ന്യൂഡല്‍ഹി/തിരുവനന്തപുരം: കേരളത്തിലെ ദയനീയമായ തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ പാര്‍ട്ടി ഭരണഘടനയും ഭരണവിരുദ്ധ വികാരവും മുന്‍നിര്‍ത്തി കേന്ദ്ര നേതൃത്വത്തില്‍ നിന്ന് കടുത്ത എതിര്‍പ്പുകള്‍ ഉയരുമ്പോഴും, പ്രതിപക്ഷ നേതാവ് സ്ഥാനത്തുനിന്ന് പിണറായി വിജയന് മാറില്ലെന്ന് സി.പി.എം. സംസ്ഥാന ഘടകം വ്യക്തമാക്കി. ഡല്‍ഹിയില്‍ നാളെ ആരംഭിക്കുന്ന സി.പി.എം. കേന്ദ്ര കമ്മിറ്റി യോഗത്തില്‍ കേരളത്തിലെ പരാജയവും പിണറായിയുടെ നേതൃത്വവും പ്രധാന ചര്‍ച്ചയാകാനിരിക്കെയാണ്, എടുത്ത തീരുമാനത്തില്‍ നിന്ന് ഒരടി പോലും പിന്നോട്ടില്ലെന്ന കര്‍ശന നിലപാടുമായി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് രംഗത്തെത്തിയത്. പിണറായി വിജയനെ പ്രതിപക്ഷ നേതാവാക്കിയ തീരുമാനത്തില്‍ യാതൊരുവിധ പുനഃപരിശോധനയുമില്ലെന്നും ഇതിന് പോളിറ്റ് ബ്യൂറോയുടെ (പി.ബി.) കൃത്യമായ അംഗീകാരമുണ്ടെന്നുമാണ് കേരള ഘടകത്തിന്റെ വിശദീകരണം.
പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് പിണറായി വിജയന്റെ പേര് നിര്‍ദ്ദേശിച്ച സംസ്ഥാന സമിതിയുടെ തീരുമാനത്തെ ഓണ്‍ലൈനായി ചേര്‍ന്ന പി.ബി. യോഗത്തില്‍ മുതിര്‍ന്ന നേതാക്കള്‍ ശക്തമായി എതിര്‍ത്തിരുന്നു. പ്രധാനമായും രണ്ട് കാരണങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് അശോക് ധാവ്ലെ, വിജു കൃഷ്ണന് അടക്കമുള്ള അഞ്ചിലധികം കേന്ദ്ര നേതാക്കള്‍ പിണറായിയുടെ വരവിനെ ചോദ്യം ചെയ്തത്. സംസ്ഥാനത്തുണ്ടായ കടുത്ത ഭരണവിരുദ്ധ വികാരമാണ് പാര്‍ട്ടി തകരാന്‍ കാരണം എന്നതിനാല്‍, അതേ വ്യക്തി തന്നെ വീണ്ടും പദവിയിലേക്ക് വരുന്നത് ജനങ്ങള്‍ക്ക് തെറ്റായ സന്ദേശം നല്‍കും. പാര്‍ട്ടി കോണ്‍ഗ്രസ് പിണറായി വിജയന് പ്രായപരിധിയില്‍ ഇളവ് നല്കി കേന്ദ്ര കമ്മിറ്റിയില്‍ നിലനിര്‍ത്തിയത് ‘മുഖ്യമന്ത്രി’ എന്ന നിലയിലാണ്. അതിനാല്‍, പുതിയൊരു അധികാര പദവിയിലേക്ക് അദ്ദേഹം വരുന്നത് ഉചിതമല്ല. നാളെ ഡല്‍ഹിയില്‍ ആരംഭിക്കുന്ന ത്രിദിന കേന്ദ്ര കമ്മിറ്റി യോഗത്തിലും ഈ എതിര്‍പ്പ് മറ്റ് സംസ്ഥാനങ്ങളിലെ നേതാക്കള്‍ ഉയര്‍ത്താനാണ് സാധ്യത.
എന്നാല്‍ കേന്ദ്രത്തില്‍ നിന്നുള്ള ഈ വെല്ലുവിളികളെ പൂര്‍ണ്ണമായും തള്ളിക്കളയുന്നതാണ് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ പ്രതികരണം. പിണറായി വിജയന് പ്രതിപക്ഷ നേതാവ് സ്ഥാനം ഒഴിയില്ലെന്ന് അദ്ദേഹം ആവര്‍ത്തിച്ചു. സംസ്ഥാന സെക്രട്ടേറിയറ്റിന്റെയും സംസ്ഥാന കമ്മിറ്റിയുടെയും ഏകകണ്ഠമായ തീരുമാനമാണിത്. ഇതില്‍ ഇനി ഒരു ചര്‍ച്ചയോ മാറ്റമോ ഉണ്ടാകില്ല. വരാനിരിക്കുന്ന കടുത്ത രാഷ്ട്രീയ പോരാട്ടങ്ങളില്‍ പാര്‍ട്ടിയെ സഭയ്ക്കകത്ത് നയിക്കാന്‍ പിണറായിയുടെ പരിചയസമ്പന്നത ആവശ്യമാണെന്ന നിലപാടില്‍ കേരള ഘടകം ഉറച്ചുനില്‍ക്കുകയാണ്.
അതേസമയം, തെരഞ്ഞെടുപ്പ് തോല്‍വിക്ക് ശേഷം പാര്‍ട്ടിക്കുള്ളില്‍ വലിയ രീതിയിലുള്ള ആഭ്യന്തര കലഹം പുകയുന്നുണ്ടെന്ന് വ്യക്തമാക്കുന്നതാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. വാര്‍ത്താസമ്മേളനങ്ങളിലെ നേതാക്കളുടെ ശരീരഭാഷ ശരിയല്ലെന്ന വിമര്‍ശനം സ്വന്തം വീടുകളില്‍ നിന്ന് പോലും ഉയരുന്നുണ്ടെന്ന് തിരുവനന്തപുരം ജില്ലാ കമ്മിറ്റി യോഗത്തില്‍ എം.വി. ഗോവിന്ദന് തന്നെ തുറന്നുസമ്മതിച്ചു. പി.കെ. ശ്യാമളയുടെ സ്ഥാനാര്‍ത്ഥിത്വത്തെ ന്യായീകരിക്കാന്‍ നേതൃത്വം ശ്രമിക്കുമ്പോഴും, വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷമാണ് കേരളത്തിലെ വിവിധ ജില്ലാ കമ്മിറ്റികളില്‍ പിണറായി വിജയന്റെ ശൈലിക്കെതിരെ പരസ്യമായ തിരുത്തല്‍ വാദങ്ങള്‍ ഉയരുന്നത്.
നാളെ ഡല്‍ഹിയില്‍ ആരംഭിക്കുന്ന കേന്ദ്ര കമ്മിറ്റി യോഗത്തില്‍ സംസ്ഥാന ഘടകം തയ്യാറാക്കിയ പ്രാഥമിക തെരഞ്ഞെടുപ്പ് വിലയിരുത്തല്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. തോല്‍വിയുടെ യഥാര്‍ത്ഥ കാരണങ്ങള്‍ എന്തൊക്കെയാണെന്ന് വിശദീകരിക്കാന്‍ കേരള നേതാക്കള്‍ നിര്‍ബന്ധിതരാകും. പുതിയൊരു നേതൃത്വം വരണമെന്ന് കേന്ദ്രത്തിലെ ഒരു വിഭാഗം ആവശ്യപ്പെടുമ്പോഴും, കേരളത്തിലെ പാര്‍ട്ടിയുടെ സര്‍വ്വാധിപതിയായി പിണറായി വിജയന് തന്നെ തുടരുമെന്ന പ്രഖ്യാപനമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.
കേന്ദ്ര കമ്മിറ്റിയുടെ തിരുത്തല്‍ ആവശ്യങ്ങള്‍ക്ക് മുന്നില്‍ കേരള ഘടകം വഴങ്ങുമോ അതോ പിണറായി യുഗം ഇതേപടി തുടരുമോ എന്നാണ് വരും ദിവസങ്ങളില്‍ രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


കവടിയാർ കൊട്ടാരത്തിലെ കവർച്ച: ആഭരണങ്ങൾ സംസ്ഥാനത്തിന് പുറത്തേക്ക് കടത്തിയോ? ക്രൈം ബ്രാഞ്ച് അന്വേഷണം ഊർജ്ജിതമാക്കി ; ഫോൺ രേഖകൾ നിർണ്ണായകമാകും, യൂട്യൂബർമാരും നിരീക്ഷണത്തിൽ!




