ന്യൂഡല്‍ഹി: സാധാരണക്കാരന്റെ കുടുംബ ബഡ്ജറ്റുകളുടെ താളം തെറ്റിച്ചുകൊണ്ട് രാജ്യത്ത് ഇന്ധനവില വീണ്ടും കുത്തനെ കൂട്ടി കേന്ദ്രസര്‍ക്കാര്‍. പെട്രോളിന് ലിറ്ററിന് 87 പൈസയും ഡീസലിന് 91 പൈസയുമാണ് ഒടുവിലായി വര്‍ധിപ്പിച്ചത്. പത്ത് ദിവസത്തിനിടെ ഇത് മൂന്നാമത്തെ തവണയാണ് പൊതുമേഖലാ എണ്ണക്കമ്പനികള്‍ ജനങ്ങള്‍ക്ക് മേല്‍ വിലക്കയറ്റത്തിന്റെ ഇരുട്ടടി അടിക്കുന്നത്. പുതിയ വര്‍ധനവോടെ സംസ്ഥാന തലസ്ഥാനമായ തിരുവനന്തപുരത്ത് പെട്രോള്‍ വില 112.60 രൂപയായി കുതിച്ചുയര്‍ന്നു. ഡീസല്‍ വിലയാകട്ടെ 101 രൂപയും കടന്നുപോയി. വാണിജ്യ നഗരമായ കൊച്ചിയിലും സമാനമായ രീതിയിലാണ് നിരക്കുകള്‍ ഉയര്‍ന്നത്. കൊച്ചിയില്‍ പെട്രോളിന് 110.60 രൂപയും ഡീസലിന് 99.54 രൂപയുമാണ് ഇന്നത്തെ നിരക്ക്.
തുടര്‍ച്ചയായുള്ള ഈ ഇന്ധനവേട്ടയിലൂടെ പെട്രോളിനും ഡീസലിനും ചുരുങ്ങിയ ദിവസങ്ങള്‍ക്കൊണ്ട് 4 രൂപയിലേറെയാണ് ഇതുവരെ വര്‍ധിപ്പിച്ചത്. ആദ്യം ലിറ്ററിന് മൂന്ന് രൂപ വര്‍ധിപ്പിച്ച എണ്ണക്കമ്പനികള്‍, തൊട്ടുപിന്നാലെ പെട്രോളിന് 86 പൈസയും ഡീസലിന് 83 പൈസയും കൂട്ടിയിരുന്നു. എന്നാല്‍ ഇതുകൊണ്ടും തീരുന്നതല്ല ജനങ്ങളുടെ ദുരിതം. പെട്രോള്‍, ഡീസല്‍ വിലയില്‍ ലിറ്ററിന് കുറഞ്ഞത് 15 രൂപയുടെയെങ്കിലും വര്‍ധനവ് വരുത്തണമെന്നാണ് പൊതുമേഖലാ എണ്ണക്കമ്പനികള്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഒറ്റയടിക്ക് ഇത്രയും വലിയ തുക കൂട്ടിയാല്‍ രാജ്യത്ത് വന്‍ ജനരോഷത്തിന് ഇടയാക്കുമെന്നതിനാല്‍, ജനങ്ങള്‍ അറിയാതെ തുള്ളിത്തുമ്പായി ഘട്ടംഘട്ടമായി വില അടിച്ചേല്‍പ്പിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ തന്ത്രപൂര്‍വ്വം തയ്യാറെടുക്കുന്നത്.
റഷ്യ ഉക്രയ്ന് സംഘര്‍ഷത്തെ തുടര്‍ന്ന് 2022ല്‍ അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡോയില്‍ വില ഉയര്‍ന്നപ്പോഴും സമാനമായ തന്ത്രമാണ് കേന്ദ്രസര്‍ക്കാരും എണ്ണക്കമ്പനികളും പയറ്റിയത്. അന്ന് 2022 മാര്‍ച്ച് 22 മുതല്‍ ഏപ്രില്‍ 16 വരെയുള്ള ചുരുങ്ങിയ ദിവസങ്ങള്‍ക്കിടയില്‍ 14 വട്ടമാണ് ഇന്ധന വില തുടര്‍ച്ചയായി വര്‍ധിപ്പിച്ചത്. അന്ന് പെട്രോളിനും ഡീസലിനും ലിറ്ററിന് 10 രൂപയ്ക്കടുത്താണ് ജനങ്ങളില്‍ നിന്നും ഈടാക്കിയത്. അന്ന് അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡോയില്‍ വില 110 ഡോളര്‍ കടന്നെന്ന ന്യായം പറഞ്ഞായിരുന്നു ഈ കൊള്ള നടത്തിയത്. എന്നാല്‍ പിന്നീട് 2022 സെപ്തംബറില്‍ ക്രൂഡ് ഓയില്‍ വില 80 ഡോളറിന് താഴെയെത്തിയിട്ടും അന്ന് കൂട്ടിയ വിലയില്‍ ഒരു പൈസ പോലും കുറയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറായിരുന്നില്ല.
ഇപ്പോള്‍ നിലവിലുള്ള പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് ക്രൂഡ് ഓയില്‍ വില 110 ഡോളര്‍ കടന്നുവെന്ന പഴയ ന്യായീകരണമാണ് ഇപ്പോഴത്തെ കൊള്ളയ്ക്കും അധികൃതര്‍ നിരത്തുന്നത്. മാര്‍ച്ച് അവസാനമാണ് അന്താരാഷ്ട്ര വിപണിയില്‍ വില 110 ഡോളര്‍ കടന്നത്. എന്നാല്‍ ഏപ്രില്‍ പകുതിയോടെ തന്നെ വില 83 ഡോളറിലേക്ക് താഴേക്ക് പതിച്ചിരുന്നു. പിന്നീട് പല ഘട്ടങ്ങളിലും ക്രൂഡ് വില വലിയ ഉയര്‍ച്ച താഴ്ചകളിലൂടെയാണ് കടന്നുപോകുന്നത്. വിപണിയില്‍ ഇത് സ്ഥിരമായി 100 ഡോളറിന് മുകളില്‍ നില്ക്കുന്ന സാഹചര്യം നിലവിലില്ല എന്നിരിക്കെയാണ് ഈ പുതിയ വില വര്‍ധനവ്. രാജ്യത്ത് ഇന്ധന ഉപയോഗം കൃത്രിമമായി കുറയ്ക്കുകയെന്ന ഒളിച്ചുവെച്ച ലക്ഷ്യവും ഈ അനിയന്ത്രിതമായ വില കൂട്ടലിന് പിന്നിലുണ്ടെന്നാണ് സൂചന.
ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള ക്രൂഡ് ഓയില്‍ വരവ് പാടെ നിലച്ചതും, യുഎസ് തീട്ടൂരത്തിന് വഴങ്ങി ഇന്ത്യ ഇറാന്, റഷ്യ ക്രൂഡ് ഓയില്‍ പൂര്‍ണ്ണമായി വേണ്ടെന്നു വെച്ചതും ആഭ്യന്തര വിപണിയില്‍ പ്രതിസന്ധി രൂക്ഷമാക്കിയിട്ടുണ്ട്. തുടര്‍ച്ചയായുണ്ടാകുന്ന ഈ ഇന്ധനവില വര്‍ധനവ് രാജ്യത്ത് നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തിന് കാരണമാകുമെന്നുറപ്പാണ്. ചരക്കുകൂലി വര്‍ധിക്കുന്നതോടെ വിപണിയിലെ എല്ലാ സാധനങ്ങള്‍ക്കും വില കൂടും. ഇതോടെ സാധാരണക്കാരുടെ ജനജീവിതം പൂര്‍ണ്ണമായും ദുസഹസാകും. ജനങ്ങളെ പരസ്യമായി കൊള്ളയടിക്കുന്ന കേന്ദ്രസര്‍ക്കാരിന്റെയും എണ്ണക്കമ്പനികളുടെയും ഈ നടപടിക്കെതിരെ രാജ്യവ്യാപകമായി കടുത്ത ജനപ്രതിഷേധമാണ് ഉയരുന്നത്.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


കൊല്ലം ജില്ലാ ആശുപത്രിയിൽ നഴ്സിംഗ് അസിസ്റ്റന്റിന് ക്രൂരമർദ്ദനം; രോഗി കസ്റ്റഡിയിൽ



