പുതിയ അധ്യയന വർഷം മുതൽ ത്രിഭാഷാ നിയമം നിർബന്ധമാക്കി സിബിഎസ്ഇ; മൂന്നാം ഭാഷയ്ക്ക് ബോർഡ് പരീക്ഷയില്ല

വരുന്ന അധ്യയന വർഷം മുതൽ വിദ്യാർഥികൾ മൂന്ന് ഭാഷകൾ  പഠിക്കുന്ന നിയമം കർശനമാക്കി സി.ബി.എസ്.ഇ. ഇതുപ്രകാരം, 9ാം ക്ലാസിലേക്ക് പ്രവേശനം നേടുന്ന മുഴുവൻ വിദ്യാർഥികളും 3 ഭാഷകൾ പഠിക്കേണ്ടി വരും .ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ശിപാർശകൾ പ്രകാരമാണ് 2026-27 അധ്യയന വർഷം മുതൽ ഈ മാറ്റങ്ങൾ നടപ്പിലാക്കാൻ സി.ബി.എസ്.ഇ തീരുമാനിച്ചിരിക്കുന്നത്.

തിരഞ്ഞെടുക്കുന്ന മൂന്ന് ഭാഷക‌ളിൽ രണ്ടെണ്ണം ഇന്ത്യൻ ഭാഷകളായിരിക്കണമെന്നാണ് നിയമം. ആദ്യ രണ്ട് ഭാഷകൾ ഇന്ത്യൻ ഭാഷകളാണെങ്കിൽ മൂന്നാമത്തെ ഭാഷയായി വിദ്യാർഥികൾക്ക് വേണമെങ്കിൽ വിദേശ ഭാഷകൾ കൂടി തിരഞ്ഞെടുക്കാവുന്നതാണ്. കൂടാതെ താല്പര്യമുള്ള വിദ്യാർഥികൾക്ക് നാലാം ഭാഷയായി വേണമെങ്കിലും വിദേശ ഭാഷകൾ പഠിക്കാൻ അവസരമുണ്ടാകും.

വിദ്യാർഥികളുടെ മേലുള്ള അമിത സമ്മർദ്ദം കുറയ്ക്കുന്നതിനും പഠനത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനുമായി, പത്താം ക്ലാസിൽ മൂന്നാം ഭാഷയ്ക്ക് ബോർഡ് പരീക്ഷ ഉണ്ടായിരിക്കില്ലെന്ന് സിബിഎസ്ഇ വൃത്തങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്. പകരം സ്കൂൾ തലത്തിൽ ഇന്റേണൽ അസെസ്മെന്റ് വഴിയാകും ഇതിന്റെ മൂല്യനിർണയം നടക്കുക. എങ്കിലും, വിദ്യാർത്ഥികൾക്ക് നൽകുന്ന അന്തിമ സിബിഎസ്ഇ സർട്ടിഫിക്കറ്റിൽ ഇതിന്റെ മാർക്കുകളും മൂല്യനിർണ്ണയ വിശദാംശങ്ങളും ഉൾപ്പെടുത്തുകയും ചെയ്യും.

പുതിയ പാഠപുസ്തകങ്ങൾ തയ്യാറാകുന്നത് വരെ, ഒൻപതാം ക്ലാസുകാർ മൂന്നാമത്തെ ഭാഷയ്ക്കായി ആറാം ക്ലാസിലെ പാഠപുസ്തകങ്ങളാകും താൽക്കാലികമായി പഠിക്കേണ്ടി വരിക. പ്രാദേശിക സാഹിത്യങ്ങളും സ്കൂളുകൾക്ക് ഇതിനൊപ്പം ഉപയോഗിക്കാൻ അനുമതിയുണ്ട് . കൂടാതെ ഭാഷാ അധ്യാപകരുടെ കുറവ് നേരിടുന്ന സ്കൂളുകൾക്ക് വിരമിച്ച അധ്യാപകരെയോ ആ ഭാഷയിൽ പ്രാവീണ്യമുള്ള മറ്റ് വിഷയങ്ങളിലെ അധ്യാപകരെയോ താൽക്കാലികമായി നിയമിക്കാനും  നിയമമുണ്ട്.

ചില ഇളവുകളും പുതിയ നയത്തിൽ പ്രഖ്യാപിച്ചിട്ടുണ്ട്. പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്ക് പുതിയ ഭാഷാ നയത്തിൽ നിന്ന് ഇളവുകൾ ലഭിക്കാൻ അർഹതയുണ്ടാകും. ഇതിനുപുറമെ, ഇന്ത്യയിലേക്ക് മടങ്ങിയെത്തുന്ന വിദേശ വിദ്യാർഥികൾക്കും വിദേശ രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന സിബിഎസ്ഇ സ്കൂളുകൾക്കും അവരുടെ സാഹചര്യങ്ങൾക്കനുസരിച്ച് നിയമങ്ങളിൽ ഇളവുകൾ അനുവദിക്കുമെന്നും അധികൃതർ കൂട്ടിച്ചേർത്തു.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.