അന്‍വറിസത്തില്‍ ആഭ്യന്തരത്തില്‍ ‘ശുദ്ധികലശം’; സുജിത് ദാസിന് ക്ലീന്‍ ചിറ്റ്, ഐ.ജി. ലക്ഷ്മണിന് സ്ഥാനക്കയറ്റം

തിരുവനന്തപുരം: സംസ്ഥാന പോലീസ് സേനയെ പിടിച്ചുലച്ച ഗുരുതരമായ ആരോപണങ്ങളില്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് ആഭ്യന്തര വകുപ്പിന്റെ ‘കരുതല്‍’. പി.വി. അന്‍വര്‍ എം.എല്‍.എയുമായുള്ള ഫോണ്‍വിളി വിവാദത്തില്‍ മുന്‍ എസ്.പി. സുജിത് ദാസിനെ കുറ്റവിമുക്തനാക്കിയ സര്‍ക്കാര്‍, പുരാവസ്തു തട്ടിപ്പുകേസില്‍ പ്രതിയായ ഐ.ജി. ജി. ലക്ഷ്മണിന് എ.ഡി.ജി.പി.യായി സ്ഥാനക്കയറ്റം നല്‍കാനും തീരുമാനിച്ചു.
മുഖ്യമന്ത്രിയുടെ ഓഫീസിനെ പ്രതിക്കൂട്ടിലാക്കിയ ഫോണ്‍ സംഭാഷണമായിരുന്നു സുജിത് ദാസിനെ പ്രതിസന്ധിയിലാക്കിയത്. എന്നാല്‍, ആഭ്യന്തര വകുപ്പിന്റെ അന്വേഷണ സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഉദ്യോഗസ്ഥനെതിരെ തെളിവുകളില്ലെന്ന് വ്യക്തമാക്കുന്നു. പുറത്തുവന്ന ശബ്ദരേഖ തന്റേതല്ലെന്നും എ.ഐ. സാങ്കേതികവിദ്യ ഉപയോഗിച്ച് കൃത്രിമമായി നിര്‍മിച്ചതാണെന്നുമുള്ള സുജിത് ദാസിന്റെ വാദം അന്വേഷണ സംഘം അതേപടി അംഗീകരിക്കുകയായിരുന്നു.
പരാതിക്കാരനായ പി.വി. അന്‍വര്‍ എം.എല്‍.എ. അന്വേഷണവുമായി സഹകരിക്കാതിരുന്നത് സുജിത് ദാസിന് തുണയായി. പലതവണ ആവശ്യപ്പെട്ടിട്ടും ഫോണ്‍ ഹാജരാക്കാന്‍ അന്‍വര്‍ തയ്യാറായില്ല. പരാതിക്കാരന്റെ നിസ്സഹകരണം ചൂണ്ടിക്കാട്ടി ഉദ്യോഗസ്ഥനെതിരെയുള്ള നടപടികള്‍ അവസാനിപ്പിക്കുകയായിരുന്നു. ഇതോടെ സുജിത് ദാസിന് വൈകാതെ തന്നെ പുതിയ തസ്തികയില്‍ നിയമനം ലഭിച്ചേക്കും.
മറ്റൊരു വിവാദ ഉദ്യോഗസ്ഥനായ ഐ.ജി. ലക്ഷ്മണിന് ലഭിച്ച ഇളവുകള്‍ അതിലും അമ്പരപ്പിക്കുന്നതാണ്. മോന്‍സണ്‍ മാവുങ്കലുമായി ചേര്‍ന്ന് പുരാവസ്തു തട്ടിപ്പിന് കൂട്ടുനിന്നുവെന്ന ആരോപണത്തില്‍ ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ച ഉദ്യോഗസ്ഥനാണ് ലക്ഷ്മണ്‍. എന്നാല്‍, ഇദ്ദേഹത്തിനെതിരായ വകുപ്പുതല അന്വേഷണം വെറും ‘ശാസന’യില്‍ ഒതുക്കി തീര്‍ക്കാനാണ് സര്‍ക്കാര്‍ തീരുമാനം. കരിയറിലെ കളങ്കം ഇത്തരത്തില്‍ കഴുകിക്കളഞ്ഞതോടെ ലക്ഷ്മണിന്റെ എ.ഡി.ജി.പി. സ്ഥാനക്കയറ്റത്തിന് വഴിതെളിഞ്ഞു.
മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നതരുടെ സ്വാധീനത്തെക്കുറിച്ച് സുജിത് ദാസ് നടത്തിയ പരാമര്‍ശങ്ങള്‍ ഭരണകൂടത്തെ പ്രതിരോധത്തിലാക്കിയിരുന്നു. പോലീസിനുള്ളിലെ ഗ്രൂപ്പിസവും അധികാര വടംവലിയും മറനീക്കി പുറത്തുവന്ന നിമിഷമായിരുന്നു അത്. എന്നാല്‍ അന്‍വര്‍ തെളിവ് നല്‍കിയില്ല. ഇത് സുജിത് ദാസിന്റെ വാദത്തിന് ബലമേകി.
ഐ.ജി. ലക്ഷ്മണിന്റെ കാര്യത്തില്‍ ‘വിട്ടുവീഴ്ചാ രാഷ്ട്രീയമാണ്’ അരങ്ങേറിയതെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. സസ്‌പെന്‍ഷനിലായിരുന്ന ഉദ്യോഗസ്ഥനെ തിരിച്ചെടുത്തതും, ഇപ്പോള്‍ കുറ്റവിമുക്തനാക്കി സ്ഥാനക്കയറ്റം നല്‍കുന്നതും സര്‍ക്കാരിന്റെ താല്പര്യങ്ങള്‍ സംരക്ഷിക്കുന്നതിന്റെ ഭാഗമാണെന്നാണ് വിലയിരുത്തല്‍.
സര്‍ക്കാരുമായി പരസ്യമായി കലഹിക്കുന്ന പി.വി. അന്‍വര്‍ ഉന്നയിച്ച പരാതികള്‍ക്ക് തെളിവില്ലാതെ പോയി. അന്‍വറിനെ ഒറ്റപ്പെടുത്തുന്നതിനൊപ്പം അദ്ദേഹത്തിന്റെ ആരോപണങ്ങളുടെ മുനയൊടിക്കാനും സര്‍ക്കാര്‍ ഈ നീക്കത്തിലൂടെ ലക്ഷ്യമിടുന്നു.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.