തിരുവനന്തപുരം: ഭരണം മാറിയ സാഹചര്യത്തിൽ പോലീസിൽ സംഘടനാ തലത്തിൽ പിടിമുറുക്കാൻ കോൺഗ്രസ് ശ്രമം തുടങ്ങി. നിലവിലുള്ള അസോസിയേഷൻ നേതാക്കളെ എതിർക്കുന്ന പോലീസുകാർ സ്റ്റേഷനുകളിൽ സജീവമായി തുടങ്ങിയിട്ടുണ്ട്.
പുതിയ സർക്കാർ അധികാരമേറ്റിട്ടില്ലെങ്കിലും ഭരണമാറ്റം ഉറപ്പായതോടെ നിലവിലെ ഭരണാനുകൂലികളായ പോലീസ് ഉദ്യോഗസ്ഥർ ഉൾവലിഞ്ഞു തുടങ്ങിയിട്ടുണ്ട്. തങ്ങൾക്കെതിരെ നടപടികൾ ഉണ്ടാകുമോ എന്ന ഭയത്തിലാണ് ഇവരിൽ ഭൂരിപക്ഷവും.
യുഡിഎഫ് അനുഭാവികളായ പോലീസ് ഉദ്യോഗസ്ഥരെയൊന്നും കഴിഞ്ഞ 10 വർഷമായി പ്രധാന സ്ഥാനങ്ങളിൽ എവിടെയും എൽഡിഎഫ് അനുകൂല സംഘടനാ നേതാക്കൾ അടുപ്പിച്ചിരുന്നില്ല. പരമാവധി ബുദ്ധിമുട്ടിക്കുന്ന തരത്തിലായിരുന്നു ഇവരോടുള്ള പ്രതികരണം.
75 സീറ്റുകള്‍ നേടി മുന്നണി അധികാരമുറപ്പിക്കും; എല്‍.ഡി.എഫിന് ഭരണത്തുടര്‍ച്ച, യു.ഡി.എഫിന് ശക്തമായ തിരിച്ചുവരവ്; പ്രവചനവുമായി എന്‍.എസ്. മാധവന്
പല പോലീസ് സ്റ്റേഷനുകളും അക്ഷരാർത്ഥത്തിൽതന്നെ ഭരിച്ചിരുന്നത് നിലവിലെ അസോസിയേഷൻ നേതാക്കളായിരുന്നു. എസ്ഐ മാരുടെയും സിഐ യുടെയുംമേൽ അവർക്കുള്ള അമിതാധികാരം പല സന്ദർഭങ്ങളിലും പരസ്യമായി പുറത്തുവന്നിട്ടുമുണ്ട്. കൃത്യവിലോപം ഉണ്ടായാൽ പോലും അസോസിയേഷൻ അംഗങ്ങൾക്ക് എതിരെ അച്ചടക്ക നടപടിയെടുക്കാൻ ഇവർ അനുവദിച്ചിരുന്നില്ല.
പോലീസിൽ നിന്നുള്ള ഡെപ്യൂട്ടേഷൻ നിയമനങ്ങളുടെയെല്ലാം പിന്നിൽ പ്രവർത്തിച്ചിരുന്നത് അസോസിയേഷൻ നേതാക്കൾ തന്നെയായിരുന്നു. നേതാക്കളുടെ അനുവാദമില്ലാതെ ആർക്കും ഡെപ്യൂട്ടേഷൻ നൽകാൻ കഴിയുമായിരുന്നില്ല.
നിലവിലെ പാനലിൽനിന്നും വ്യത്യസ്തമായി ആരെങ്കിലും പോലീസ് യൂണിറ്റുകളിൽ തെരഞ്ഞെടുക്കപ്പെട്ടാൽ അവരുടെ ഔദ്യോഗിക ജീവിതം പറയാൻ കഴിയാത്തവിധം ദയനീയമാകുമായിരുന്നു. തിരുവനന്തപുര നഗരത്തിലെ ഒരു പോലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസറെ ഡ്യൂട്ടിക്കിടെ സിപിഎം നേതാവ് മർദ്ധിച്ചിട്ടും ആദ്യം കേസെടുക്കാൻ പോലും മുതിർന്ന ഉദ്യോഗസ്ഥർ അനുവദിച്ചില്ല. മർദ്ദനമേറ്റത് എതിർപാനലിൽ നിന്നും കൗൺസിലറായി വിജയിച്ച പോലീസ് ഉദ്യോഗസ്ഥനാണ് എന്നതായിരുന്നു കാരണം. നിവൃത്തിയില്ലാതെ കേസടുത്തപ്പോഴാകട്ടെ ജാമ്യമില്ലാ കുറ്റമായിട്ടും പ്രതിക്ക് സ്റ്റേഷനിൽ നിന്നും ജാമ്യം അനുവദിക്കുകയും ചെയ്തു.
കഴിഞ്ഞ യുഡിഎഫ് ഭരണത്തിൽ കേരള പോലീസ് അസോസിയേഷന്റെ സംസ്ഥാന നേതാക്കളായിരുന്ന ജി ആർ അജിത്ത്, ജി ആർ രഞ്ജിത്ത് എന്നിവരെ 5 വർഷക്കാലമാണ് സസ്പെൻഷനിൽ പുറത്തു നിർത്തിയത്. അസോസിയേഷന്റെ പുതിയ നേതാക്കളുടെ ഇടപെടൽ ആയിരുന്നു ഇതിനുപിന്നിൽ. രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് കോടതി ഉത്തരവുപ്രകാരം ഇരുവരെയും തിരിച്ചെടുക്കേണ്ടി വന്നെങ്കിലും ജി ആർ അജിത്തിന് കൊല്ലം റൂറൽ പോലീസ് ജില്ലയിലെ തെന്മലയിലും ജി ആർ രഞ്ജിത്തിന് കൊല്ലം സിറ്റിയിലെ കൊട്ടിയം പോലീസ് സ്റ്റേഷനിലുമാ ആണ് നിയമനം നൽകിയത്. കഴിഞ്ഞ അഞ്ചുവർഷം ജില്ലവിട്ടു ജോലി ചെയ്യേണ്ടിവന്ന ഇവർ ഇപ്പോൾ കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ തിരുവനന്തപുരം സിറ്റിയിൽ തിരിച്ചെത്തിയിട്ടുണ്ട്.
സിവിൽ പോലീസ് ഓഫീസർമാരും സീനിയർ സിവിൽ പോലീസ് ഓഫീസർമാരും അംഗങ്ങളായിട്ടുള്ള സംഘടനയായ കേരള പോലീസ് അസോസിയേഷനിൽ മാത്രമല്ല ഈ സ്ഥിതി. എ എസ് ഐ മുതൽ സി ഐ മാർവരെയുള്ള ഉദ്യോഗസ്ഥരുടെ സംഘടനയായ കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷനിലും ഡിവൈ എസ് പി മുതൽ നോൺ ഐപിഎസ് എസ് പിമാർ വരെയുള്ള ഉദ്യോഗസ്ഥരുടെ സംഘടനയായ സീനിയർ പോലീസ് ഓഫീസേഴ്സ് അസോസിയേഷനിലും ഏതാണ്ട് ഇതുതന്നെയായിരുന്നു സ്ഥിതി.


2016 മുതൽ 2025 വരെയുള്ള പിണറായി വിജയൻ സർക്കാരിന്റെ കാലത്തെ പി.എസ്.സി നിയമന കണക്കുകൾ. 3.06 ലക്ഷത്തിലധികം ഉദ്യോഗാർത്ഥികൾക്ക് നിയമന ശിപാർശ നൽകി റെക്കോർഡ് നേട്ടം





