തിരുവനന്തപുരം: കേരളത്തിൽ പുതിയ യുഡിഎഫ് മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റിട്ടും വിവിധ ഘടകകക്ഷികൾക്കിടയിലെ വകുപ്പ് തർക്കം കാരണം ഔദ്യോഗിക വിജ്ഞാപനം പുറപ്പെടുവിക്കാനാകാതെ ഭരണനേതൃത്വം കടുത്ത പ്രതിസന്ധി നേരിടുന്നു. സാധാരണയായി സത്യപ്രതിജ്ഞാ ദിവസം തന്നെ മന്ത്രിമാരുടെ വകുപ്പുകൾ വ്യക്തമാക്കുന്ന വിജ്ഞാപനം ഇറങ്ങാറുള്ളതാണെങ്കിലും ഇത്തവണ തർക്കങ്ങൾ മുറുകിയതോടെ നടപടികൾ നീളുകയാണ്.
എന്നാൽ വകുപ്പുകൾ സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം കൃത്യസമയത്ത് തന്നെ ഉണ്ടാകുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ വ്യക്തമാക്കിയിട്ടുണ്ട്. ഉന്നതവിദ്യാഭ്യാസ വകുപ്പും ഫിഷറീസ് വകുപ്പും സംബന്ധിച്ച് കോൺഗ്രസും മുസ്ലിം ലീഗും തമ്മിൽ നടത്തുന്ന വടംവലിയാണ് നിലവിലെ പ്രധാന പ്രതിസന്ധിക്ക് കാരണം. കഴിഞ്ഞ ഇടതുപക്ഷ സർക്കാരിന്റെ കാലത്ത് പൊതുവിദ്യാഭ്യാസവും ഉന്നതവിദ്യാഭ്യാസവും രണ്ട് മന്ത്രിമാരുടെ കീഴിലായിരുന്നു പ്രവർത്തിച്ചിരുന്നത്. ഇതേ മാതൃക തുടർന്ന് ഉന്നതവിദ്യാഭ്യാസം കോൺഗ്രസും പൊതുവിദ്യാഭ്യാസം ലീഗും ഏറ്റെടുക്കാനായിരുന്നു മുന്നണിയിലെ ആദ്യ ധാരണ.
ഇതനുസരിച്ച് ഉന്നതവിദ്യാഭ്യാസ വകുപ്പ് റോജി എം. ജോണിന് നൽകാനായിരുന്നു കോൺഗ്രസ് ആലോചിച്ചിരുന്നത്. എന്നാൽ ഈ വകുപ്പ് വിട്ടുകൊടുക്കണമെങ്കിൽ കോൺഗ്രസിന്റെ കൈവശമുള്ള ഫിഷറീസ് വകുപ്പ് തങ്ങൾക്ക് വേണമെന്ന നിലപാടിൽ ലീഗ് ഉറച്ചുനിൽക്കുകയാണ്. ഇതിനിടെ ഫിഷറീസ് വകുപ്പ് ലീഗിന് നൽകരുതെന്ന ആവശ്യവുമായി കോൺഗ്രസിലെ ഒരു വിഭാഗവും ലത്തീൻ സഭയും രംഗത്തെത്തി.
മന്ത്രി വീണാ ജോര്‍ജിന് നേരെയുണ്ടായ അക്രമത്തില്‍ പ്രതിഷേധം; കണ്ണൂര്‍ ഡിസിസി ഓഫീസിലേക്ക് എസ്എഫ്ഐ മാര്‍ച്ച്, സംഘര്‍ഷം; ഡിസിസി ഓഫീസിന് നേരെ എസ്എഫ്ഐയുടെ കല്ലേറ്
കോൺഗ്രസ് മന്ത്രിമാരെ നിശ്ചയിച്ചപ്പോൾ തങ്ങൾക്ക് അർഹമായ പരിഗണന ലഭിച്ചില്ലെന്ന പരാതി ലത്തീൻ സഭാ പ്രതിനിധികൾ ഉന്നയിക്കുന്നുണ്ട്. ലത്തീൻ വിഭാഗത്തിൽ നിന്ന് കോൺഗ്രസിന് മന്ത്രിമാരില്ലെങ്കിലും ഇതേ സമുദായത്തിൽ നിന്നുള്ള ഷിബു ബേബി ജോൺ മന്ത്രിസഭയിലുണ്ട്. തീരദേശ മേഖലയെക്കുറിച്ച് വ്യക്തമായ ധാരണയുള്ളവർക്ക് തന്നെ ഫിഷറീസ് വകുപ്പ് നൽകണമെന്നാണ് ലത്തീൻ സഭ ആവശ്യപ്പെടുന്നത്.
വകുപ്പ് തർക്കങ്ങൾ പരിഹരിക്കാൻ മുഖ്യമന്ത്രിയുടെ കൈവശമുള്ള സുപ്രധാന വകുപ്പുകളിലേക്ക് കണ്ണ് നട്ട് കെ.സി. വേണുഗോപാൽ പക്ഷം നീക്കങ്ങൾ സജീവമാക്കിയിട്ടുണ്ട്. നിലവിലെ തീരുമാനപ്രകാരം തുറമുഖം, നിയമം, ധനം തുടങ്ങിയ സുപ്രധാന വകുപ്പുകൾ മുഖ്യമന്ത്രിയാണ് കൈകാര്യം ചെയ്യേണ്ടത്. ഇതിൽ ഒരു വകുപ്പ് മറ്റ് കോൺഗ്രസ് മന്ത്രിമാർക്ക് ആർക്കെങ്കിലും കൈമാറി പ്രശ്നം പരിഹരിച്ചുകൂടെ എന്ന് കെ.സി. പക്ഷം ചോദിക്കുന്നു. ഇതിനൊപ്പം മറ്റ് ചില വകുപ്പുകളിലും മന്ത്രിമാർ അതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്. കൃഷി വകുപ്പ് ഏറ്റെടുക്കുന്നതിനോട് ടി. സിദ്ദിഖിന് താല്പര്യമില്ലെന്നാണ് സൂചന.
സിദ്ദിഖിന് നേരത്തെ വനം വകുപ്പായിരുന്നു നിശ്ചയിച്ചിരുന്നതെങ്കിലും പിന്നീട് അത് ഷിബു ബേബി ജോണിന് നൽകുകയായിരുന്നു. അതേസമയം, വൈദ്യുതി വകുപ്പ് വേണ്ടെന്ന നിലപാട് വ്യക്തമാക്കിയ കെ. മുരളീധരന് ആരോഗ്യ വകുപ്പ് നൽകാൻ ധാരണയായിട്ടുണ്ട്. ഇതിന് പുറമെ ജലവിഭവ വകുപ്പിനൊപ്പം രജിസ്ട്രേഷൻ വകുപ്പ് കൂടി വേണമെന്ന ആവശ്യവുമായി കേരള കോൺഗ്രസും രംഗത്തെത്തിയതോടെ അടിയന്തരമായി സമവായ ചർച്ചകൾ നടത്തി വിജ്ഞാപനം ഇറക്കാനുള്ള കടുത്ത സമ്മർദ്ദത്തിലാണ് മുന്നണി നേതൃത്വം.

വര്‍ഗീസിനെ ചതിച്ചത് സ്വന്തം സഖാക്കളോ? ഇടുക്കി സിപിഎമ്മില്‍ പ്രതിസന്ധിയായി ഓഡിയോ ചോര്‍ച്ച; ജോസ് കെ മാണിയെ തണുപ്പിക്കാന്‍ പിണറായിയുടെ ‘ശാസന’ വരും; ആ പിളര്‍പ്പ് നീക്കം ഇടതുമുന്നണിയില്‍ വന്‍ പൊട്ടിത്തെറിയാകുമോ?





