ഇന്ധനം ലാഭിക്കാന്‍ ‘ദില്ലി മോഡല്‍’; ഉദ്യോഗസ്ഥര്‍ക്ക് ആഴ്ചയില്‍ രണ്ട് ദിവസം വര്‍ക്ക് ഫ്രം ഹോം; യോഗങ്ങള്‍ ഓണ്‍ലൈനാക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം; വീണ്ടും രാജ്യം വര്‍ക്ക് ഫ്രം ഹോം ആകുമോ?

ദില്ലി: ആഗോള എണ്ണവിപണിയിലെ അസ്ഥിരതയും പശ്ചിമേഷ്യന്‍ പ്രതിസന്ധിയും കണക്കിലെടുത്ത് ഇന്ധന ഉപഭോഗം കുറയ്ക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനം ഏറ്റെടുത്ത് ദില്ലി സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ആഴ്ചയില്‍ രണ്ട് ദിവസം വര്‍ക്ക് ഫ്രം ഹോം ഏര്‍പ്പെടുത്തിക്കൊണ്ട് മുഖ്യമന്ത്രി രേഖാ ഗുപ്ത ഉത്തരവിട്ടു. വിദേശനാണ്യ ശേഖരം സംരക്ഷിക്കുന്നതിനും പെട്രോള്‍ ഉപയോഗം നിയന്ത്രിക്കുന്നതിനുമുള്ള കര്‍ശന നടപടികളാണ് ദില്ലി സര്‍ക്കാരും എം.സി.ഡിയും സംയുക്തമായി നടപ്പിലാക്കുന്നത്.
പ്രധാന തീരുമാനങ്ങള്‍:-
വീട്ടിലിരുന്ന് ജോലി: എല്ലാ സര്‍ക്കാര്‍ ജീവനക്കാരും ആഴ്ചയില്‍ രണ്ട് ദിവസം വീട്ടിലിരുന്ന് ജോലി ചെയ്യണം.
ഓണ്‍ലൈന്‍ മീറ്റിംഗുകള്‍: ഔദ്യോഗിക യോഗങ്ങളുടെ 50 ശതമാനവും നിര്‍ബന്ധമായും ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളിലേക്ക് മാറ്റണം.
പെട്രോള്‍ നിയന്ത്രണം: സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ പ്രതിമാസ പെട്രോള്‍ പരിധിയില്‍ 20 ശതമാനം കുറവ് വരുത്തി. പകരം യാത്രാബത്തയില്‍ 10 ശതമാനം വര്‍ദ്ധനവ് അനുവദിച്ചു.
വാഹനങ്ങള്‍ക്ക് നിയന്ത്രണം: അടുത്ത ആറ് മാസത്തേക്ക് പുതിയ സര്‍ക്കാര്‍ വാഹനങ്ങള്‍ വാങ്ങാന്‍ പാടില്ല. മന്ത്രിമാരും ഉദ്യോഗസ്ഥരും അടുത്ത ഒരു വര്‍ഷത്തേക്ക് വിദേശയാത്രകള്‍ ഒഴിവാക്കണം.
പൊതുഗതാഗതം പ്രോത്സാഹിപ്പിക്കുന്നതിനായി വിപ്ലവകരമായ മാറ്റങ്ങളാണ് സര്‍ക്കാര്‍ കൊണ്ടുവരുന്നത്. എല്ലാ തിങ്കളാഴ്ചയും മന്ത്രിമാരും ഉദ്യോഗസ്ഥരും ജോലിക്ക് പോകാന്‍ മെട്രോയെ ആശ്രയിക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. ഇതിനായി ആഴ്ചയിലൊരിക്കല്‍ ‘നോ കാര്‍ ഡേ’ ആചരിക്കും. ജീവനക്കാര്‍ക്കായി 29 കോളനികളില്‍ നിന്ന് 58 പ്രത്യേക ബസുകള്‍ സര്‍വീസ് നടത്തുമെന്നും സര്‍ക്കാര്‍ അറിയിച്ചു.
യുഎസ്-ഇറാന്‍ സംഘര്‍ഷത്തെത്തുടര്‍ന്ന് ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള എണ്ണ നീക്കം തടസ്സപ്പെട്ടേക്കാമെന്ന ആശങ്ക നിലനില്‍ക്കുന്ന പശ്ചാത്തലത്തിലാണ് ഈ നീക്കം. രാജ്യത്ത് നിലവില്‍ 60 ദിവസത്തെ കരുതല്‍ എണ്ണ ശേഖരമുണ്ടെങ്കിലും മുന്‍കരുതല്‍ നടപടിയെന്ന നിലയിലാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നത്. പ്രധാനമന്ത്രിയും ബിജെപി മുഖ്യമന്ത്രിമാരും തങ്ങളുടെ അകമ്പടി വാഹനങ്ങളുടെ എണ്ണം കുറച്ചതിന് പിന്നാലെയാണ് ദില്ലി സര്‍ക്കാരും മാതൃകാപരമായ ഈ തീരുമാനമെടുത്തത്.
ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിനും ഇന്ധന ലാഭത്തിനുമായി ഓഫീസ് സമയങ്ങളില്‍ മാറ്റം വരുത്താനും തീരുമാനമായിട്ടുണ്ട്. ജനങ്ങള്‍ക്കിടയില്‍ ബോധവല്‍ക്കരണം ലക്ഷ്യമിട്ട് 90 ദിവസം നീണ്ടുനില്‍ക്കുന്ന വിപുലമായ പ്രചാരണ പരിപാടികളും ദില്ലി സര്‍ക്കാര്‍ പ്രഖ്യാപിച്ചു.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.