കാസർകോട് : ക്രിക്കറ്റ് കളിക്കിടെയുണ്ടായ വാക്കുതർക്കത്തെത്തുടർന്ന് ബാങ്ക് സെക്യൂരിറ്റി ജീവനക്കാരനെ കുത്തിക്കൊന്നു. കുഡ്ലു ബദ്രു സ്വദേശി സുരേഷ് (42) ആണ് കൊല്ലപ്പെട്ടത്. കൊലപാതകവുമായി ബന്ധപ്പെട്ട് സുരേഷിനൊപ്പം ഉണ്ടായിരുന്ന കിരൺ, അഖിലേഷ് എന്നിവർക്കെതിരെ ബദിയടുക്ക പൊലീസ് കേസെടുത്തിട്ടുണ്ട്. ഇരുവരും ഒളിവിലാണ്.
കഴിഞ്ഞ ദിവസം കുമ്പഡാജെ പഞ്ചായത്ത് ഗ്രൗണ്ടിൽ നടന്ന ക്രിക്കറ്റ് ടൂർണമെൻ്റിനിടെ തർക്കമുണ്ടായിരുന്നു . ക്രിക്കറ്റ് കളിയുടെ സംഘടകനായിരുന്നു സുരേഷ്. ഇവിടെ വച്ചുണ്ടായ തർക്കിൻ്റെ വൈരാഗ്യമാണ് അക്രമത്തിൽ കലാശിച്ചതെന്നാണ് പോലീസ് സംശയിക്കുന്നത്. കുമ്പഡാജെ സഹകരണ ബാങ്കിലെ സെക്യൂരിറ്റി ജീവനക്കാരനാണ് കൊല്ലപ്പെട്ട സുരേഷ്. മകൻ സുഭാഷിൻ്റെ പരാതിയിന്മേലാണ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.
മാപ്പിനടുക്ക ഹൈമാസ്റ്റ് ലൈറ്റിന് സമീപത്തുവച്ച് രാത്രി 9.30നാണ് അക്രമം നടന്നത്. ഇവിടെ നിൽക്കുകയായിരുന്ന സുരേഷിൻ്റെ അടുത്തേക്ക് കിരൺ പെട്ടെന്നെത്തി കത്തികൊണ്ട് കുത്തുകയായിരുന്നു. രണ്ടാമത്തെ പ്രതിയായ അഖിലേഷും ഈ സമയം ഇയാൾക്കൊപ്പം ഉണ്ടായിരുന്നുവെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. രാത്രിയായതിനാൽ പ്രദേശത്ത് ആളുകൾ വളരെ കുറവായിരുന്നു. അതിനാൽ സംഭവം പെട്ടെന്ന് ആരുടേയും ശ്രദ്ധയിൽപ്പെട്ടില്ല.
വിഴിഞ്ഞത്ത് ആയുർവേദ ചികിത്സയ്ക്കെത്തിയ റഷ്യൻ പൗരൻ മരിച്ച നിലയിൽ; പോലീസ് അന്വേഷണം തുടങ്ങി
കുത്തേറ്റ സുരേഷിൻ്റെ ഉറക്കെയുള്ള നിലവിളികേട്ടാണ് പരിസരവാസികൾ ഓടിയെത്തിയത്. രക്തത്തിൽ കുളിച്ചുകിടക്കുകയായിരുന്ന സുരേഷിനെ നാട്ടുകാർ ഉടൻതന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു . പൊലീസ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം കാസർകോട് ജനറൽ ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി.

കാട്ടാക്കട കൊലപാതകം: തര്‍ക്കം തീര്‍ത്തത് ചോരയില്‍; ബൈക്ക് വില്‍പ്പനയെച്ചൊല്ലിയുള്ള വൈരാഗ്യം ഒടുവില്‍ കൊലപാതകത്തില്‍ കലാശിച്ചു





