ന്യൂഡല്‍ഹി: അധികാരത്തിന്റെ അഹന്തയില്‍ രാജ്യത്തെ യുവാക്കളെ ‘പാറ്റകള്‍’ എന്ന് വിളിച്ച് അധിക്ഷേപിച്ചവര്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ മീമുകളിലൂടെയും ട്രോളുകളിലൂടെയും ഡിജിറ്റല്‍ വിപ്ലവം സൃഷ്ടിച്ച കോക്രോച്ച് ജനത പാര്‍ട്ടി (സി.ജെ.പി) സ്ഥാപകന്‍ അഭിജീത് ദിപ്കെയുടെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു. തന്റെ ഔദ്യോഗിക അക്കൗണ്ടിലേക്കുള്ള പൂര്‍ണ്ണമായ ആക്സസ് നഷ്ടപ്പെട്ടതായും നിലവില്‍ അത് ഓപ്പണ്‍ ചെയ്യാന്‍ സാധിക്കുന്നില്ലെന്നും ദിപ്കെ തന്നെ എക്സിലൂടെ (ട്വിറ്റര്‍) പരസ്യപ്പെടുത്തി. ഇതിനു പുറമെ സി.ജെ.പിയുടെ ബാക്കപ്പ് ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് മെറ്റാ അധികൃതര്‍ പ്ലാറ്റ്ഫോമില്‍ നിന്നും നീക്കം ചെയ്തതായും അദ്ദേഹം അറിയിച്ചു. ഭരണകൂടങ്ങളെയും ഉന്നത അധികാര കേന്ദ്രങ്ങളെയും വിറപ്പിച്ചുകൊണ്ട് അതിവേഗം വളര്‍ന്ന യുവജന കൂട്ടായ്മയുടെ സോഷ്യല്‍ മീഡിയ സാന്നിധ്യം തകര്‍ക്കാനുള്ള ആസൂത്രിത നീക്കമാണ് ഇതിന് പിന്നിലെന്നാണ് ഉയരുന്ന പ്രധാന ആക്ഷേപം.
വെള്ളിയാഴ്ച എക്സില്‍ പങ്കുവെച്ച കുറിപ്പുകളിലൂടെയാണ് മെറ്റാ പ്ലാറ്റ്ഫോമുകളില്‍ താന്‍ നേരിടുന്ന വിലക്കുകളെക്കുറിച്ച് അഭിജീത് ദിപ്കെ വെളിപ്പെടുത്തിയത്. ‘@മെറ്റ, എനിക്ക് എന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലേക്കുള്ള ആക്സസ് പൂര്‍ണ്ണമായും നഷ്ടപ്പെട്ടിരിക്കുന്നു. അത് വീണ്ടെടുക്കാന്‍ നിരന്തരം ശ്രമിക്കുന്നുണ്ടെങ്കിലും സാധിക്കുന്നില്ല’ എന്ന് ദിപ്കെ കുറിച്ചു. ഡിജിറ്റല്‍ ലോകത്തെ വന്‍ ചലനമായി മാറിയ ഈ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ട സംഭവത്തില്‍ മെറ്റാ അധികൃതര്‍ ഇതുവരെ ഔദ്യോഗിക പ്രതികരണങ്ങളോ വിശദീകരണങ്ങളോ നല്കാന് തയ്യാറായിട്ടില്ല. ചീഫ് ജസ്റ്റിസിന്റെ പരാമര്‍ശത്തിന് പിന്നാലെ രൂപീകരിക്കപ്പെട്ട ഈ കൂട്ടായ്മയ്ക്ക് ലക്ഷക്കണക്കിന് ഫോളോവേഴ്സാണ് ഇന്‍സ്റ്റാഗ്രാമില്‍ ഉണ്ടായിരുന്നത്.
ഇന്ത്യയുടെ ചീഫ് ജസ്റ്റിസ് സൂര്യകാന്ത് രാജ്യത്തെ തൊഴിലില്ലാ യുവാക്കളെ ‘പരാദജീവികള്‍’, ‘പാറ്റകള്‍’ എന്നീ പദങ്ങള്‍ ഉപയോഗിച്ച് കടുത്ത ഭാഷയില്‍ വിമര്‍ശിച്ചതിന് തൊട്ടുപിന്നാലെയാണ് ഇതിനെതിരെ എക്സില്‍ ‘സി.ജെ.പി’ എന്ന പേരില്‍ പ്രതിരോധ കൂട്ടായ്മ രൂപം കൊണ്ടത്. രാഷ്ട്രീയക്കാര്‍, ആക്ടിവിസ്റ്റുകള്‍, ഡിജിറ്റല്‍ കലാകാരന്മാര് തുടങ്ങി സമൂഹത്തിന്റെ വിവിധ കോണുകളിലുള്ള ലക്ഷക്കണക്കിന് ആളുകള്‍ ഈ പേജിന് പെട്ടെന്ന് തന്നെ പിന്തുണയുമായി എത്തി. വെറും നാല് ദിവസം കൊണ്ട് സി.ജെ.പിയുടെ ഔദ്യോഗിക അക്കൗണ്ടിലെ ഫോളോവേഴ്സിന്റെ എണ്ണം രാജ്യത്തെ ഭരണകക്ഷിയായ ബി.ജെ.പിയുടെ അക്കൗണ്ടിനെ മറികടന്നതോടെ എക്സിലെ പ്രധാന അക്കൗണ്ട് പൂട്ടിയിരുന്നു. ഇതിനു ശേഷമാണ് സി.ജെ.പി ഇന്‍സ്റ്റാഗ്രാമിലേക്ക് തങ്ങളുടെ ഡിജിറ്റല്‍ പോരാട്ടം മാറ്റിയത്.
തന്റെ പരാമര്‍ശം മാധ്യമങ്ങള്‍ തെറ്റായി ഉദ്ധരിച്ചതാണെന്നും വ്യാജമായ ബിരുദങ്ങള്‍ കാണിച്ച് നിയമരംഗത്തേക്ക് പ്രവേശിക്കുന്ന ആളുകളെ ലക്ഷ്യം വെച്ചാണ് താന്‍ അങ്ങനെ സംസാരിച്ചതെന്നും ചീഫ് ജസ്റ്റിസ് പിന്നീട് കോടതിയില്‍ വിശദീകരിച്ചിരുന്നു. എന്നാല്‍ തങ്ങളെ ‘പാറ്റകള്‍’ എന്ന് വിളിച്ച് അധിക്ഷേപിച്ച സിസ്റ്റത്തോടുള്ള പ്രതികാരമെന്നോണം പാറ്റയെത്തന്നെ തങ്ങളുടെ ഔദ്യോഗിക പ്രതീകമായി സ്വീകരിച്ചാണ് സി.ജെ.പി സോഷ്യല്‍ മീഡിയയില്‍ കത്തക്കയറിയത്. നിലവില്‍ സി.ജെ.പിയുടെ വിവിധ ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളിലായി 21 ദശലക്ഷത്തിലധികം (രണ്ട് കോടിയിലധികം) ഫോളോവേഴ്സാണ് ലോകമെമ്പാടുമുള്ളത്.
അതേസമയം, ഓണ്‍ലൈനിലെ തരംഗം തെരുവുകളിലേക്ക് പടരുന്നതിന്റെ സൂചന നല്‍കിക്കൊണ്ട് സി.ജെ.പി കര്‍ണാടക ഘടകത്തിന്റെ പേരില്‍ ബംഗളൂരു നഗരത്തില്‍ വന്‍ മനുഷ്യച്ചങ്ങലയ്ക്ക് ആഹ്വാനം ചെയ്യുന്ന പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. ‘പാറ്റകളുടെ ശക്തി ഓണ്‍ലൈനില്‍ മാത്രമല്ല, തെരുവുകളിലുമുണ്ടെന്ന്’ പ്രഖ്യാപിക്കുന്നതാണ് ബംഗളൂരുവില്‍ പ്രത്യക്ഷപ്പെട്ട പോസ്റ്ററുകള്‍. എന്നാല്‍ ഈ മനുഷ്യച്ചങ്ങല തന്റെ അറിവോടുകൂടിയല്ലെന്ന് സ്ഥാപകന്‍ അഭിജീത് ദിപ്കെ വ്യക്തമാക്കിയിട്ടുണ്ട്. നഗരത്തില്‍ മുന്‍കൂട്ടി അനുവാദമില്ലാതെ ഒത്തുകൂടുന്നതിനെതിരെയും ക്രമസമാധാന പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നതിനെതിരെയും ബംഗളൂരു പോലീസ് കര്‍ശന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ സ്ഥാപകനും ഇതിന് പിന്നിലെ പ്രധാന ബുദ്ധികേന്ദ്രവും മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗര്‍ (പഴയ ഔറംഗബാദ്) സ്വദേശിയായ മുപ്പതുകാരന് അഭിജീത് ദിപ്കെയാണ്. പുണെയില്‍ നിന്ന് ജേര്‍ണലിസത്തില്‍ ബിരുദം നേടിയ ശേഷം ഉപരിപഠനത്തിനായി അമേരിക്കയിലേക്ക് പോയ അദ്ദേഹം ബോസ്റ്റണ്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് പബ്ലിക് റിലേഷന്‍സില്‍ മാസ്റ്റേഴ്സ് ബിരുദം പൂര്‍ത്തിയാക്കിയിട്ടുണ്ട്. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള് വഴി ജനകീയമായ രാഷ്ട്രീയ അഭിപ്രായങ്ങള്‍ രൂപപ്പെടുത്തുന്നതില്‍ അന്താരാഷ്ട്ര തലത്തില്‍ പരിചയസമ്പത്തുള്ള ഒരു മികച്ച ഡിജിറ്റല്‍ കമ്മ്യൂണിക്കേഷന്‍ സ്ട്രാറ്റജിസ്റ്റാണ് അഭിജീത്.
2020 മുതല്‍ 2023 വരെയുള്ള കാലയളവില്‍ ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടിയുടെ സോഷ്യല്‍ മീഡിയ ടീമില്‍ സന്നദ്ധപ്രവര്‍ത്തകനായി അഭിജീത് പ്രവര്‍ത്തിച്ചിരുന്നു. 2020-ലെ ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ എ.എ.പിയെ വീണ്ടും അധികാരത്തിലെത്തിക്കുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിച്ച മീം അധിഷ്ഠിത ഡിജിറ്റല്‍ ക്യാമ്പയിനുകള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചത് ഈ മുപ്പതുകാരനായിരുന്നു. ഇതിനാല്‍ തന്നെ സി.ജെ.പി എന്നത് എ.എ.പി സ്പോണ്സര് ചെയ്ത പ്രൊജക്റ്റാണെന്ന് രാഷ്ട്രീയ എതിരാളികള്‍ ആരോപിക്കുന്നുണ്ടെങ്കിലും, ഇത് പൂര്‍ണ്ണമായും സ്വതന്ത്രമായ ഒരു യുവജന കൂട്ടായ്മയാണെന്ന് അഭിജീത് ആവര്‍ത്തിച്ചു വ്യക്തമാക്കുന്നു.
അധികാരത്തിലിരിക്കുന്നവരുടെ അഹങ്കാരം നിറഞ്ഞ വാക്കുകളെയും ജനവിരുദ്ധ നയങ്ങളെയും കൃത്യമായ ഹാസ്യത്തിലൂടെയും മൂര്‍ച്ചയുള്ള ട്രോളുകളിലൂടെയും നേരിട്ട് ഇന്ത്യന്‍ യുവത്വത്തിന്റെ ഡിജിറ്റല്‍ ശബ്ദമായി മാറിയ കൂട്ടായ്മയാണ് കോക്രോച്ച് ജനതാ പാര്‍ട്ടി. ഒരു രാഷ്ട്രീയ പാര്‍ട്ടി എന്നതിലുപരി ഇതൊരു വലിയ ഹാസ്യ-രാഷ്ട്രീയ കൂട്ടായ്മയാണ്. അതുകൊണ്ടുതന്നെ ഇതില്‍ അംഗമാകുന്നതിനായി അതിന്റെ സ്ഥാപകന്‍ അഭിജീത് ദിപ്കെ മുന്നോട്ട് വെച്ചിട്ടുള്ള യോഗ്യതാ മാനദണ്ഡങ്ങള്‍ തികച്ചും വിചിത്രവും അതേസമയം രസകരവുമാണ്. മതമോ ജാതിയോ ലിംഗഭേദമോ സാമ്പത്തിക നിലയോ ഒന്നും ഈ ഡിജിറ്റല്‍ പാര്‍ട്ടിയില്‍ അംഗത്വമെടുക്കാന്‍ ഒരു മാനദണ്ഡമല്ല.
ഇതില്‍ അംഗമാകാന്‍ പ്രധാനമായും നാല് യോഗ്യതകളാണ് ദിപ്കെ മുന്നോട്ടുവെക്കുന്നത്. ഒന്നാമതായി വ്യക്തി പൂര്‍ണ്ണമായും തൊഴില്രഹിതന് ആയിരിക്കണം. അത് സാഹചര്യങ്ങള്‍ കൊണ്ടോ, സ്വന്തം ഇഷ്ടപ്രകാരമോ, അതല്ലെങ്കില്‍ ഏതെങ്കിലും പ്രത്യയശാസ്ത്രങ്ങളുടെ അടിസ്ഥാനത്തിലോ ആകാം. രണ്ടാമതായി വ്യക്തി നല്ല രീതിയില്‍ മടിയന്‍ ആയിരിക്കണം. ഇത് ശാരീരികമായ മടിയെ മാത്രമാണ് ഉദ്ദേശിക്കുന്നത്, അതേസമയം നിങ്ങളുടെ തലച്ചോറിന് കൃത്യമായി ചിന്തിക്കാനും പുതിയ ആശയങ്ങള്‍ രൂപപ്പെടുത്താനുമുള്ള പൂര്‍ണ്ണ സ്വാതന്ത്ര്യമുണ്ടായിരിക്കും.
ദിവസത്തില്‍ കൂടുതല്‍ സമയവും ഓണ്‍ലൈനില്‍ ഉള്ളയാള്‍ ആയിരിക്കണം എന്നതാണ് മൂന്നാമത്തെ പ്രധാന യോഗ്യത. ശുചിമുറിയില്‍ പോകുന്ന സമയം ഉള്‍പ്പെടെ ഒരു ദിവസം കുറഞ്ഞത് 11 മണിക്കൂറെങ്കിലും നിര്‍ബന്ധമായും സോഷ്യല്‍ മീഡിയയിലും ഓണ്‍ലൈനിലും സജീവമായിരിക്കണം. അവസാനമായി, സമൂഹത്തെ ബാധിക്കുന്ന വിഷയങ്ങളില്‍ പ്രൊഫഷണലായി പ്രതികരിക്കാനും വിമര്‍ശിക്കാനും കഴിയുന്നവരാകണം അണികള്‍. തങ്ങളെ മടിയന്മാരെന്നും പാറ്റകളെന്നും വിളിച്ച് അധിക്ഷേപിക്കുന്ന ഭരണസംവിധാനങ്ങള്‍ക്ക് നേരെ സോഷ്യല്‍ മീഡിയയിലൂടെ ശക്തമായ ട്രോളുകളിലൂടെ പ്രതികരിക്കാന്‍ കഴിയുന്ന ലക്ഷക്കണക്കിന് യുവാക്കളുടെ ഈ വലിയ നെറ്റ്വര്‍ക്കിനെ തകര്‍ക്കുക അത്ര എളുപ്പമാകില്ലെന്നാണ് സൈബര്‍ വിദഗ്ദ്ധര്‍ വിലയിരുത്തുന്നത്.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


തിരഞ്ഞെടുപ്പിന് മുമ്പെ പോലീസില്‍ വീണ്ടും സ്ഥലംമാറ്റ ലിസ്റ്റ് തയ്യാറാകുന്നു! ഡി.വൈ.എസ്.പിമാരുടെ മാറ്റത്തില്‍ വന്‍ അട്ടിമറിയെന്ന് ആരോപണം ആഭ്യന്തര വകുപ്പ് പരിശോധന തുടങ്ങി; ഇന്‍സ്പെക്ടര്‍മാരുടെ പട്ടികയും ഉടന്‍!





