വോട്ടുകുറഞ്ഞാല്‍ പുറത്തേക്ക്; ബിജെപിയില്‍ അഴിച്ചുപണി വരുന്നു; ക്രൈസ്തവ ഔട്ട് റീച്ച് നയം മാറ്റമില്ലാതെ തുടരും; തോല്‍വിയില്‍ ബൂത്തുതല പോസ്റ്റ്മോര്‍ട്ടം; ബിജെപി ലക്ഷ്യം കൂടുതല്‍ മുന്നേറ്റം

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ പ്രതീക്ഷിച്ച വിജയം കൈപ്പിടിയിലൊതുക്കാന്‍ കഴിയാതെ പോയതോടെ, അടിത്തട്ടുമുതല്‍ പാര്‍ട്ടി സംവിധാനങ്ങളെ ഉടച്ചുവാര്‍ക്കാന്‍ ബിജെപി തയ്യാറെടുക്കുന്നു. ഓരോ പഞ്ചായത്ത് അംഗത്തിന്റെയും ബൂത്തില്‍ പാര്‍ട്ടിക്കു ലഭിച്ച വോട്ടുകളുടെ കൃത്യമായ കണക്കെടുപ്പ് നടത്താനാണ് സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം. ഇതിനൊപ്പം തന്നെ സഭയില്‍ പ്രാതിനിധ്യം കുറഞ്ഞെങ്കിലും ക്രൈസ്തവ വിഭാഗങ്ങളെ പാര്‍ട്ടിയോട് അടുപ്പിക്കാനുള്ള ‘ക്രൈസ്തവ ഔട്ട് റീച്ച്’ നയം ഇപ്പോഴത്തെ രീതിയില്‍ തന്നെ ശക്തമായി മുന്നോട്ട് കൊണ്ടുപോകാനും ബിജെപി തീരുമാനിച്ചു.
തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് തിരിച്ചടിയുണ്ടായെങ്കിലും ബിഡിജെഎസുമായുള്ള സഖ്യം ഈഴവ വോട്ടുകള്‍ സമാഹരിക്കുന്നതില്‍ ഗുണകരമായെന്നാണ് ബിജെപി വിലയിരുത്തല്‍. എന്‍ഡിഎ വിപുലീകരണത്തിന്റെ ഭാഗമായി ക്രൈസ്തവ വോട്ടുകള്‍ കൂടി വലിയ തോതില്‍ സമാഹരിച്ചാലേ വരുംകാലങ്ങളില്‍ കേരളത്തില്‍ അധികാരം പിടിക്കാന്‍ കഴിയൂ എന്ന തിരിച്ചറിവിലാണ് ഔട്ട് റീച്ച് പ്രോഗ്രാം മാറ്റമില്ലാതെ തുടരാന്‍ നിശ്ചയിച്ചത്. വരാനിരിക്കുന്ന തദ്ദേശ-ലോക്‌സഭാ തിരഞ്ഞെടുപ്പുകള്‍ ലക്ഷ്യമിട്ട് സഭകളുമായും സമുദായ നേതാക്കളുമായും ഉള്ള ആശയവിനിമയം കൂടുതല്‍ ഊര്‍ജ്ജിതമാക്കും.
പഞ്ചായത്ത്, നഗരസഭാ ജനപ്രതിനിധികളുടെ സ്വന്തം ബൂത്തുകളില്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ കിട്ടിയ വോട്ടും നിയമസഭാ തിരഞ്ഞെടുപ്പില്‍ ലഭിച്ച വോട്ടും തമ്മില്‍ താരതമ്യം ചെയ്യാനാണ് ഇപ്പോഴത്തെ തീരുമാനം. തദ്ദേശത്തേക്കാള്‍ വോട്ട് കുറഞ്ഞ ബൂത്തുകളില്‍ ജനപ്രതിനിധികള്‍ വിശദീകരണം നല്‍കേണ്ടി വരും. ജനപ്രതിനിധികളെ പദവിയില്‍ നിന്ന് നീക്കാന്‍ കഴിയില്ലെങ്കിലും, അത്തരം ബൂത്തുകളുടെ ചുമതലയുള്ള ഭാരവാഹികള്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകും. 30 സംഘടനാ ജില്ലകളില്‍ അഞ്ചിലധികം പ്രസിഡന്റുമാര്‍ക്ക് സ്ഥാനം നഷ്ടമാകുമെന്നാണ് സൂചന.
അമിത് ഷാ ഉള്‍പ്പെടെയുള്ള കേന്ദ്ര നേതാക്കള്‍ക്ക് 12 മണ്ഡലങ്ങളില്‍ വരെ വിജയിക്കാമെന്ന് സംസ്ഥാന ഘടകം റിപ്പോര്‍ട്ട് നല്‍കിയിരുന്നെങ്കിലും നേമം, കഴക്കൂട്ടം, ചാത്തന്നൂര്‍ മണ്ഡലങ്ങളില്‍ മാത്രമായി വിജയം ഒതുങ്ങിയത് പാര്‍ട്ടിയെ അസ്വസ്ഥമാക്കുന്നുണ്ട്. വോട്ട് വിഹിതത്തില്‍ ഉണ്ടായ കുറവ് ഗൗരവകരമായാണ് കേന്ദ്ര നേതൃത്വം കാണുന്നത്. 1000 ദിവസം കൊണ്ട് ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള ഒരുക്കം പൂര്‍ത്തിയാക്കാന്‍ ലക്ഷ്യമിടുന്നതിനാല്‍ ഒരു തലത്തിലും വീഴ്ചകള്‍ ക്ഷമിക്കേണ്ടതില്ലെന്നാണ് കേന്ദ്ര നിര്‍ദ്ദേശം.
ജില്ലാ പ്രസിഡന്റുമാര്‍ക്ക് പുറമേ വിവിധ മോര്‍ച്ചകളുടെ ഭാരവാഹികളിലും വലിയ മാറ്റമുണ്ടാകും. സ്വന്തം ബൂത്തില്‍ പോലും പാര്‍ട്ടിക്ക് വോട്ട് നേടിക്കൊടുക്കാന്‍ കഴിയാത്തവര്‍ക്ക് സ്ഥാനങ്ങളില്‍ തുടരാന്‍ അര്‍ഹതയില്ലെന്ന കര്‍ശന നിലപാടിലാണ് സംസ്ഥാന അധ്യക്ഷന്‍. തദ്ദേശ തിരഞ്ഞെടുപ്പിന് പിന്നാലെ നടപടി ആലോചിച്ചിരുന്നെങ്കിലും നിയമസഭാ തിരഞ്ഞെടുപ്പ് പ്രമാണിച്ച് നല്‍കിയ ഇളവ് ഇത്തവണ ആര്‍ക്കും ലഭിക്കില്ല.
തിരുവനന്തപുരം, ആറ്റിങ്ങല്‍, കൊല്ലം ഉള്‍പ്പെടെയുള്ള തെക്കന്‍ ജില്ലകളില്‍ വോട്ട് ചോര്‍ച്ച ഉണ്ടായതിനെക്കുറിച്ച് പ്രത്യേക അന്വേഷണം നടത്തും. ഘടകകക്ഷിയായ ബിഡിജെഎസിനെതിരെയുള്ള വിമര്‍ശനങ്ങളെ ബിജെപി നേതൃത്വം തള്ളിക്കളഞ്ഞു. ഈഴവ വോട്ടുകള്‍ എന്‍ഡിഎ പാളയത്തില്‍ നിലനിര്‍ത്താന്‍ ബിഡിജെഎസ് സഹായിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. കൂടാതെ, പുതിയ ഘടകകക്ഷിയായ ട്വന്റി 20-യുടെ സാന്നിധ്യം കുന്നത്തുനാട് ഉള്‍പ്പെടെയുള്ള മേഖലകളില്‍ വോട്ട് ഉയര്‍ത്താന്‍ സഹായിച്ചതായും ബിജെപി കണക്കുകൂട്ടുന്നു.
ഭാരവാഹികളെ മാറ്റുന്നതിനൊപ്പം തന്നെ താഴെത്തട്ടില്‍ പുതിയ കേഡര്‍മാരെ വളര്‍ത്തിക്കൊണ്ടുവരാനും പാര്‍ട്ടി പദ്ധതിയിടുന്നുണ്ട്. വോട്ട് വിഹിതം കുറഞ്ഞ മണ്ഡലങ്ങളില്‍ പ്രത്യേക നിരീക്ഷകരെ നിയോഗിക്കും. ഗ്രൂപ്പ് വൈരങ്ങള്‍ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളെ ബാധിച്ചിട്ടുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്. മുതിര്‍ന്ന നേതാക്കള്‍ക്ക് ലഭിച്ച വോട്ടുകള്‍ പോലും പലയിടത്തും കുറഞ്ഞത് ഗൗരവമായി ചര്‍ച്ച ചെയ്യപ്പെടും.
വരാനിരിക്കുന്ന ദിവസങ്ങളില്‍ സംസ്ഥാന കൗണ്‍സില്‍ യോഗം ചേര്‍ന്ന് അന്തിമ നടപടികള്‍ക്ക് രൂപം നല്‍കും. ക്രൈസ്തവ സമുദായങ്ങള്‍ക്കിടയില്‍ ബിജെപിയെക്കുറിച്ച് നിലനില്‍ക്കുന്ന തെറ്റായ ധാരണകള്‍ മാറ്റാന്‍ പ്രത്യേക പ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കും. ഇതിനായി സഭാ നേതൃത്വങ്ങളുമായി കൂടുതല്‍ അടുപ്പമുള്ള നേതാക്കള്‍ക്ക് പ്രത്യേക ചുമതലകള്‍ നല്‍കിയേക്കും.
പരാജയപ്പെട്ടെങ്കിലും അടിപതറാതെ മുന്നോട്ട് പോകാനാണ് ബിജെപിയുടെ തീരുമാനം. വോട്ട് ബാങ്കിലെ ചോര്‍ച്ചകള്‍ അടച്ച്, പുതിയ സമുദായങ്ങളെ കൂട്ടുപിടിച്ച് കേരളത്തില്‍ വേരുറപ്പിക്കുക എന്നതാണ് ലക്ഷ്യം. ഇതിനായി സംഘടനാ തലത്തില്‍ വലിയ ശസ്ത്രക്രിയകള്‍ക്ക് തന്നെയാകും കേരളം സാക്ഷ്യം വഹിക്കുക.
അച്ചടക്കമില്ലാത്ത പ്രവര്‍ത്തനങ്ങള്‍ അനുവദിക്കില്ലെന്ന സന്ദേശമാണ് ഇത്തവണത്തെ കണക്കെടുപ്പിലൂടെ നേതൃത്വം നല്‍കുന്നത്. പദവികളില്‍ കടിച്ചുതൂങ്ങുന്നവര്‍ക്ക് പകരം പ്രവര്‍ത്തനമികവുള്ളവര്‍ക്ക് അവസരം നല്‍കുന്ന രീതിയിലേക്ക് പാര്‍ട്ടി മാറും. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്‍പ് കേരളത്തില്‍ എന്‍ഡിഎയെ ഏറ്റവും ശക്തമായ മൂന്നാം ബദലായി മാറ്റാനുള്ള നീക്കത്തിലാണ് ബിജെപി കേന്ദ്ര നേതൃത്വം.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.