ഹിമന്ത ബിശ്വ ശര്‍മ്മ അസം മുഖ്യമന്ത്രിയായി മെയ് 12-ന് സത്യപ്രതിജ്ഞ ചെയ്യും; പ്രധാനമന്ത്രിയും അമിത് ഷായും പങ്കെടുക്കും

ഗുവാഹത്തി: അസമില്‍ ഭരണത്തുടര്‍ച്ച ഉറപ്പാക്കി ഹിമന്ത ബിശ്വ ശര്‍മ്മ വീണ്ടും മുഖ്യമന്ത്രി പദത്തിലേക്ക്. ഞായറാഴ്ച ഗുവാഹത്തിയില്‍ ചേര്‍ന്ന ബിജെപി നിയമസഭാ കക്ഷി യോഗം ഹിമന്തയെ ഐകകണ്‌ഠേന നേതാവായി തിരഞ്ഞെടുത്തു. ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദ, നയാബ് സിംഗ് സൈനി എന്നിവര്‍ കേന്ദ്ര നിരീക്ഷകരായി പങ്കെടുത്ത യോഗത്തിലാണ് തീരുമാനം. മെയ് 12 ചൊവ്വാഴ്ചയാണ് സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുക.
പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവര്‍ പങ്കെടുക്കുന്ന ചടങ്ങ് അസം ചരിത്രത്തിലെ തന്നെ ഐതിഹാസിക നിമിഷമായിരിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ ദിലീപ് സൈകിയ പറഞ്ഞു. ഹിമന്ത ബിശ്വ ശര്‍മ്മയ്ക്കൊപ്പം എന്‍ഡിഎയിലെ 102 എംഎല്‍എമാരും സത്യപ്രതിജ്ഞാ ചടങ്ങിന്റെ ഭാഗമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഗവര്‍ണറെ കണ്ട് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അവകാശവാദം ഉച്ചകഴിഞ്ഞ് ഉന്നയിക്കും.
അസം നിയമസഭാ തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷത്തെ നിഷ്പ്രഭമാക്കിയാണ് എന്‍ഡിഎ അധികാരം നിലനിര്‍ത്തിയത്. ആകെ 102 സീറ്റുകളാണ് എന്‍ഡിഎ സഖ്യം നേടിയത്. ഇതില്‍ ബിജെപി ഒറ്റയ്ക്ക് 82 സീറ്റുകള്‍ സ്വന്തമാക്കി. സഖ്യകക്ഷികളായ എജിപി, ബിഒപിഎഫ് എന്നിവര്‍ 10 സീറ്റുകള്‍ വീതം നേടി.
പ്രതിപക്ഷ സഖ്യമായ ‘മിത്രജൂട്ടി’ന് വെറും 19 സീറ്റുകള്‍ മാത്രമാണ് നേടാനായത്. റൈജോര്‍ ദള്‍ 2 സീറ്റുകള്‍ നേടിയപ്പോള്‍ അസം ജാതീയ പരിഷത്തിന്  ഒരു സീറ്റുപോലും ലഭിച്ചില്ല. എഐയുഡിഎഫ്  2 സീറ്റുകളില്‍ ഒതുങ്ങി. ഹിമന്ത ബിശ്വ ശര്‍മ്മയുടെ നേതൃത്വത്തില്‍ നടന്ന വികസന പ്രവര്‍ത്തനങ്ങള്‍ക്കും ശക്തമായ ഭരണത്തിനുമുള്ള അംഗീകാരമായാണ് ഈ വിജയത്തെ ബിജെപി വിലയിരുത്തുന്നത്.
തുടര്‍ച്ചയായ രണ്ടാം തവണയും ഹിമന്ത ബിശ്വ ശര്‍മ്മ അസമിന്റെ അമരക്കാരനാകുമ്പോള്‍, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ബിജെപിയുടെ കരുത്ത് കൂടുതല്‍ വര്‍ദ്ധിക്കുമെന്നുറപ്പാണ്. ഗുവാഹത്തിയില്‍ സത്യപ്രതിജ്ഞാ ചടങ്ങിനായുള്ള ഒരുക്കങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടന്നുവരികയാണ്.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.