കൊല്ലം: കേരള നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലം വരാനിരിക്കെ, ബി.ജെ.പി സംസ്ഥാന നേതൃത്വത്തിന് അണികളില്‍ നിന്നും പ്രാദേശിക നേതാക്കളില്‍ നിന്നും രൂക്ഷവിമര്‍ശനം. മികച്ച സംഘാടനം ഉണ്ടായിരുന്നെങ്കില്‍ പത്ത് സീറ്റുകള്‍ വരെ വിജയിക്കാവുന്ന സാഹചര്യം സംസ്ഥാന നേതൃത്വത്തിന്റെ പിടിപ്പുകേട് മൂലം ഇല്ലാതായെന്നാണ് താഴേത്തട്ടിലെ വിലയിരുത്തല്‍. നിലവില്‍ പരമാവധി രണ്ട് സീറ്റുകള്‍ മാത്രമാണ് ലഭിക്കാന്‍ സാധ്യതയെന്ന് അണികള്‍ നിരാശ പ്രകടിപ്പിക്കുന്നു. നിയോജകമണ്ഡലം തലത്തില്‍ നടക്കുന്ന അവലോകന യോഗങ്ങളിലാണ് നേതൃത്വത്തിനെതിരെയുള്ള പ്രതിഷേധം അണപൊട്ടിയത്.
ട്വന്റി ട്വന്റിക്ക് 19 സീറ്റുകള്‍ വിട്ടുനല്‍കിയതും ബി.ഡി.ജെ.എസിന് വാരിക്കോരി സീറ്റുകള്‍ നല്‍കിയതുമാണ് പ്രധാന തിരിച്ചടിയായി പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നത്. സംഘപരിവാര്‍ പ്രവര്‍ത്തകര്‍ ചോര നീരാക്കി വളര്‍ത്തിയെടുത്ത മണ്ഡലങ്ങള്‍ രാഷ്ട്രീയ അടിത്തറയില്ലാത്ത കക്ഷികള്‍ക്ക് നല്‍കിയത് അണികളുടെ കരള്‍ പറിച്ചെടുക്കുന്നതിന് തുല്യമായിപ്പോയെന്ന് നേതാക്കള്‍ തുറന്നടിച്ചു. പല മണ്ഡലങ്ങളിലും സ്ഥാനാര്‍ത്ഥികളുണ്ടോ എന്ന് ചോദിച്ച് ട്വന്റി ട്വന്റി നേതാക്കള്‍ അലയുന്ന കാഴ്ചയാണ് കണ്ടത്. ബി.ജെ.പി നേരത്തെ ഒഴിവാക്കിയ പലരെയും ഇവര്‍ സ്ഥാനാര്‍ത്ഥികളാക്കിയത് തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ ശോഭ കെടുത്തി.
സര്‍വ്വേ നടത്തി സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കുന്ന ദേശീയ നേതൃത്വത്തിന്റെ ശൈലി കേരളത്തിന് യോജിച്ചതല്ലെന്നും വിമര്‍ശനമുയര്‍ന്നു. ഓരോ തിരഞ്ഞെടുപ്പിലും കേരളത്തെ പരീക്ഷണശാലയാക്കി മാറ്റുകയാണ് കേന്ദ്രം ചെയ്യുന്നത്. ക്രിസ്ത്യന്‍ ഔട്ട്റീച്ച് ഉള്‍പ്പെടെയുള്ള തന്ത്രങ്ങള്‍ പരാജയപ്പെട്ടതായും ഇത് വോട്ടായി മാറിയില്ലെന്നും പ്രാദേശിക നേതാക്കള്‍ യോഗങ്ങളില്‍ വ്യക്തമാക്കി. സ്ഥാനാര്‍ത്ഥി വോട്ടര്‍ പട്ടികയില്‍ ഉണ്ടോ എന്ന് പോലും പരിശോധിക്കാതെ നാമനിര്‍ദ്ദേശ പത്രിക നല്കിയതും പിന്നീട് സ്ഥാനാര്‍ത്ഥിയെ മാറ്റേണ്ടി വന്നതും പാര്‍ട്ടിക്ക് നാണക്കേടുണ്ടാക്കി.
തങ്ങള്‍ക്ക് രാഷ്ട്രീയമോ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനമോ അറിയില്ലെന്ന ക്ഷമാപണത്തോടെയാണ് പല ഘടകകക്ഷി സ്ഥാനാര്‍ത്ഥികളും തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസുകളില്‍ എത്തിയത്. പ്രവര്‍ത്തകര്‍ക്ക് ഊര്‍ജ്ജം നല്‍കേണ്ട സ്ഥാനത്ത് അവരെ നിരാശരാക്കുന്ന നിലപാടാണ് സംസ്ഥാന നേതൃത്വം സ്വീകരിച്ചത്. പത്ത് സീറ്റുകളില്‍ വിജയിക്കാമായിരുന്ന സുവര്‍ണ്ണാവസരം നേതൃത്വത്തിന്റെ ബലഹീനത കൊണ്ട് തുലച്ചുവെന്ന വികാരം ബി.ജെ.പി പാളയത്തില്‍ ശക്തമാണ്. തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതോടെ പാര്‍ട്ടിയില്‍ വലിയ പൊട്ടിത്തെറികള്‍ ഉണ്ടാകുമെന്ന സൂചനയാണ് പുറത്തുവരുന്നത്.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.
Also Read
വി.ഡി. സതീശൻ സത്യപ്രതിജ്ഞ ചെയ്തു; രാഷ്ട്രീയ ഭേദമന്യേ പ്രമുഖ നേതാക്കളുടെ സാന്നിധ്യത്തിൽ പുതിയ തുടക്കം
വി.ഡി. സതീശൻ സത്യപ്രതിജ്ഞ ചെയ്തു; രാഷ്ട്രീയ ഭേദമന്യേ പ്രമുഖ നേതാക്കളുടെ സാന്നിധ്യത്തിൽ പുതിയ തുടക്കം







