലപാടാണ്. സത്യസന്ധനായ ഒരു ഉദ്യോഗസ്ഥനെ രാഷ്ട്രീയ-യൂണിയന് സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങി പുകച്ചുചാടിക്കാന്‍ അനുവദിക്കില്ലെന്ന് ഉറപ്പിച്ചു പറയേണ്ട ധാര്‍മ്മികവും ഭരണപരവുമായ കടമ ഇപ്പോള്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റില്‍ നിക്ഷിപ്തമാണ്.
ഉണ്ണികൃഷ്ണന് പോറ്റിയുടെ വീട്ടില്‍ നിന്ന് വിലപിടിപ്പുള്ള ദ്വാരപാലക ശില്‍പ്പം വിജിലന്‍സ് സംഘം പിടികൂടിയതും, ദേവസ്വം ബോര്‍ഡിന്റെ നിഴലില്‍ പറ്റിപ്പിടിച്ച് സുനില്‍ സ്വാമി നടത്തിയ കോടികളുടെ ആസ്തി-ഇടപാടുകള്‍ വെളിച്ചത്തുകൊണ്ടുവന്നതുമാണ് വിജിലന്‍സ് എസ്.പി.യെ ഉന്നതരുടെ കണ്ണിലെ കരടാക്കി മാറ്റിയത്. ഭരണ-പ്രതിപക്ഷ വ്യത്യാസമില്ലാതെ ദേവസ്വം ബോര്‍ഡിലെ സര്‍വീസ് സംഘടനകള്‍ ഒറ്റക്കെട്ടായി ഈ ഉദ്യോഗസ്ഥനെതിരെ രംഗത്തുവരുമ്പോള്‍, അത് അഴിമതിക്കാരായ ഉദ്യോഗസ്ഥരെയും ഇടനിലക്കാരെയും സംരക്ഷിക്കാനുള്ള പരസ്യമായ പടയൊരുക്കമാണെന്ന് വ്യക്തം.
ഈ ഘട്ടത്തിലാണ് ഭരണപരിചയവും ജനവിശ്വാസവുമുള്ള കെ. ജയകുമാറിനെപ്പോലൊരു ഉദ്യോഗസ്ഥന് ദേവസ്വം ബോര്‍ഡിന്റെ അമരത്തിരിക്കുമ്പോള്‍ ജനങ്ങള്‍ മാറ്റം പ്രതീക്ഷിക്കുന്നത്. മുന്‍ ചീഫ് സെക്രട്ടറി എന്ന നിലയിലും ഭരണനിര്‍വ്വഹണത്തില്‍ ദീര്‍ഘകാലത്തെ പാരമ്പര്യമുള്ള വ്യക്തി എന്ന നിലയിലും, ഇത്തരം സമ്മര്‍ദ്ദ തന്ത്രങ്ങള്‍ക്ക് വഴങ്ങിക്കൊടുക്കില്ലെന്ന് പ്രഖ്യാപിക്കാന്‍ അദ്ദേഹത്തിന് സാധിക്കണം. ഒരു മികച്ച ഉദ്യോഗസ്ഥന് നല്കുന്ന പിന്തുണ, അഴിമതി തുടച്ചുനീക്കാനുള്ള ബോര്‍ഡിന്റെ ആര്‍ജ്ജവത്തിന്റെ തെളിവായി മാറും.
ദേവന്റെ സ്വത്ത് കൈയിട്ടുവാരിയ ആരെയും സംരക്ഷിക്കില്ലെന്ന് ദേവസ്വം മന്ത്രി കെ. മുരളീധരന് വ്യക്തമാക്കിയ സാഹചര്യത്തില്‍, മന്ത്രിയുടെ വാക്കുകള്‍ക്ക് കരുത്തുപകരേണ്ടത് ബോര്‍ഡ് പ്രസിഡന്റിന്റെ ഉത്തരവാദിത്തമാണ്. അഴിമതി അന്വേഷണം അട്ടിമറിക്കാന്‍ ആഭ്യന്തര വകുപ്പിന് മേല്‍ ബോര്‍ഡിലെ ചില ഉന്നതരും യൂണിയനുകളും കടുത്ത സമ്മര്‍ദ്ദം ചെലുത്തുമ്പോള്‍, അതിനെ പ്രതിരോധിക്കാന്‍ പ്രസിഡന്റ് നേരിട്ട് ഇടപെടേണ്ടതുണ്ട്. എസ്.പി.യെ മാറ്റരുതെന്ന് ആഭ്യന്തര വകുപ്പിനോട് ആവശ്യപ്പെടാന്‍ ബോര്‍ഡ് പ്രസിഡന്റിന് നിയമപരമായും അധികാരമുണ്ട്.
ശബരിമലയിലെ ചരിത്രപ്രസിദ്ധമായ സ്വര്‍ണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട നിര്‍ണ്ണായക അന്വേഷണറിപ്പോര്‍ട്ട് സമര്‍പ്പിച്ചത് സുനില്‍കുമാറായിരുന്നു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റുമാര്‍ ഉള്‍പ്പെടെയുള്ള വമ്പന്‍ സ്രാവുകള്‍ പ്രതിക്കൂട്ടിലായ കേസാണിത്. അന്വേഷണം അതിന്റെ അവസാന ഘട്ടത്തിലേക്ക് നീങ്ങുമ്പോഴാണ് പുതിയ അഴിമതി റിപ്പോര്‍ട്ടും കോടതിയിലെത്തിയത്. ഈ ഘട്ടത്തില്‍ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റുന്നത് കേസ് ഡയറി അട്ടിമറിക്കാനും പ്രതികളെ രക്ഷപ്പെടുത്താനും മാത്രമേ ഉപകരിക്കൂ.
പൂജാസാധനങ്ങളുമായി ബന്ധപ്പെട്ട് കഴിഞ്ഞ 10 വര്‍ഷത്തെ മുഴുവന്‍ വിവരങ്ങളും ഹാജരാക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടത് വിജിലന്‍സ് റിപ്പോര്‍ട്ടിന്റെ ഗൗരവം കണക്കിലെടുത്താണ്. കൂടാതെ ശബരിമലയില്‍ പല തസ്തികകളിലായി വര്‍ഷങ്ങളായി ഒരേ ആളുകള്‍ തുടര്‍ന്നുപോരുന്ന മാഫിയാ ശൈലിയെക്കുറിച്ചും കൃത്യമായ കണക്കെടുക്കാന്‍ കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇത്രയും ശക്തമായ കോടതി ഇടപെടലുകള്‍ നിലനില്‍ക്കെ, വിജിലന്‍സ് തലവനെ മാറ്റാന്‍ ശ്രമിക്കുന്നത് കോടതി അലക്ഷ്യത്തിന് സമാനമായ നടപടിയാണ്.
ആടിയ ശിഷ്ടം നെയ്യ് വിതരണത്തിലെ വന്‍ തട്ടിപ്പ്, തീര്‍ത്ഥാടനകാലത്ത് എത്തുന്ന താത്കാലിക ജീവനക്കാരുടെ പേരില്‍ നടക്കുന്ന പണാപഹരണം തുടങ്ങി കോടികളുടെ പല അഴിമതികളും ഒന്നൊന്നായി പുറത്തുകൊണ്ടുവന്നത് ഈ ദേവസ്വം വിജിലന്‍സ് വിഭാഗമാണ്. ഭക്തര്‍ സമര്‍പ്പിക്കുന്ന പണവും സ്വത്തും ഒരു കൂട്ടം ആളുകള്‍ ചേര്‍ന്ന് കൊള്ളയടിക്കുന്നത് തടയാന്‍ കഴിഞ്ഞത് സുനില്‍കുമാറിന്റെ കര്‍ക്കശമായ നിലപാടുകള്‍ കൊണ്ടാണ്. അത്തരം ഒരു സംവിധാനത്തിന്റെ നട്ടെല്ലൊടിക്കാന്‍ അനുവദിക്കരുത്.
ദേവസ്വം ബോര്‍ഡിന്റെ ആവശ്യപ്രകാരമാണ് ആഭ്യന്തരവകുപ്പ് എസ്.പി.യെ നിയമിക്കുന്നത്. അതുകൊണ്ടുതന്നെ, ‘ഞങ്ങള്‍ക്ക് ഈ ഉദ്യോഗസ്ഥനെ ആവശ്യമില്ല’ എന്ന തരത്തില്‍ ബോര്‍ഡില്‍ നിന്ന് കത്തുപോയാല് ആഭ്യന്തര വകുപ്പിന് മാറ്റം എളുപ്പമാകും. ഈ സാഹചര്യം മുന്‍കൂട്ടി കണ്ട്, അഴിമതി വിരുദ്ധ പ്രതിച്ഛായയുള്ള ഉദ്യോഗസ്ഥനെ മാറ്റാന്‍ ബോര്‍ഡ് ആവശ്യപ്പെടില്ലെന്ന് ഉറപ്പാക്കാന്‍ കെ. ജയകുമാറിന് സാധിക്കണം. യൂണിയനുകളുടെ ഭീഷണിക്ക് മുന്നില്‍ ബോര്‍ഡ് പ്രസിഡന്റ് വഴങ്ങരുത് എന്നാണ് വിശ്വാസികള്‍ ആഗ്രഹിക്കുന്നത്.
വിശ്വാസികളുടെയും ഹൈക്കോടതിയുടെയും കണ്പീഠം ഇപ്പോള്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് മേലെയുണ്ട്. കാലങ്ങളായി തുടരുന്ന അഴിമതി കോട്ടകള്‍ തകരുമ്പോള്‍ ഉണ്ടാകുന്ന സ്വാഭാവികമായ പരിഭ്രാന്തിയാണ് സംഘടനകളുടെ പടയൊരുക്കത്തിന് പിന്നില്‍. തങ്ങളെ വിറപ്പിക്കുന്ന ഈ ഉദ്യോഗസ്ഥനെ മാറ്റി, പകരം തങ്ങളുടെ താല്പര്യങ്ങള്ക്ക് വഴങ്ങുന്ന ഒരാളെ പ്രതിഷ്ഠിക്കാനുള്ള അഴിമതി ലോബിയുടെ നീക്കത്തിന് ബോര്‍ഡ് പ്രസിഡന്റ് ഒത്താശ ചെയ്യരുത്.
ദേവസ്വം ബോര്‍ഡിന്റെ ചരിത്രത്തില്‍ ശുദ്ധീകരണത്തിന്റെ പാത വെട്ടിത്തുറക്കാന്‍ ലഭിച്ച ചരിത്രപരമായ നിയോഗമാണ് പ്രസിഡന്റ് കെ. ജയകുമാറിന് മുന്നിലുള്ളത്. സത്യസന്ധനായ ഉദ്യോഗസ്ഥന് പൂര്‍ണ്ണ സംരക്ഷണം നല്കി, അന്വേഷണവുമായി മുന്നോട്ടുപോകാന്‍ അനുവാദം നല്‍കുകയാണ് അദ്ദേഹം ചെയ്യേണ്ടത്. അല്ലാത്തപക്ഷം, അഴിമതിക്കാര്‍ക്ക് കുടപിടിക്കുന്ന ഭരണനേതൃത്വം എന്ന ചീത്തപ്പേര് വരുംകാലങ്ങളില്‍ ബോര്‍ഡിന് ചുമക്കേണ്ടി വരും.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


കെ.സി. വേണുഗോപാല്‍ ആലപ്പുഴയില്‍ സ്ഥാനാര്‍ത്ഥിയാകും? എംപിമാര്‍ക്കും മത്സരമോഹം; കോണ്‍ഗ്രസ് ആദ്യ പട്ടികയില്‍ അന്തിമ തീരുമാനം ഉടന്‍





