തിരുവനന്തപുരം: സംസ്ഥാന ചീഫ് സെക്രട്ടറി ഡോ.എ ജയതിലകിനോട് അസാധാരണ കരുതലുമായി മുഖ്യമന്ത്രി പിണറായി വിജയൻ. അടുത്തമാസം 30ന് സർവീസില്‍ നിന്നും വിരമിക്കാനിരിക്കുന്ന ജയതിലകിന് പെൻഷനും മറ്റാനുകൂല്യങ്ങളും രണ്ടുമാസം മുൻപേ അനുവദിച്ച് ഉത്തരവിറക്കി സർക്കാർ. കഴിഞ്ഞ ഏപ്രിൽ 28നാണ് ഇത് സംബന്ധിച്ച ഉത്തരവ് ധനകാര്യ (പെൻഷൻ- എ) വകുപ്പ് പുറത്തിറക്കിയിട്ടുള്ളത്. തെരഞ്ഞെടുപ്പിനു ശേഷം, ഫലം വരുന്നതിനു മുൻപ് കാവൽ മുഖ്യമന്ത്രിയായി പിണറായി വിജയൻ തുടരുമ്പോളായിരുന്നു ഇത്.
അസാധാരണ ഉത്തരവാണ് ചീഫ് സെക്രട്ടറിക്കു വേണ്ടി സർക്കാർ ഇറക്കിയിട്ടുള്ളത്. വിരമിക്കാൻ രണ്ടുമാസം ബാക്കിനിൽക്കെ വകുപ്പുതല അച്ചടക്ക നടപടികളോ കോടതി നടപടികളോ ക്രിമിനൽ കേസുകളോ വിജിലൻസ് കേസുകളോ വിജിലൻസ് അന്വേഷണമോ ഇല്ലെന്നുപറഞ്ഞ് ഉത്തരവ് ഇറക്കുകയായിരുന്നു സർക്കാർ. സാധാരണഗതിയിൽ മുതിർന്ന സിവിൽ സർവീസ് ഉദ്യോഗസ്ഥരുടെ കാര്യത്തിൽ വിരമിക്കുന്നതിന് കഷ്ടിച്ച് ഒരാഴ്ച മുൻപാണ് പെൻഷനും മറ്റ് ആനുകൂല്യങ്ങളും അനുവദിച്ച് ഉത്തരവിറക്കുക.
അതുവരെയുള്ള സർവീസ് ചരിത്രം പരിശോധിച്ചു കേസുകളോ അന്വേഷണമോ വകുപ്പുതല നടപടികളോ സർക്കാരിൽ ബാധ്യതയോ ഇല്ലെന്ന് ഉറപ്പിക്കാനാണിത്. വിരമിക്കാൻ രണ്ടുമാസം ബാക്കിയുള്ള ഒരാൾക്ക് സാധാരണ ഗതിയിൽ ഇങ്ങനെ ഉത്തരവ് നൽകാറില്ല. രണ്ടു മാസത്തിനുള്ളിൽ ആ ആളിനെതിരെ നടപടികളോ കേസുകളോ ഉണ്ടാകാം എന്നതിനാലാണിത്.
തെരഞ്ഞെടുപ്പിൽ ഭരണം മാറിയാലും ചീഫ് സെക്രട്ടറിക്ക് സംരക്ഷണം ഒരുക്കുകയായിരുന്നു ഇടതുമുന്നണി സർക്കാർ. മുഖ്യമന്ത്രിയുടെ താല്പര്യം തന്നെയാണ് ഇതിന് പിന്നിൽ. ആൾ ഇന്ത്യ സർവീസ് മുഖ്യമന്ത്രിയുടെ ഭരണനിയന്ത്രണത്തിലുള്ള വകുപ്പാണ്.
മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥരായ ഡോ.ബി അശോക്, എൻ പ്രശാന്ത് എന്നിവർ ചീഫ് സെക്രട്ടറി ജയതിലകിനെതിരെ ഒട്ടേറെ ആരോപണങ്ങൾ ഉയർത്തിയിരുന്നു. ഭരണമാറ്റം ഉണ്ടായാൽ ഇതിന്മേൽ അന്വേഷണമുണ്ടായി അദ്ദേഹത്തിന്റെ പെൻഷനും മറ്റാനുകൂല്യങ്ങളും തടസപ്പെടരുതെന്ന ഉദ്ദേശമാണ് മുൻകൂട്ടിയുള്ള ഈ ഉത്തരവിന് പിന്നിൽ. സിവിൽ സർവീസ് 33 വർഷത്തെ സേവനത്തിന് ശേഷമാണ് അടുത്ത മുപ്പതിന് ജയതിലക് വിരമിക്കുന്നത്.

Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.
Also Read
തിരുവനന്തപുരം സിറ്റി ഡിസിപിയായി സക്കറിയ മാത്യു ചുമതലയേറ്റു; പ്രജീഷ് തോട്ടത്തിൽ സ്പെഷ്യൽ ബ്രാഞ്ചിൽ
തിരുവനന്തപുരം സിറ്റി ഡിസിപിയായി സക്കറിയ മാത്യു ചുമതലയേറ്റു; പ്രജീഷ് തോട്ടത്തിൽ സ്പെഷ്യൽ ബ്രാഞ്ചിൽ







