24 കോടിയുടെ ട്രേഡിങ് തട്ടിപ്പ്: മുഖ്യപ്രതിക്ക് കെനിയയില്‍ ഖനികള്‍; ഹൈദരാബാദില്‍ 1000 കോടിയുടെ ബിനാമി സാമ്രാജ്യം; രാഷ്ട്രീയ ബന്ധങ്ങളും പുറത്ത്; കുടുങ്ങിയത് അന്താരാഷ്ട്ര തലത്തില്‍ കണ്ണികളുള്ള വലിയൊരു സൈബര്‍ മാഫിയയുടെ തലവന്‍; ആരാണ് സത്യനാരായണ മൂര്‍ത്തി?

കൊച്ചി: ഓണ്‍ലൈന്‍ ട്രേഡിങ്ങിന്റെ മറവില്‍ എറണാകുളം സ്വദേശിയില്‍ നിന്ന് 24.76 കോടി രൂപ തട്ടിയെടുത്ത കേസില്‍ അറസ്റ്റിലായ മുഖ്യപ്രതി അല്ലംരാജു സത്യനാരായണ മൂര്‍ത്തിയുടെ (36) ആസ്തിവിവരങ്ങള്‍ കണ്ട് ഞെട്ടി അന്വേഷണസംഘം. തട്ടിയെടുത്ത പണം ഉപയോഗിച്ച് കെനിയയില്‍ സ്വന്തമായി ഖനികള്‍ വാങ്ങിയതായും ഹൈദരാബാദില്‍ 1000 കോടി രൂപയുടെ റിയല്‍ എസ്റ്റേറ്റ് സാമ്രാജ്യം കെട്ടിപ്പൊക്കിയതായും കൊച്ചി സൈബര്‍ പോലീസ് കണ്ടെത്തി. കെനിയയില്‍ നിന്ന് ഹൈദരാബാദിലെത്തി ഒരാഴ്ചയ്ക്കകമാണ് ഇയാള്‍ പോലീസിന്റെ വലയിലായത്.
സൈബര്‍ തട്ടിപ്പിലൂടെ ലഭിക്കുന്ന പണം വെളുപ്പിക്കാനായി സത്യനാരായണ മൂര്‍ത്തി വന്‍കിട നിര്‍മ്മാണ കമ്പനികളാണ് നടത്തിയിരുന്നത്. ഹൈദരാബാദിലെ സിലിക്കണ്‍ സിറ്റിയിലടക്കം ബഹുനില മന്ദിരങ്ങള്‍ ഇയാള്‍ നിര്‍മ്മിച്ചു. നഗരമധ്യത്തിലെ കോടികള്‍ വിലമതിക്കുന്ന ലക്ഷ്വറി ഫ്‌ലാറ്റിലായിരുന്നു താമസം. തെലങ്കാനയിലെ ഉന്നത കോണ്‍ഗ്രസ് നേതാക്കളുമായി അടുത്ത ബന്ധമുള്ള ഇയാള്‍, പല പ്രമുഖരുടെയും ബിനാമിയാണോ എന്നും പോലീസ് സംശയിക്കുന്നുണ്ട്. മുന്‍പ് ഹൈദരാബാദില്‍ നടന്ന 300 കോടിയുടെ സൈബര്‍ തട്ടിപ്പിലും ഇയാള്‍ പ്രതിയായിരുന്നു.
അന്താരാഷ്ട്ര തലത്തില്‍ കണ്ണികളുള്ള വലിയൊരു സൈബര്‍ മാഫിയയുടെ തലവനാണ് സത്യനാരായണ മൂര്‍ത്തി എന്നാണ് പോലീസിന്റെ വിലയിരുത്തല്‍. ‘ക്യാപ്പിറ്റലിക്‌സ്’ എന്ന വെബ്‌സൈറ്റ് വഴി ട്രേഡിങ് നടത്തിയാല്‍ വലിയ ലാഭം കിട്ടുമെന്ന് വിശ്വസിപ്പിച്ചാണ് എറണാകുളം സ്വദേശിയെ സംഘം ചതിയില്‍പ്പെടുത്തിയത്. 2023 മാര്‍ച്ച് 15 മുതല്‍ ആഗസ്റ്റ് 29 വരെയുള്ള കാലയളവില്‍ 90 തവണകളായി 24,76,21,042 രൂപയാണ് ഇവര്‍ തട്ടിയെടുത്തത്. 25 ഓളം ബാങ്ക് അക്കൗണ്ടുകള്‍ വഴിയായിരുന്നു പണമിടപാട്. ഇതില്‍ 16 കോടി രൂപയും നേരിട്ടെത്തിയത് സത്യനാരായണ മൂര്‍ത്തിയുടെ അക്കൗണ്ടിലേക്കാണെന്ന് പോലീസ് സ്ഥിരീകരിച്ചു.
സത്യനാരായണ മൂര്‍ത്തിക്കൊപ്പം സഹായിയായ ബങ്ക ടൈസണ്‍ രാജുവിനെയും (34) പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാല്‍ കേസിലെ മറ്റൊരു പ്രധാന കണ്ണിയായ വരദറെഡ്ഡി ഇപ്പോഴും ഒളിവിലാണ്. ഇയാള്‍ക്കായി അന്വേഷണം വ്യാപിപ്പിച്ചു. തട്ടിയെടുത്ത പണം വിദേശത്തെ ഖനികളിലേക്കും നിര്‍മ്മാണ മേഖലയിലേക്കും എങ്ങനെ മാറ്റിയെന്നതിനെക്കുറിച്ച് കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാന്‍ പ്രതികളെ ഈ ആഴ്ച പോലീസ് കസ്റ്റഡിയില്‍ വാങ്ങും.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.