തിരുവനന്തപുരം: തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നാളെ നടക്കാനിരിക്കുന്ന വി.ഡി. സതീശൻ മന്ത്രിസഭയുടെ ചരിത്രപ്രധാനമായ സത്യപ്രതിജ്ഞാ ചടങ്ങുമായി ബന്ധപ്പെട്ട് രാജ്ഭവനും പൊതുഭരണ വകുപ്പും തമ്മിൽ വേദിയിലെ വിഐപികളുടെ സാന്നിധ്യത്തെച്ചൊല്ലി തർക്കം മുറുകുന്നു. സത്യപ്രതിജ്ഞാ വേദിയിൽ മുഖ്യമന്ത്രിയും പുതിയ മന്ത്രിമാരും ചീഫ് സെക്രട്ടറിയും ഗവർണറും മാത്രമേ ഉണ്ടാകാൻ പാടുള്ളൂവെന്ന് രാജ്ഭവൻ കർശന നിർദ്ദേശം നൽകി.
എന്നാൽ, ചടങ്ങിൽ ലോക്സഭാ പ്രതിപക്ഷ നേതാവും ക്ഷണം ലഭിച്ച മറ്റ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും പങ്കെടുക്കുമെന്ന കാര്യം പ്രോട്ടോകോൾ വിഭാഗം ഗവർണറെ മുൻകൂട്ടി അറിയിച്ചിരുന്നു. വേദിയിൽ മറ്റ് രാഷ്ട്രീയ നേതാക്കൾക്ക് സ്ഥാനം നൽകരുതെന്ന നിലപാടിൽ ഗവർണറുടെ ഓഫീസ് ഇപ്പോഴും ഉറച്ചുനിൽക്കുകയാണ്. നേരത്തെ തമിഴ്നാട്ടിൽ സമാനമായ രീതിയിൽ രാജ്ഭവൻ എതിർപ്പ് പ്രകടിപ്പിച്ചിരുന്നെങ്കിലും വിജയ്യുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ രാഹുൽ ഗാന്ധി വേദി പങ്കിട്ടിരുന്നു എന്ന കാര്യം പ്രോട്ടോകോൾ വിഭാഗം ചൂണ്ടിക്കാണിക്കുന്നു. അതേസമയം, ഔദ്യോഗിക ചടങ്ങിന്റെ വേദിയിൽ ആരൊക്കെ വേണമെന്ന് അന്തിമമായി തീരുമാനിക്കാനുള്ള അധികാരം ഗവർണർക്കാണെന്ന് പൊതുഭരണ വകുപ്പ് വ്യക്തമാക്കുന്നുണ്ട്.
ഇതിനിടെ, നാളത്തെ വലിയ ചടങ്ങിനായി തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ സംഘാടകർ ഒരുക്കങ്ങൾ അവസാനഘട്ടത്തിലെത്തിച്ചു. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, പ്രമുഖ നേതാക്കളായ രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരുൾപ്പെടെയുള്ള ദേശീയ നേതാക്കൾ ചടങ്ങിൽ സാക്ഷ്യം വഹിക്കാൻ തലസ്ഥാനത്ത് എത്തുമെന്നാണ് പ്രോട്ടോകോൾ വിഭാഗത്തിന് ലഭിക്കുന്ന വിവരം.
പീഡനക്കേസ്: സംവിധായകൻ രഞ്ജിത്തിന് കോടതിയിൽ തിരിച്ചടി; ജാമ്യാപേക്ഷ തള്ളി, പോലീസ് കസ്റ്റഡിയിൽ
ചടങ്ങിൽ വൻ ജനപങ്കാളിത്തം പ്രതീക്ഷിക്കുന്നതിനാൽ നാളെ രാവിലെ ഏഴ് മണി മുതൽ പോലീസ് നഗരത്തിൽ കർശനമായ ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. സെൻട്രൽ സ്റ്റേഡിയത്തിന്റെ പ്രധാന ഗേറ്റിലൂടെ വിഐപികൾക്ക് മാത്രമായിരിക്കും പ്രവേശനം അനുവദിക്കുക. ചടങ്ങിനെത്തുന്ന പൊതുജനങ്ങൾ രാവിലെ എട്ട് മണിക്കുള്ളിൽ തന്നെ സ്റ്റേഡിയത്തിൽ പ്രവേശിക്കേണ്ടതുണ്ട്. സുരക്ഷ മുൻനിർത്തി ഒമ്പത് മണിയോടെ അധികൃതർ സ്റ്റേഡിയത്തിന്റെ പ്രധാന ഗേറ്റുകളും പരിസരത്തെ റോഡുകളും പൂർണ്ണമായി അടയ്ക്കും.


ബംഗാൾ രാഷ്ട്രീയ കൊലപാതകം: സുവേന്ദു അധികാരിയുടെ വിശ്വസ്തൻ വെടിയേറ്റു മരിച്ചു





