മലപ്പുറം: സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ ഇന്നുവരെ രേഖപ്പെടുത്താത്ത വിധം അതിദാരുണമായ ഇടിമിന്നല്‍ ദുരന്തത്തിന് മലപ്പുറം സാക്ഷ്യം വഹിച്ചു. മങ്കട വെള്ളിലയിലെ കുരങ്ങന്‍ചോല വ്യൂ പോയിന്റിലുണ്ടായ ഒറ്റ ഇടിമിന്നലില്‍ നാല് വിദ്യാര്‍ത്ഥികളാണ് ഒരേസമയം മരണത്തിന് കീഴടങ്ങിയത്. കേരളത്തില്‍ ഇതിനുമുന്‍പ് ഒന്നോ രണ്ടോ പേര് മിന്നലേറ്റ് മരിച്ച സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും, ഒറ്റ ഇടിമിന്നലില്‍ നാല് പേര് മരിക്കുന്നത് ഇതാദ്യമാണ്.
നേരത്തെ, 2013 ഏപ്രില്‍ 28-ന് പാലായ്ക്കടുത്ത് ഇടമറ്റം, തിടനാട് എന്നിവിടങ്ങളിലായി മൂന്നുപേര്‍ മരിച്ചതാണ് സമാനമായ വലിയ ദുരന്തം. 1991-ലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഏറ്റുമാനൂരിലെ യു.ഡി.എഫ്. സ്ഥാനാര്‍ത്ഥിയായിരുന്ന ബാബു ചാഴികാടന് മിന്നലേറ്റ് മരിച്ചതും കേരളം ഞെട്ടലോടെയാണ് കേട്ടത്. മെയ് 15-ന് വൈകീട്ട് തുറന്ന ജീപ്പില്‍ പ്രചാരണം നടത്തുമ്പോഴായിരുന്നു അദ്ദേഹം അപകടത്തില്‍പ്പെട്ടത്. എന്നാല്‍ മലപ്പുറത്തെ അപകടം ഈ റെക്കോര്‍ഡുകളെല്ലാം ഭേദിക്കുന്ന അത്ര ഭീകരമായിരുന്നു.
മലപ്പുറം മങ്കടയ്ക്കടുത്ത് വെള്ളിലയിലെ കുരങ്ങന്‍ചോല വ്യൂ പോയിന്റില്‍ ചൊവ്വാഴ്ച വൈകുന്നേരം അഞ്ചരയോടെയാണ് അപകടം നടന്നത്. ഉയരമുള്ള മലമുകളില്‍ കാഴ്ചകള്‍ കാണാനെത്തിയ ഏഴംഗ സംഘത്തിന് നേരെ മരണം മിന്നല്‍ പിണരായി പാഞ്ഞടുക്കുകയായിരുന്നു. പുതുക്കൂടി അലിയുടെ മകന് റഹീസ് (18), കൂരിമണ്ണില്‍ സെയ്തലവിയുടെ മകന് ബഹാസ് (18), ആലിക്കാപറമ്പില്‍ അസീസിന്റെ മകന് സിയാദ് (16), കറുത്താന്‍കുത്ത് നിസാറിന്റെ മകന് ഫഹദ് (20) എന്നിവരാണ് മരിച്ചത്.
താഴെയുള്ള നാട്ടുകാര്‍ മലമുകളിലെത്തുമ്പോള്‍ യുവാക്കള്‍ ബോധമില്ലാതെ ചിതറിക്കിടക്കുന്ന നിലയിലായിരുന്നു. ആദ്യം കണ്ട ആറുപേരെ ഉടന്‍ മഞ്ചേരി മെഡിക്കല്‍ കോളേജിലെത്തിച്ചെങ്കിലും നാല് പേര് മരിച്ചു. പിന്നീട് നടത്തിയ തിരച്ചിലിലാണ് ഒരാളെക്കൂടി പരിക്കേറ്റ നിലയില്‍ കണ്ടെത്തിയത്. മരിച്ച ഫഹദിന്റെ ഇരട്ട സഹോദരന് റോഷന് (20), മരിച്ച റഹീസിന്റെ സഹോദരന് സല്‍മാനുല്‍ ഫാരിസ് (19), ഇഷ്ഹാത് (19) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ പെരിന്തല്‍മണ്ണ മൗലാന ആശുപത്രിയിലേക്ക് മാറ്റി. ഇതില്‍ റോഷന്റെയും ഇഷ്ഹാത്തിന്റെയും നില ഗുരുതരമാണ്.
മരിച്ചവരെല്ലാം സുഹൃത്തുക്കളും അയല്‍വാസികളുമാണ്. മങ്കട ജി.വി.എച്ച്.എസ്.എസില്‍ നിന്ന് പത്താം ക്ലാസ് കഴിഞ്ഞ് ഫലം കാത്തിരിക്കുകയായിരുന്നു സിയാദ്. റഹീസും ഇതേ സ്കൂളില്‍ നിന്ന് പ്ലസ്ടു കഴിഞ്ഞ് ഫലം കാത്തിരിക്കുകയായിരുന്നു. ബഹാസ് മലപ്പുറം ഗവ. ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ത്ഥിയാണ്. ഫഹദ് വെള്ളിലയിലെ കടയില്‍ ജോലി ചെയ്യുകയായിരുന്നു. അവധിക്കാലം ആഘോഷിക്കാന്‍ ഒത്തുചേര്‍ന്ന യുവാക്കളുടെ ജീവനെടുത്ത ദുരന്തം നാടിനെയാകെ വിറങ്ങലിപ്പിച്ചിരിക്കുകയാണ്.
കേരളത്തില്‍ ഏപ്രില്‍-മെയ് മാസങ്ങളിലും ഒക്ടോബറിലുമാണ് ഇടിമിന്നല്‍ അപകടങ്ങള്‍ ഏറ്റവും തീവ്രമാകുന്നത്. 2010 മുതല്‍ 2020 വരെയുള്ള കണക്കനുസരിച്ച് ഒരു വര്‍ഷം ശരാശരി 17 പേര് മരിക്കാറുണ്ടായിരുന്നുവെങ്കില് ഇപ്പോള്‍ ഈ കണക്ക് അറുപതും എഴുപതും കടക്കുന്നുണ്ട്. കാലാവസ്ഥാ പ്രവചനങ്ങളില്‍ കൃത്യത വന്നെങ്കിലും മിന്നലിന്റെ തീവ്രത കൂടുന്നത് വലിയ വെല്ലുവിളിയാണ്. മെയ് ഒന്നിന് ഇടുക്കി മംഗളാദേവി ക്ഷേത്രോത്സവം കഴിഞ്ഞു വന്ന 11 പേര്‍ക്ക് മിന്നലേറ്റിരുന്നെങ്കിലും ആര്‍ക്കും മരണം സംഭവിച്ചിരുന്നില്ല.
യുവാക്കളുടെ മൃതദേഹങ്ങള്‍ മഞ്ചേരി മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി. ബുധനാഴ്ച രാവിലെ 9.30-ന് വെള്ളില ടസ്കര്‍ ഓഡിറ്റോറിയത്തില്‍ പൊതുദര്‍ശനത്തിന് ശേഷം മലയില്‍ ജുമാ മസ്ജിദ് കബറിസ്ഥാനില്‍ നാലുപേരുടെയും ഖബറടക്കം ഒരുമിച്ച് നടക്കും.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.
Also Read
മന്ത്രിമാർ മറുപടി നൽകി, പക്ഷേ ജനങ്ങൾ കാണുന്നില്ല! നിയമസഭാ വെബ്സൈറ്റിൽ മറുപടികൾ അപ്രത്യക്ഷം
മന്ത്രിമാർ മറുപടി നൽകി, പക്ഷേ ജനങ്ങൾ കാണുന്നില്ല! നിയമസഭാ വെബ്സൈറ്റിൽ മറുപടികൾ അപ്രത്യക്ഷം







