പോസ്റ്റൽ ബാലറ്റ് വിവാദം: ഉദ്യോഗസ്ഥർക്ക് ഗുഡ് സർവീസ് എൻട്രി നൽകാനുള്ള തീരുമാനത്തിൽ നിന്ന് പിൻമാറി തെരഞ്ഞെടുപ്പ് കമ്മീഷൻ

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലെ പോസ്റ്റൽ ബാലറ്റ് വിതരണവുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങൾക്കൊടുവിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ നിർണ്ണായക തീരുമാനത്തിലേക്ക്. വിവാദത്തിൽപ്പെട്ട പോസ്റ്റൽ ബാലറ്റ് വിഭാഗത്തിലെ ഉദ്യോഗസ്ഥർക്ക് ഗുഡ് സർവീസ് എൻട്രി നൽകാനുള്ള വിവാദ തീരുമാനത്തിൽ നിന്ന് കമ്മീഷൻ പിൻവാങ്ങി. ഇത് സംബന്ധിച്ച ഫയലിൽ തുടർനടപടികൾ സ്വീകരിക്കേണ്ടതില്ലെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ കർശന നിർദ്ദേശം നൽകി.

 തെരഞ്ഞെടുപ്പ് കാലത്തെ പോസ്റ്റൽ ബാലറ്റ് കൈകാര്യം ചെയ്ത നടപടികൾ വലിയ രാഷ്ട്രീയ ചർച്ചകൾക്കും ആരോപണങ്ങൾക്കും വഴിവെച്ചിരുന്നു. ഇതിനിടയിലാണ്, വിവാദത്തിലായ ഉദ്യോഗസ്ഥർക്ക് ധൃതിപിടിച്ച് ഗുഡ് സർവീസ് എൻട്രി നൽകാൻ അധികൃതർ നീക്കം നടത്തിയത്. ഈ നീക്കം നടക്കുന്നുണ്ടെന്ന കാര്യം ആദ്യം പുറത്തുകൊണ്ടുവന്നത് ‘ന്യൂസ് മലയാളം’ ആയിരുന്നു.

 വാർത്ത പുറത്തുവന്നതിന് പിന്നാലെ ഈ നീക്കത്തിനെതിരെ ശക്തമായ വിമർശനങ്ങൾ ഉയർന്നിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പ് നടപടികൾക്കെതിരെ ആരോപണങ്ങൾ നിലനിൽക്കെ, വിവാദത്തിൽപ്പെട്ട ഉദ്യോഗസ്ഥരെ പ്രോത്സാഹിപ്പിക്കാനുള്ള നടപടി ജനാധിപത്യ മര്യാദകൾക്ക് നിരക്കുന്നതല്ലെന്ന വാദമാണ് പ്രതിപക്ഷ പാർട്ടികളും പൊതുസമൂഹവും ഉയർത്തിയത്. ഈ സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ ഈ തീരുമാനം പുനഃപരിശോധിക്കാൻ നിർബന്ധിതമായത്.തുടർന്ന് അടിയന്തര ഇടപെടൽ നടത്തിയ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ, ഗുഡ് സർവീസ് എൻട്രി നൽകാനുള്ള ഫയലുകൾ മരവിപ്പിക്കാനും തുടർനടപടികൾ വേണ്ടെന്നുവെക്കാനും നിർദ്ദേശിക്കുകയായിരുന്നു.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.