മോദി മാജിക് തീരുന്നില്ല; രാഹുലിന് ‘കൈ’ പൊള്ളും! വീണ്ടും തിരഞ്ഞെടുപ്പ് നടന്നാല്‍ ബിജെപിക്ക് ഒറ്റയ്ക്ക് ഭരണം; ഇന്ത്യ സഖ്യം തകര്‍ന്നടിയുമെന്ന് സര്‍വേ

ന്യൂഡല്‍ഹി: നരേന്ദ്ര മോദി കരുത്താര്‍ജ്ജിക്കുന്നു. രാജ്യം ഇന്ന് മറ്റൊരു ലോക്‌സഭാ തിരഞ്ഞെടുപ്പിനെ നേരിട്ടാല്‍ നരേന്ദ്ര മോദി നയിക്കുന്ന എന്‍ഡിഎ സഖ്യം 352 സീറ്റുകള്‍ തൂത്തുവാരുമെന്ന് ‘ഇന്ത്യ ടുഡേ – സി വോട്ടര്‍’ മൂഡ് ഓഫ് ദി നേഷന്‍ സര്‍വേ. 2024-ല്‍ നഷ്ടപ്പെട്ട ഒറ്റയ്ക്കുള്ള ഭൂരിപക്ഷം ബിജെപി തിരിച്ചുപിടിക്കുമെന്നും സര്‍വേ പ്രവചിക്കുന്നു.

മാന്ത്രിക സംഖ്യ കടന്ന് ബിജെപി; നിതീഷും നായിഡുവും ‘എക്‌സ്ട്രാ’

2024-ല്‍ 240 സീറ്റിലൊതുങ്ങിയ ബിജെപിക്ക് നിതീഷ് കുമാറും ചന്ദ്രബാബു നായിഡുവും താങ്ങായെങ്കില്‍, ഇന്ന് വോട്ടെടുപ്പ് നടന്നാല്‍ ആരുടേയും സഹായമില്ലാതെ ബിജെപി അധികാരത്തിലേറും. 287 സീറ്റുകള്‍ ഒറ്റയ്ക്ക് നേടിക്കൊണ്ട് ബിജെപി കരുത്ത് തെളിയിക്കും. ഇതോടെ എന്‍ഡിഎ സഖ്യം 352 എന്ന കൂറ്റന്‍ ഭൂരിപക്ഷത്തിലേക്ക് ഉയരും. 2025 ഓഗസ്റ്റില്‍ 260 സീറ്റുകള്‍ പ്രവചിച്ചിരുന്ന ബിജെപി അഞ്ച് മാസത്തിനിപ്പുറം നില മെച്ചപ്പെടുത്തിയത് പ്രതിപക്ഷ ക്യാമ്പുകളെ ഞെട്ടിച്ചിരിക്കുകയാണ്.

കിതച്ച് രാഹുല്‍; വീണുടഞ്ഞ് ഇന്ത്യ സഖ്യം

രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ഉയിര്‍ത്തെഴുന്നേറ്റു എന്ന് അവകാശപ്പെട്ട കോണ്‍ഗ്രസിനും ഇന്ത്യ സഖ്യത്തിനും കനത്ത തിരിച്ചടിയാണ് സര്‍വേ നല്‍കുന്നത്.

2024-ല്‍ നേടിയ 234 സീറ്റുകളില്‍ നിന്ന് ഇന്ത്യ സഖ്യം 182-ലേക്ക് കൂപ്പുകുത്തും.

99 സീറ്റുകളില്‍ നിന്ന് കോണ്‍ഗ്രസ് 80 സീറ്റുകളിലേക്ക് ഒതുങ്ങും. ഹരിയാന, മഹാരാഷ്ട്ര, ഡല്‍ഹി തിരഞ്ഞെടുപ്പുകളിലെ തോല്‍വി കോണ്‍ഗ്രസിന്റെ ആത്മവിശ്വാസം തകര്‍ത്തതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

പാകിസ്ഥാന്‍ പണിയും ട്രംപിനോടുള്ള തന്റേടവും; മോദി ബ്രാന്‍ഡ് തിളങ്ങുന്നു

പ്രതിസന്ധികളെ വോട്ടാക്കി മാറ്റുന്ന മോദി തന്ത്രം വീണ്ടും ഫലം കാണുന്നു. പഹല്‍ഗാം ഭീകരാക്രമണത്തിന് പാകിസ്ഥാന് നല്‍കിയ മറുപടിയും, യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭീഷണികള്‍ക്ക് വഴങ്ങാതെ യൂറോപ്യന്‍ രാജ്യങ്ങളുമായി വ്യാപാരക്കരാറുകളില്‍ ഏര്‍പ്പെട്ടതും മോദിയുടെ ഗ്രാഫ് ഉയര്‍ത്തി. 57 ശതമാനം പേരും മോദിയുടെ ഭരണത്തില്‍ തൃപ്തരാണ്. എന്‍ഡിഎയുടെ വോട്ട് വിഹിതം 47 ശതമാനമായി ഉയരുമ്പോള്‍ ഇന്ത്യ സഖ്യത്തിന്റേത് 39 ശതമാനമായി ഇടിയുമെന്നും സര്‍വേ വ്യക്തമാക്കുന്നു.

കേരളം, ബംഗാള്‍, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങള്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ പടിവാതില്‍ക്കല്‍ നില്‍ക്കെ പുറത്തുവന്ന ഈ സര്‍വേ ഫലം ബിജെപിക്ക് നല്‍കുന്ന ആവേശം ചെറുതല്ല.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.