നാടിനെ കരയിച്ച് ആ വിലാപയാത്ര; വാൽപ്പാറ അപകടത്തിൽ മരിച്ചവർക്ക് വിടചൊല്ലാൻ മലപ്പുറം കാത്തിരിക്കുന്നു

പോളച്ചി: വാൽപ്പാറയിലുണ്ടായ അതിദാരുണമായ വാഹനാപകടത്തിൽ ജീവൻ നഷ്ടപ്പെട്ട ഒൻപത് പേരുടെയും മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കി ജന്മനാടായ മലപ്പുറത്തേക്ക് കൊണ്ടുപോയി. പ്രത്യേക സർക്കാർ ഉത്തരവ് പ്രകാരം അർധരാത്രി 12 മണിയോടെ പൊള്ളാച്ചി താലൂക്ക് ആശുപത്രിയിൽ ആരംഭിച്ച പോസ്റ്റ്‌മോർട്ടം നടപടികൾ പുലർച്ചെ നാല് മണിയോടെയാണ് പൂർത്തിയായത്. തുടർന്ന് രാവിലെ ആറേകാലോടെ ഒൻപത് ആംബുലൻസുകളിലായി വിലാപയാത്രയായി മൃതദേഹങ്ങൾ മലപ്പുറത്തേക്ക് തിരിച്ചു. മലപ്പുറം പാങ്ങ് അമ്പലപ്പറമ്പ് ഹയർസെക്കൻഡറി സ്കൂളിൽ സജ്ജമാക്കിയ പ്രത്യേക വേദിയിൽ മൃതദേഹങ്ങൾ പൊതുദർശനത്തിന് വെക്കും.
സഹപ്രവർത്തകരെയും ഉറ്റവരെയും അവസാനമായി ഒരുനോക്ക് കാണാൻ വൻ ജനസഞ്ചയമാണ് ഇവിടെ കാത്തുനിൽക്കുന്നത്. പൊതുദർശനത്തിന് ശേഷമായിരിക്കും സംസ്കാര ചടങ്ങുകൾ നടക്കുക. മലപ്പുറം പാങ്ങ് പള്ളിപ്പറമ്പ് ഗവൺമെന്റ് എൽപി സ്കൂളിലെ അധ്യാപകരും ജീവനക്കാരും കുടുംബാംഗങ്ങളും ഉൾപ്പെട്ട സംഘം സഞ്ചരിച്ച വിനോദയാത്ര വാഹനമാണ് വെള്ളിയാഴ്ച വൈകുന്നേരം 5.20-ഓടെ വാൽപ്പാറ ചുരം റോഡിൽ വെച്ച് അപകടത്തിൽപ്പെട്ടത്. പതിമൂന്നാം ഹെയർപിൻ വളവിൽ വെച്ച് നിയന്ത്രണം വിട്ട വിനോദസഞ്ചാര വാൻ ഏകദേശം 300 അടി താഴ്ചയിലേക്ക് മറിഞ്ഞ് ഒൻപതാം വളവിലാണ് ചെന്ന് പതിച്ചത്. പൊള്ളാച്ചിയിൽ നിന്ന് 30 കിലോമീറ്റർ അകലെയായിരുന്നു നാടിനെ നടുക്കിയ ഈ ദുരന്തം നടന്നത്. പെരിന്തൽമണ്ണയിൽ നിന്ന് വാടകയ്‌ക്കെടുത്ത ടൂറിസ്റ്റ് വാനിൽ ഡ്രൈവർ ഉൾപ്പെടെ 13 പേരാണ് ഉണ്ടായിരുന്നത്.
സ്കൂൾ പ്രധാനാധ്യാപിക പി. അജിത (54), അധ്യാപകരായ റംലത്ത് (52), സുഹറ (43), ആശ (41), അബ്ദുൽ മജീദ് (43), മജീദിന്റെ ഭാര്യ റുഖിയ (39), പാചകത്തൊഴിലാളി സാജിത (45), സുഹറയുടെ മകൻ ഹിഷാം (12), ജിയുപി സ്കൂൾ അധ്യാപിക ഷക്കീന (37) എന്നിവരാണ് ഈ അപകടത്തിൽ മരണപ്പെട്ടത്.  കാഴ്ച പരിമിതിയുള്ള അബ്ദുൽ മജീദിന് സഹായിയായാണ് ഭാര്യ റുഖിയ യാത്രയിൽ ഒപ്പം ചേർന്നത്. പള്ളിപ്പറമ്പ് സ്കൂളിൽ നിന്ന് അടുത്തിടെ സ്ഥലംമാറിപ്പോയ ഷക്കീന, തന്റെ പഴയ സഹപ്രവർത്തകരോടുള്ള ആത്മബന്ധം കാരണമാണ് ഈ യാത്രയിൽ പങ്കുചേർന്നത്.
പൊതുദർശനത്തിന് ശേഷം വിവിധ ഇടങ്ങളിലായി സംസ്കാര ചടങ്ങുകൾ നടക്കും. അബ്ദുൽ മജീദ്, ഭാര്യ റുഖിയ എന്നിവരെ മാട്ടാത്ത് മഹല്ലിലും, റംലത്ത്, സാജിത, ഷക്കീന എന്നിവരെ പാങ്ങ് ജുമാ മസ്ജിദിലും, സുഹറ, മകൻ ഹിഷാം എന്നിവരെ ഈസ്റ്റ് പാങ്ങ് മസ്ജിദിലും ഖബറടക്കും.  അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഡ്രൈവർ മുഹമ്മദ് ഹാഫിസ് (22), സ്കൂൾ ഡ്രൈവർ നൗഷാദ് (39), സാജിതയുടെ മകൻ ഷഹദീൻ (11) എന്നിവർ കോയമ്പത്തൂർ മെഡിക്കൽ കോളേജ് ഐസിയുവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. എന്നാൽ അപകടത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട 11 വയസുകാരി മസ്‌നീനെ പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. മരിച്ച ഷക്കീനയുടെ മകളാണ് മസ്‌നീൻ. മന്ത്രി കെ. കൃഷ്ണൻകുട്ടി ആശുപത്രിയിലെത്തി കുട്ടിയെ സന്ദർശിക്കുകയും ആശ്വാസം പകരുകയും ചെയ്തു. ജില്ലാ മെഡിക്കൽ ഓഫീസറുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ പെരിന്തൽമണ്ണയിൽ കുട്ടിക്ക് ആവശ്യമായ എല്ലാ ചികിത്സാ സൗകര്യങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.