തിരുവനന്തപുരം/കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തിന് പിന്നാലെ സിപിഎമ്മില്‍ മുന്‍പെങ്ങുമില്ലാത്ത വിധം കടുത്ത ആഭ്യന്തര കലാപവും ഗ്രൂപ്പ് യുദ്ധവും തെരുവിലേക്ക്. പരമോന്നത നേതാക്കളെ വ്യക്തിപരമായി അധിക്ഷേപിച്ചും കോഴ ആരോപണങ്ങള്‍ ഉന്നയിച്ചും താഴെത്തട്ടിലുള്ള അണികള്‍ തിരിഞ്ഞതോടെ പാര്‍ട്ടി സ്ഫോടനാത്മകമായ സാഹചര്യത്തെയാണ് നേരിടുന്നത്. തലസ്ഥാനത്ത് നേമം മണ്ഡലത്തിലെ തോല്‍വിക്ക് പിന്നില്‍ സ്വന്തം നേതാക്കള്‍ ബിജെപിയില്‍ നിന്ന് ലക്ഷങ്ങള്‍ കോഴ വാങ്ങി വോട്ട് മറിച്ചെന്ന അതീവ ഗുരുതരമായ ആരോപണം ഉയര്‍ന്നപ്പോള്‍, കോട്ടയത്ത് നേതൃത്വത്തിന്റെ മാഫിയ ബന്ധങ്ങളെയാണ് അണികള്‍ വിചാരണ ചെയ്തത്.
പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ അസഹിഷ്ണുത നിറഞ്ഞ പെരുമാറ്റവും സംസാരശൈലിയുമാണ് ജനങ്ങളെ പാര്‍ട്ടിയില്‍ നിന്ന് അകറ്റിയതെന്ന് ഏരിയ കമ്മിറ്റി യോഗങ്ങളില്‍ കടുത്ത വിമര്‍ശനമുയര്‍ന്നു. മാധ്യമങ്ങള്‍ക്ക് മുന്നില്‍ കാണുമ്പോള്‍ ‘കുരച്ചു ചാടുന്ന നായയെപ്പോലെയാണ്’ ഗോവിന്ദന്റെ ഭാവമെന്ന് നേമം കമ്മിറ്റിയില്‍ ഒരു യുവനേതാവ് ആഞ്ഞടിച്ചു. ചാനല്‍ മൈക്കുകള്‍ക്ക് മുന്നില്‍ ചാടിക്കടിക്കാന്‍ ശ്രമിക്കുന്ന ഗോവിന്ദന് ഇരിക്കുന്ന കസേരയുടെ വലിപ്പം മനസ്സിലാക്കുന്നില്ല. തിരഞ്ഞെടുപ്പ് കാലത്ത് വോട്ടര്‍മാരുടെ വീടുകളില്‍ ചെന്നപ്പോള്‍ ‘നിങ്ങളുടെ പാര്‍ട്ടി സെക്രട്ടറി കടിക്കുമോ’ എന്ന് ജനങ്ങള്‍ നേരിട്ട് ചോദിച്ചതായും നേതാക്കള്‍ വെളിപ്പെടുത്തി. ഗോവിന്ദന്റെ ശരീരഭാഷ പ്രശസ്ത നടന് മാമുക്കോയയുടെ ഹാസ്യകഥാപാത്രങ്ങളെപ്പോലും പിന്നിലാക്കുന്നതാണെന്ന് കോട്ടയത്തെ അണികള്‍ പരിഹസിച്ചു. സ്വന്തം ഭാര്യയ്ക്ക് സീറ്റ് ഉറപ്പിച്ച ശേഷമാണ് ഗോവിന്ദന് അണികള്‍ക്ക് നേരെ ഗിരിപ്രഭാഷണം നടത്തുന്നതെന്നും, അദ്ദേഹത്തെ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റി ഇ.എം.എസ് അക്കാദമിയില്‍ കൊണ്ടിരുത്തുകയാണ് നല്ലതെന്നും പരിഹാസമുയര്‍ന്നു.
മുന്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ചരിത്രത്തിലില്ലാത്ത വിധത്തിലുള്ള കടന്നാക്രമണമാണ് യോഗങ്ങളില്‍ ഉണ്ടായത്. നിലവില്‍ പിണറായി വിജയനെ ചെറിയ കുട്ടികള്‍ പോലും ‘മാന്‍ഡ്രേക്ക്’ എന്നാണ് വിളിക്കുന്നതെന്ന് ബാലരാമപുരത്തുനിന്നുള്ള നേതാവ് തുറന്നടിച്ചു. തൊട്ടതെല്ലാം വന്‍ പരാജയമാക്കി മാറ്റിയ പിണറായിയെ നിയമസഭയില്‍ പ്രതിപക്ഷ നേതാവാക്കാന്‍ എടുത്ത തീരുമാനം ചരിത്രപരമായ തെറ്റാണെന്നും ആ തീരുമാനം റദ്ദാക്കണമെന്നും ആവശ്യമുയര്‍ന്നു. യുഡിഎഫ് ഒരു സംഘമായി ജനങ്ങള്‍ക്കിടയില്‍ നിറഞ്ഞപ്പോള്‍, പിണറായി വിജയനെ മാത്രം വ്യക്തിപൂജ നടത്തി ഉയര്‍ത്തിക്കാണിച്ച ഇടതുമുന്നണിയുടെ പ്രചാരണശൈലി വന്‍ പരാജയമായി മാറി. മുഖ്യമന്ത്രി സ്ഥാനത്തിരുന്ന് പിണറായി നടത്തിയ ധാര്‍ഷ്ട്യം നിറഞ്ഞ സംസാരങ്ങള്‍ പരമ്പരാഗത വോട്ടര്‍മാരെ അകറ്റി. പ്രകാശ് കാരാട്ടിനും വൃന്ദ കാരാട്ടിനും നടപ്പിലാക്കിയ പ്രായപരിധി എന്തുകൊണ്ട് പിണറായിക്ക് ബാധകമാക്കുന്നില്ല? കഴിഞ്ഞ 35 വര്‍ഷമായി സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനം കണ്ണൂരില്‍ നിന്നുള്ളവര്‍ക്ക് മാത്രമായി സംവരണം ചെയ്തിരിക്കുകയാണോ എന്നും, തെക്കന്‍ ജില്ലകളെ എന്തുകൊണ്ട് അവഗണിക്കുന്നുവെന്നും ചോദ്യമുയര്‍ന്നു.
മുന്‍ ഇടത് സര്‍ക്കാരിലെ കോക്കസ് സംഘമായിരുന്ന പി.എ. മുഹമ്മദ് റിയാസ്, പി. രാജീവ്, എം.ബി. രാജേഷ് എന്നിവരുടെ ധാര്‍ഷ്ട്യവും ജനവിരുദ്ധ നയങ്ങളുമാണ് പാര്‍ട്ടിയെ ഈ അവസ്ഥയില്‍ എത്തിച്ചത്. മുന്‍മന്ത്രി വി.എ. വാസവനെ കാണാന്‍ സഹകരണ മേഖലയിലെ യൂണിയന് നേതാക്കള്‍ എത്തിയപ്പോള്‍, ‘സഖാവേ’ എന്ന് അഭിസംബോധന ചെയ്തതിന് ‘എന്നെ സാര്‍ എന്ന് വിളിക്കണം’ എന്ന് വാസവന് ശാഠ്യം പിടിച്ച കാര്യവും യോഗത്തില്‍ വലിയ ചര്‍ച്ചയായി. കമ്മ്യൂണിസ്റ്റ് നേതാക്കളുടെ ഈ മുതലാളിത്ത ഭാവം ജനങ്ങള്‍ക്കിടയില്‍ വലിയ അമര്‍ഷമുണ്ടാക്കി. 25 വയസ്സുവരെയുള്ള പുതുതലമുറയോട് എങ്ങനെ ഇടപെടണമെന്നോ അവരുടെ ചിന്തകളെ എങ്ങനെ അഭിമുഖീകരിക്കണമെന്നോ അറിയാത്ത പ്രാകൃത നേതൃത്വമാണിപ്പോഴത്തെതെന്ന് കോട്ടയത്തെ ഏരിയാ കമ്മിറ്റികളില്‍ വിമര്‍ശനമുയര്‍ന്നു. വി.എന്‍. വാസവനും ജില്ലാ സെക്രട്ടറി ടി.ആര്. രഘുനാഥനും പാര്‍ട്ടി ചുമതലകളില്‍ ഒന്നുമില്ലാത്ത ഒരു പ്രത്യേക വ്യക്തിയുമായി അമിതബന്ധം പുലര്‍ത്തുന്നത് പാര്‍ട്ടിയുടെ മാഫിയാ ബന്ധത്തെയാണ് വ്യക്തമാക്കുന്നതെന്നും അണികള്‍ ആഞ്ഞടിച്ചു.
നേമത്തെ കോഴ ആരോപണം: നേമം മണ്ഡലത്തില്‍ മത്സരിച്ച വി. ശിവന്‍കുട്ടിയെ പരാജയപ്പെടുത്താന്‍ സ്വന്തം പാര്‍ട്ടിയിലെ ഉന്നത നേതാക്കള്‍ ബിജെപിയില്‍ നിന്നും ലക്ഷങ്ങള്‍ കോഴ വാങ്ങിയെന്ന് പാപ്പനംകോട്ടുനിന്നുള്ള അംഗം ആരോപിച്ചു. തെളിവ് നല്കാന് തയ്യാറാണെന്നും അന്വേഷണ കമ്മീഷനെ വെക്കണമെന്നും ആവശ്യമുയര്‍ന്നു. തലസ്ഥാനത്ത് മുന്‍ മേയര്‍ ആര്യ രാജേന്ദ്രന് ഉള്‍പ്പെടെയുള്ള ഒരു പ്രത്യേക കോക്കസാണ് പാര്‍ട്ടിയെ നിയന്ത്രിക്കുന്നത്.
സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലെ പാളിച്ച: കോട്ടയത്തെയും പുതുപ്പള്ളിയിലെയും സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ സംഭവിച്ച പാളിച്ചകളാണ് ദയനീയ പരാജയത്തിന് ആക്കം കൂട്ടിയത്. വൈക്കത്ത് സി.കെ. ആശയുടെ വികലമായ പ്രവര്‍ത്തനങ്ങള്‍ കടുത്ത അനുഭാവികളെപ്പോലും അകറ്റി. പൂഞ്ഞാറില്‍ വോട്ട് കുറയാന്‍ കാരണം എസ്.ഡി.പി.ഐ. പോലുള്ള സംഘടനകളുമായി പ്രാദേശിക തലത്തിലുണ്ടാക്കിയ വഴിവിട്ട ബന്ധങ്ങളാണ്.
പ്രചാരണത്തിലെ അനാസ്ഥ: ചങ്ങനാശ്ശേരിയില്‍ ജോബ് മൈക്കിള്‍ ബാഹ്യഗ്രൂപ്പുകളെ സഹായിച്ചിട്ടും അവര്‍ വഞ്ചിച്ചു. മാടപ്പള്ളിയില്‍ ബൂത്ത് നമ്പര്ഷ 85 മുതല്‍ 92 വരെയുള്ള വോട്ടര്‍മാര്‍ക്ക് സ്ഥാനാര്‍ത്ഥിയുടെ അഭ്യര്‍ത്ഥന പോലും എത്തിക്കാന്‍ കഴിഞ്ഞത് തിരഞ്ഞെടുപ്പിന്റെ തലേദിവസം മാത്രമാണ്.
ഭരണവിരുദ്ധ വികാരം: കള്ളുഷാപ്പ് തൊഴിലാളികള്‍, സഹകരണ വകുപ്പിലെ പെന്‍ഷന്‍കാര്‍, കെ.എസ്.ആര്.ടി.സി. പെന്‍ഷന്‍കാര്‍ എന്നിവരുടെ ക്ഷേമനിധി ആനുകൂല്യങ്ങള്‍ മുടങ്ങിയത് കടുത്ത ഭരണവിരുദ്ധതയ്ക്ക് കാരണമായി.
സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ചിന്താ ജെറോം, ജെ. മേഴ്സിക്കട്ടിയമ്മ, എം. സ്വരാജ്, എം.എസ്. ജയമോഹന്, കെ. സോമപ്രസാദ് തുടങ്ങിയ ഉന്നത നേതാക്കള്‍ പങ്കെടുത്ത യോഗങ്ങളിലാണ് പ്രാദേശിക നേതൃത്വം സംസ്ഥാന നേതൃത്വത്തിന്റെ മുഖത്തുനോക്കി ഇത്രയും കടുത്ത വിമര്‍ശനങ്ങള്‍ ഉന്നയിച്ചത്. വരും ദിവസങ്ങളില്‍ സംസ്ഥാന നേതൃത്വത്തിന് നേരെ അണികള്‍ പരസ്യമായ കലാപത്തിലേക്ക് നീങ്ങുമെന്നാണ് ഏരിയ കമ്മിറ്റികള്‍ നല്കുന്ന വ്യക്തമായ സൂചന.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


പത്രികാ സമർപ്പണത്തിന് മുന്നോടിയായി ഉമ്മൻചാണ്ടിയുടെ ഓർമ്മകളിൽ വിതുമ്പി ടി. സിദ്ദീഖ്; കൽപ്പറ്റയിൽ കുഞ്ഞൂഞ്ഞിന്റെ സ്മരണയോടെ തുടക്കം




