തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തിന് പിന്നാലെ തോല്‍വി സമ്മതിക്കാതെ പ്രതിരോധിക്കാനുറച്ച് സിപിഎം. ഭരണവിരുദ്ധ വികാരമല്ല, മറിച്ച് കോണ്‍ഗ്രസും ബിജെപിയും തമ്മിലുണ്ടാക്കിയ രഹസ്യ ധാരണയാണ് ഇടതുമുന്നണിയുടെ തകര്‍ച്ചയ്ക്ക് കാരണമെന്ന വാദവുമായി പാര്‍ട്ടി സോഷ്യല്‍ മീഡിയ വിഭാഗം രംഗത്തെത്തി. പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് നേതൃത്വം മാറിനില്‍ക്കണമെന്ന ആവശ്യം പാര്‍ട്ടിക്കുള്ളില്‍ പുകയുമ്പോഴും, ഈ ‘ഡീല്‍’ രാഷ്ട്രീയത്തെ സജീവ ചര്‍ച്ചയാക്കി അണികളെ പിടിച്ചുനിര്‍ത്താനാണ് നേതൃത്വത്തിന്റെ നീക്കം.
സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള പ്രചാരണം ശക്തമാക്കാന്‍ എം.വി. നികേഷ് കുമാറിന്റെ നേതൃത്വത്തിലാണ് പുതിയ പദ്ധതികള്‍ തയ്യാറാക്കിയിരിക്കുന്നത്. ഓരോ പാര്‍ട്ടി കേഡറും സ്വയം പോഡ്കാസ്റ്റര്‍മാരാകണമെന്നും, യുഡിഎഫ്-ബിജെപി കൂട്ടുക്കെട്ടിനെതിരെ സൈബര്‍ ഇടങ്ങളില്‍ കൊടുങ്കാറ്റ് സൃഷ്ടിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. കേരളത്തില്‍ ബിജെപി നേടിയ മൂന്ന് സീറ്റുകള്‍ കോണ്‍ഗ്രസിന്റെ ഔദാര്യമാണെന്നും, 2031-ല്‍ ഈ കോണ്‍ഗ്രസ് എംഎല്‍എമാരില്‍ പകുതിയും ബിജെപിയില്‍ ചേരുമെന്നുമുള്ള വിചിത്രമായ വാദങ്ങളാണ് പാര്‍ട്ടിയുടെ പുതിയ ‘ക്യാപ്സ്യൂള്‍’.
2011-ല്‍ ബംഗാളിലുണ്ടായ പതനവുമായി ഈ തിരഞ്ഞെടുപ്പിനെ താരതമ്യം ചെയ്യുന്നത് പാര്‍ട്ടി കേന്ദ്രങ്ങളെ അസ്വസ്ഥമാക്കുന്നുണ്ട്. അന്ന് ബംഗാളില്‍ തുടങ്ങിയ പതനം പാര്‍ട്ടിയെ എന്നെന്നേക്കുമായി പുറത്താക്കിയതുപോലെ കേരളത്തിലും സംഭവിക്കുമോ എന്ന ഭയം താഴെത്തട്ടിലുണ്ട്. ബിജെപിയുടെ വോട്ട് വിഹിതം കുറഞ്ഞത് കോണ്‍ഗ്രസിനെ സഹായിക്കാനാണെന്നും, ട്വന്റി-20യും ബിഡിജെഎസും ബിജെപി വോട്ടുകള്‍ കോണ്‍ഗ്രസ് പാളയത്തിലെത്തിച്ചെന്നുമാണ് പാര്‍ട്ടിയുടെ സോഷ്യല്‍ മീഡിയ വിഭാഗം ആവര്‍ത്തിക്കുന്നത്. പാലക്കാട് ഉള്‍പ്പെടെയുള്ള മണ്ഡലങ്ങളില്‍ ബിജെപിയെ തടഞ്ഞത് എല്‍ഡിഎഫ് വോട്ടുകളാണെന്ന് സ്ഥാപിക്കാനും ശ്രമം നടക്കുന്നു.
പാര്‍ട്ടിക്കുള്ളില്‍ വലിയ പൊട്ടിത്തെറികള്‍ നടക്കുമ്പോഴും പിണറായി വിജയനെ തന്നെ പ്രതിപക്ഷ നേതാവാക്കാനുള്ള തീരുമാനം സംസ്ഥാന സെക്രട്ടേറിയറ്റില്‍ ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞു. തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞെങ്കിലും, ക്യാബിനറ്റ് പദവിയുള്ള പ്രതിപക്ഷ നേതൃസ്ഥാനം വഴി കൊടിവച്ച കാറും ഔദ്യോഗിക വസതിയായ കന്റോണ്‍മെന്റ് ഹൗസും നിലനിര്‍ത്താനാണ് പിണറായിയുടെയും ഔദ്യോഗിക പക്ഷത്തിന്റെയും നീക്കം. കെ.എന്‍. ബാലഗോപാല്‍ പ്രതിപക്ഷ ഉപനേതാവാകും.
സഭയ്ക്കുള്ളില്‍ പിണറായിയുടെ പരിചയസമ്പത്ത് വേണമെന്ന് ഒരു വിഭാഗം വാദിക്കുമ്പോള്‍, ഇത് ‘രാഷ്ട്രീയ ഒളിച്ചോട്ടം’ ആണെന്നാണ് പി. ജയരാജന്‍ അനുകൂലികള്‍ പറയുന്നത്. വ്യക്തിപൂജയും പിണറായിയുടെ ഏകപക്ഷീയമായ ഭരണശൈലിയുമാണ് പാര്‍ട്ടിയെ 34 സീറ്റുകളിലേക്ക് ഒതുക്കിയതെന്ന് ഇവര്‍ വിശ്വസിക്കുന്നു. എം.വി. ഗോവിന്ദനും പിണറായി വിജയനും ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിയണമെന്നും പി. ജയരാജനെപ്പോലെയുള്ള ജനകീയ നേതാക്കള്‍ പാര്‍ട്ടിയെ നയിക്കണമെന്നുമുള്ള ആവശ്യത്തിന് ശക്തി കൂടിയിട്ടുണ്ട്.
കെ.കെ. ശൈലജയുടെ അഭാവത്തില്‍ സഭയില്‍ ബാലഗോപാലിനെ മുന്‍നിര്‍ത്തി പ്രതിരോധം തീര്‍ക്കാന്‍ നോക്കുമ്പോഴും പി. ശശിക്കും രാഗേഷിനുമെതിരായ രോഷം സംസ്ഥാന സമിതിയില്‍ പ്രതിഫലിക്കുമെന്നുറപ്പാണ്. തിരുത്തലുകള്‍ക്ക് തയ്യാറാകാതെ പഴയ ‘ക്യാപ്സ്യൂളുകള്‍’ ഉപയോഗിച്ച് തോല്‍വിയെ ന്യായീകരിക്കുന്നത് സിപിഎമ്മിനെ ബംഗാള്‍ മോഡല്‍ തകര്‍ച്ചയിലേക്കാണോ നയിക്കുന്നത് എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ ചോദിക്കുന്നത്.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


ശബരിമലയില്‍ ‘ദൈവതുല്യന്‍’ തന്ത്രിയല്ല; അത് രാഷ്ട്രീയക്കാരന്? കണ്ഠരര് രാജീവരെ കുറ്റവിമുക്തനാക്കി പോലീസ്; പത്മകുമാറിന്റെ തന്ത്രി കാര്‍ഡ് പൊളിഞ്ഞു; ഇഡിക്ക് ഇനി പണി എളുപ്പം; കൊള്ളയടിച്ചത് രാഷ്ട്രീയ വമ്പന്മാര്; തന്ത്രിക്ക് ക്ലീന്‍ ചിറ്റ്





