അബ്ദുല്‍ റഹ്‌മാന് കര്‍ശന നിര്‍ദ്ദേശം; നടപടി പിന്‍വലിക്കാന്‍ കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫിന്റെ കര്‍ശന നിര്‍ദ്ദേശം; അഡ്വ മൃദുല്‍ ജോണ്‍ മാത്യുവിന് ആശ്വാസം; ഇന്ത്യന്‍ ലോയേഴ്‌സ് കോണ്‍ഗ്രസ് തിരുത്തും

തിരുവനന്തപുരം: ഇന്ത്യന്‍ ലോയേഴ്സ് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. മൃദുല്‍ ജോണ്‍ മാത്യുവിനെതിരെ സ്വീകരിച്ച നടപടികളില്‍ കെപിസിസി അധ്യക്ഷന്‍ അഡ്വ. സണ്ണി ജോസഫ് എംഎല്‍എ നേരിട്ട് ഇടപെട്ടു. മൃദുല്‍ ജോണ്‍ മാത്യുവിനെതിരെയുള്ള പരാതിയിന്മേല്‍ എടുത്ത തീരുമാനങ്ങള്‍ അടിയന്തരമായി പിന്‍വലിക്കാന്‍ ലോയേഴ്സ് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് അഡ്വ. പി.കെ. അബ്ദുല്‍ റഹ്‌മാന് കെപിസിസി കര്‍ശന നിര്‍ദ്ദേശം നല്‍കി. ഇതോടെ സംഘടനയ്ക്കുള്ളിലെ തര്‍ക്കങ്ങളില്‍ മൃദുല്‍ ജോണ്‍ മാത്യു പക്ഷത്തിന് മേല്‍ക്കൈ ലഭിച്ചു.
കെപിസിസി അധ്യക്ഷന്റെ നേരിട്ടുള്ള ഇടപെടല്‍ ലോയേഴ്സ് കോണ്‍ഗ്രസ് നേതൃത്വത്തിന് വലിയ തിരിച്ചടിയായിരിക്കുകയാണ്. പരാതി ലഭിച്ചാലുടന്‍ നടപടിയെടുക്കുന്നതിന് പകരം സംഘടനാപരമായ കീഴ്വഴക്കങ്ങള്‍ പാലിക്കണമെന്ന കര്‍ശന നിലപാടിലാണ് കെപിസിസി. മൃദുല്‍ ജോണ്‍ മാത്യുവിനെതിരെ സ്വീകരിച്ചിട്ടുള്ള എല്ലാ അച്ചടക്ക നടപടികളും റദ്ദാക്കാനും മുന്‍പത്തെ നില തുടരാനും അബ്ദുല്‍ റഹ്‌മാനോട് നിര്‍ദ്ദേശിച്ചു ലഭിച്ച പരാതികള്‍ കെപിസിസിക്ക് അയച്ചുനല്‍കാനും, പാര്‍ട്ടി നേതൃത്വത്തിന്റെ അറിവോടും സമ്മതത്തോടും കൂടി മാത്രമേ ഇനി തീരുമാനങ്ങള്‍ എടുക്കാവൂ എന്നും സണ്ണി ജോസഫ് വ്യക്തമാക്കി.
സംഘടനയ്ക്കുള്ളിലെ ആഭ്യന്തര പ്രശ്‌നങ്ങള്‍ പരസ്യമായ നടപടികളിലേക്ക് നീങ്ങുന്നത് പാര്‍ട്ടിയുടെ പ്രതിച്ഛായയെ ബാധിക്കുമെന്ന വിലയിരുത്തലിലാണ് കെപിസിസി അധ്യക്ഷന്‍. സംസ്ഥാന ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് മൃദുല്‍ ജോണ്‍ മാത്യുവിനെ മാറ്റാനുള്ള നീക്കങ്ങള്‍ ഇതോടെ വെട്ടിലായി. കെപിസിസി അധ്യക്ഷന്റെ ഉറച്ച പിന്തുണ ലഭിച്ചതോടെ മൃദുല്‍ ജോണ്‍ മാത്യുവിന് ഔദ്യോഗിക പദവിയില്‍ തുടരാന്‍ തടസ്സമുണ്ടാകില്ല. ലോയേഴ്സ് കോണ്‍ഗ്രസിനുള്ളിലെ ഗ്രൂപ്പ് പോരിന്റെ ഭാഗമായാണ് തനിക്കെതിരെ പരാതികള്‍ ഉണ്ടായതെന്ന മൃദുലിന്റെ വാദത്തിന് ശക്തി പകരുന്നതാണ് കെപിസിസിയുടെ ഈ നീക്കം.
തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് അഡ്വ. ആര്‍. അജയകുമാറിനെതിരെയുള്ള നീക്കങ്ങളിലും ഇതോടെ അയവുണ്ടാകും. പാര്‍ട്ടി ഘടകങ്ങള്‍ക്കുള്ളിലെ അച്ചടക്ക നടപടികളില്‍ കെപിസിസിക്ക് മുകളില്‍ ഒരു തീരുമാനവും സ്വീകാര്യമല്ലെന്ന സന്ദേശമാണ് സണ്ണി ജോസഫ് ഇതിലൂടെ നല്‍കിയിരിക്കുന്നത്.
ഇന്ദിരാ ഭവനില്‍ നിന്ന് ലഭിച്ച ഈ കര്‍ശന നിര്‍ദ്ദേശത്തോടെ ലോയേഴ്സ് കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം പ്രതിരോധത്തിലായിരിക്കുകയാണ്. വാദപ്രതിവാദങ്ങള്‍ തുടരുന്നതിനിടെ കെപിസിസി അധ്യക്ഷന്റെ ‘വീറ്റോ’ അധികാരം സംഘടനയിലെ പോര് പുതിയ തലത്തിലേക്കെത്തിച്ചു.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.